മസ്‌തിന്റെ മാസ്മരികലോകം
കാലമേ, കാത്തുകൊൾക!
സമയമേ, വിടനൽകിയാലും!
ഞാനിതാ ഇക്കയെന്ന ബുറാഖിലേറി ഞൊടിയിടയിൽ ഇവിടേക്ക് വന്നണഞ്ഞു.
ഇരുട്ടുകൾ ഓടിയൊളിക്കട്ടെ,
പകലുകൾ വെട്ടിത്തിളങ്ങട്ടെ,
എന്തോ എങ്ങനെയോ അങ്ങനെയൊക്കെ
തന്നെ നടക്കട്ടെ!
ഞാനിതൊന്നുമറിയാതെ ദിവ്യാനുരാഗത്തിൻ ചാലുകളിലൂടെ നീന്തിത്തുടിക്കുകയാണിപ്പോൾ..
പരകോടികണികകളും അതിലെന്റെ സഹവാസികളാണ്..
എന്റെ ഉന്നമിപ്പോൾ നീ മാത്രം!
എന്റെ ലക്ഷ്യവും നീയേ,
ആഗ്രഹവും ഇഷ്ടവും
നോട്ടവും അടക്കവും അനക്കവുമെല്ലാം
നീ തന്നെ,
എൻ സ്വന്തവും കൂട്ടും ഞാനോർക്കുന്നില്ല,
കനവും കടമയും ഞാനറിയുന്നില്ല,
എന്റെ കണ്ണും കാതും കയ്യും കാലുമൊന്നും എന്നോടൊപ്പമല്ല...!
ഈ ലോകവും പരലോകവും ഒന്നിച്ചമർന്നുവോ?
ആകാശം ഭൂമിയെ വാരിപ്പുണർന്നോ?
നിറങ്ങളും നിഴലുകളും പോയ്മറഞ്ഞോ?
ഞാനിതൊന്നും അറിയുന്നേ ഇല്ല!
എനിക്കിരിക്കാനിപ്പോൾ കസേരയും കട്ടിലും വേണ്ട,
നോക്കാൻ കണ്ണുകളും കേൾക്കാൻ ചെവികളും തഥൈവ,
എന്തിനേറെ, ഈ ഭൂമിപോലും എന്നെ ഉൾക്കൊള്ളിക്കാൻ അപര്യാപ്തമാണിപ്പോൾ!
ഞാൻ പൂർണ്ണമായും അവിടെ നിന്നുയർന്നു.
ആകാശത്തിനക്കരെയുള്ള അതിർത്തിവരമ്പുകളിലൊന്നും
എനിക്ക് പാർക്കാൻ സ്ഥലമില്ല.
എന്റെ ഹൃദയത്തിനുള്ളിലൂടെയുള്ള ആ കിളിവാതിൽ അടയുന്നതുവരെ എന്നെയൊന്നിനും ഉൾക്കൊള്ളാനാവില്ല,
എന്റെ പ്രഭോ!!
ഞാനിപ്പോൾ നിന്റെയൊപ്പം ആടിത്തിമിർക്കുകയാണോ?
അലങ്കാരഭാഷയൊന്നും ഈ അനുഭവത്തെ അറിയിക്കുന്