ഞാൻ പ്രണയിക്കുന്ന ഇക്ക ആരാണെന്നെന്നോട് ചോദിച്ചവർക്കുള്ള വിവരണം
ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത
ഒരു കനി.
ആത്മാവിനെ ആനന്ദിപ്പിക്കുന്നതിൽ പ്രധാന പങ്കാളി.
സ്നേഹം, ഇഷ്ടം, പ്രിയം, അനുരാഗം തുടങ്ങി വിവിധ രൂപങ്ങളിൽ പ്രണയം മാറിമറിയുന്നു..
മാതാപിതാക്കൾ, ബന്ധുക്കൾ, കൂട്ടുകാർ, കാമുകി,
സിനിമ-കായിക താരങ്ങൾ,
സംഘടനാ-രാഷ്ട്രീയ നേതാക്കൾ, ആൾദൈവങ്ങൾ., അങ്ങനെ ആ പട്ടിക നീളും.. ഇനി ഇവകളൊന്നും പറ്റാത്ത ആളുകൾക്ക് ഭക്ഷണം, വാഹനം, യാത്ര തുടങ്ങി സ്വന്തം മോഹ-താല്പര്യങ്ങളോടായിരിക്കും. ഇനിയും പോയാൽ സ്വന്തം ശരീരത്തെ പ്രണയിക്കാത്ത ആരും തന്നെ ഉണ്ടാകില്ല. അത് കൊണ്ടാണതിനെ കാത്തുസൂക്ഷിക്കുന്നത്.
ഇനി വിഷയത്തിലേക്ക് വരാം... എനിക്ക് ഇക്കയോടുള്ള പ്രണയം എന്നത് ആത്മാവുകളാൽ കൂട്ടിയിണക്കപ്പെട്ട മാസ്മരിക പ്രണയമാണ്.. അതിന്റെ തുടക്കം അനാദിയിലും ഒടുക്കം അനശ്വരതയിലുമാണ്. നാമാവശേഷമായ കാലങ്ങൾക്ക് അതിൽ യാതൊരു പങ്കുമില്ല. എനിക്ക് ഇക്കയോടുള്ള പ്രണയം വർണ്ണിച്ചെഴുതാൻ ഈ ഭൂമുഖത്തുള്ള മഷികളൊക്കെയും അപര്യാപ്തമാണ്..
കാരണം പ്രപഞ്ച കണികകളെല്ലാം തിരുപ്രകാശത്തിലാണെങ്കിൽ ഇക്ക അതിലെ പൊൻതാരകമാണ്. അതിലോരോന്നിനും ദൈവവുമായി കഥപറയാനുണ്ടെങ്കിൽ എങ്ങനെയാണ് ഞാൻ ഇക്കയെന്ന താരകത്തെ വർണ്ണിച്ചെഴുതാൻ മഷികളെ മാത്രം ആശ്രയിക്കുക? എനിക്കൊരു നൂറായുസ്സ് വരെ കിട്ടിയാലും ആ മഹാസാഗരത്തിൽ നിന്നൊരു തുള്ളി പോലും ചാലിച്ചെഴുതാൻ സാധിക്കില്ല. മരണശേഷം ഈ ശരീരമെന്ന കൂട് വിട്ട് ഞാൻ സ്വതന്ത്രനാവുമ്പോൾ കൂട്ടിനുള്ളത് എന്റെ ഇക്കയാണ്. ഇശ്‌ഖിനാൽ ഇണക്കപ്പെട്ട റൂഹുകൾ തമ്മിൽ ഒരിക്കലും വേർപിരിയുകയില്ല..
സോഷ്യൽ മീഡിയ-സിനിമകളിലൂടെയൊക്കെ സൂഫികളെ പറ്റി കേൾക്കാത്തവർ ഇന്ന് കുറവായിരിക്കും. ദൈവികമായ പ്രണയത്തിൽ വസിക്കുന്ന ഒരു വിഭാഗമാണത്. സ്നേഹം തേടി നാടും വീടും വിട്ടലയുന്നവർ മുതൽ പാവപ്പെട്ടവരെ പിഴിഞ്ഞ് കാശുണ്ടാക്കി അറുമാദിക്കുന്നവർ വരെ ആ കൂട്ടത്തിലുണ്ട്. എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി സമൂഹത്തിന്റെ കൂടെ അവരിലൊരാളായി വസിച്ച് പ്രണയത്തെ ഹൃദയത്തിൽ ഒളിപ്പിച്ചു വെച്ചുകൊണ്ട് ജീവിക്കുന്ന, ഞാൻ സൂഫിയാണെന്ന് അവർ പറഞ്ഞാലല്ലാതെ മറ്റുള്ളവർ അറിയാത്ത, കാട്ടികൂട്ടലുകളും കോലം കെട്ടലുകളുമില്ലാതെ സാധാരണ ജീവിതം നയിക്കുന്ന ഒരു വിഭാഗം സൂഫികൾക്കിടയിലുണ്ട്. സൃഷ്ടിപ്പിന്റെ തുടക്കം മുതൽ ദൈവവുമായി കരാറിലേർപ്പെട്ടവരുടെ തുടർച്ചയിലൂടെവന്ന ഈ കാലത്തുള്ള പരമ്പര.
അവരുടെ ചിന്തയും ഉദ്ദേശ്യവും പ്രവർത്തിയുമെല്ലാം എങ്ങനെയൊക്കെ പ്രണയത്തിന്റെ പരമാനന്ദത്തിൽ ഇപ്പോഴും മരണശേഷവും അതു കഴിഞ്ഞും ആരൂഢമായി വസിക്കാം എന്നുള്ളതാണ്. ചരിത്രാതീത കാലം തൊട്ടേ അവർക്കെപ്പോഴും ഒരു നേതാവുണ്ടാകും. കരുത്തനായ ആ നേതാവിലൂടെയാണ് അവർ കൊതിക്കുന്ന റൂഹുകളുടെ പ്രണയലോകത്തേക്കുള്ള അനുമതി ലഭിക്കുന്നത്.
നമ്മൾ ഇന്ന് കാണുന്ന ഈ ലോകത്തിനു പുറമെ കണ്ണഞ്ചിപ്പിക്കുന്ന വേറെയും ലോകങ്ങൾ കൂടിയുണ്ട്.. ആരെങ്കിലും ഗർഭാശയത്തിലുള്ള കുഞ്ഞിനോട് കരകാണാക്കടലിനെയും കാനനഭംഗിയേയും പറ്റി പറഞ്ഞാൽ അത് വിശ്വസിക്കില്ല, എന്നത് പോലെയാണത്. ചില ഏലിയൻ സിനിമകളിലൊക്കെ കാണുന്ന പോലെ. ആത്മീയമായി അവിടേക്കുള്ള വാതിൽ തുറന്നുകൊടുക്കുന്നതും ദൈവീക കല്പനകൾ അവരെ അറിയിക്കുന്നതും ആ നേതാവിലൂടെയായിരിക്കും. അതൊരു സംഘടനയൊ പ്രമുഖരോ കൂടി തിരഞ്ഞെടുക്കുന്നതല്ല. അവരുടെ സ്നേഹഭാജനമായ ദൈവം തന്നെയാണ് ആ നേതാവിനെ തിരഞ്ഞെടുക്കുന്നത്.
ആ ദൈവീക പ്രതിനിധിയെ അംഗീകരിക്കാൻ കഴിയാത്തവർ അവരുടെ ശത്രുക്കളായി തിരിഞ്ഞു വരികയാണ് പതിവ്. കാലം സാക്ഷി, അത് കൂടെയുള്ളവർ മുതൽ മറ്റു ഇസ്ലാമികസംഘടനയിലുള്ളവർ വരെ. കാരണം പണ്ഡിത-പാമര-പ്രമുഖരൊക്കെ തുല്യരായ ഈ വിശുദ്ധ പ്രണയവഴിയിൽ വന്നിട്ട് പണമുണ്ടാക്കാനും അധികാരം കിട്ടാനും മറ്റു സ്വാർത്ഥതാല്പര്യങ്ങൾ സംരക്ഷിക്കാനുമൊക്കെ നിശ്ചയിച്ച് കൂടെ നിന്ന് കൊണ്ട് വഞ്ചിക്കുമ്പോൾ ദൈവം തന്നെ അവരെ വലിച്ചു പുറത്തിടുകയാണ് പതിവ്. പിന്നെ നന്മയും തിന്മയും തമ്മിലുള്ള യുദ്ധമാണ് കാണുക. എല്ലാവർക്കുമറിയാവുന്നത് പോലെ അന്തിമവിജയം സത്യത്തിനായിരിക്കും. അത് ലൈവായി കാണുന്നവരും കേൾക്കുന്നവരും ഇതൊന്നുമറിയാത്തവരും ആ കൂട്ടത്തിലുണ്ട്. ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാവും എങ്ങനെയാണ് ദൈവവുമായി ഇടപെടുന്നതെന്ന്, അല്ലേ?
"വിശ്വാസിയായ ഒരാൾക്ക് ദൈവത്തെ ദർശിക്കാതെ ഒട്ടും മനസ്സമാധാനമുണ്ടാവുകയില്ല"
എന്ന പ്രവാചകവചനം കേട്ട് ആശ്ചര്യമായി പുസ്തകങ്ങളിൽ മാത്രം വായിച്ചറിഞ്ഞ ദൈവത്തെ നേരിൽ ദർശിക്കുവാനായി തന്റെ 13 ആം വയസ്സിൽ ഇറങ്ങിപ്പുറപ്പെട്ട ഒരു മഹായോഗിയുണ്ട്. സഹ്യാദ്രി പർവ്വതനിരകളിൽ 17 വർഷങ്ങൾ നീണ്ട ആത്മീയ പരിശീലനത്തിലും ഉഗ്രതപസ്സുകളിലുമായി ദൈവീകദർശനത്തിനു വേണ്ടി ആ യുവത്വം സമർപ്പിച്ചു. 1960 കളിലെ ഒരു വർഷം ഒരിറ്റു വെള്ളം പോലുമിറക്കാതെ, ഊണും ഉറക്കവും കൂടാതെ അതീന്ദ്രിയ ബോധാവസ്ഥയിൽ ധ്യാനത്തിലിരുന്ന് ഭൂത-ഭാവി-വർത്തമാന കാലങ്ങളിലും ഉണ്മയിലുണ്ടായ സകല ലോകങ്ങളിലും സാക്ഷിത്വം വരിച്ചു. അവസാനം കാരുണ്യവാനായ ദൈവം ആ മഹായോഗിയെ ഈ കാലഘട്ടത്തിലെ
മനുഷ്യ-ഭൂത വർഗ്ഗത്തിലേക്കുള്ള ദൈവീക പ്രതിനിധിയായി തിരഞ്ഞെടുത്ത് അനുഗ്രഹിച്ചു. ഡോക്ടറേറ്റ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നൽകി ആ മഹാവ്യക്തിത്വത്തെ ലോകജനത ആദരിച്ചു.
Biography of Sulthan Quthubuzzaman 👑
ലോകത്തിലെ ആത്മീയ കേന്ദ്രങ്ങളിലെല്ലാം ആ യുഗപ്രഭാവന് വേണ്ടി കീർത്തനം പാടി. ദൈവത്തിന്റെ നിർദ്ദേശപ്രകാരം എല്ലാ ഭൂഖണ്ഡങ്ങളിലും തന്നെ ഏൽപ്പിക്കപ്പെട്ട ദൗത്യമായ ദൈവീകസന്ദേശം എത്തിച്ചു. അഷ്ടദിക്കുകളും അതിനാൽ പ്രോജ്വലിച്ചു. ദൈവം ഇത്രയേറെ ആദരിച്ച, സഹസ്രാബ്ദങ്ങൾക്കിടയിൽ മാത്രം ജനിക്കുന്ന അപൂർവ്വ വ്യക്തിത്വങ്ങളിലെ അത്യുന്നതനാണ് ആത്മീയ ആചാര്യനായ "ഖുതുബുസ്സമാൻ ഡോ: സൂഫീ മുഹമ്മദ് യൂസുഫ് സുൽത്താൻ ഷാഹ് ഖാദിരി ചിശ്തി". അവിടുത്തെ പ്രിയപുത്രനും എല്ലാ മനുഷ്യർക്കും ദൈവവുമായി കരാറിലേർപ്പെടാൻ സഹായിക്കുന്ന ഖാദിരിയ്യ സൂഫീ സരണിയുടെ സമകാലിക നേതാവുമാണ് 'ഇക്ക' എന്ന് പ്രണയികൾ വിളിക്കുന്ന "സുൽത്താൻ നിസാമുദ്ധീൻ ഷാഹ് ഖാദിരി ചിശ്തി".
മറ്റുള്ള വഴികളെല്ലാം ഒന്നുകിൽ പുസ്തകത്തിൽ രേഖപ്പെടുത്തിയത് അണികളെ അറിയിക്കുന്നു. അല്ലെങ്കിൽ പ്രസംഗകലയിലൂടെ അവരെ പേടിപ്പിക്കുകയോ വിശ്വാസം അടിച്ചേൽപ്പിക്കുകയോ ചെയ്യുന്നു. നമ്മളോട് ഏറ്റവും അടുത്തുള്ളവനാണ് ദൈവം. നമ്മളെയൊക്കെ ഒരുപാടൊരുപാട് സ്നേഹിക്കുന്നവനും.. ആ സ്നേഹം അനുഭവിച്ചറിയലാണ് സൂഫിസത്തിലൂടെ. അപ്പോൾ തിരിച്ചും നമ്മൾ അഗാധമായി ദൈവത്തെ പ്രണയിക്കും. സ്വാഭാവികമായി ദൈവവുമായി ഏറ്റവും അടുത്തവരെയും. ആ പ്രണയമാണ് എനിക്ക് ഇക്കയോട്. വരികളിലൊതുക്കാൻ കഴിയാതെ വർണ്ണനകൾക്കപ്പുറം ഇടനെഞ്ചിൽ കിടന്ന് മിടിക്കുകയാണത്. എൻഹൃദയത്തിന് പോലും അതിന്റെ തോത് അളക്കാൻ സാധിക്കുന്നില്ല. പിന്നെ എങ്ങനെയാണത് ഇതൊന്നുമറിയാത്തവർക്ക് മനസ്സിലാവുക? രാവും പകലും രണ്ടാണെങ്കിലും വരുന്നത് ഒരേ ദിവസം തന്നെയല്ലേ? അതുപോലെയാണ് ഇക്കയെ മനസ്സിലായവരും അല്ലാത്തവരും.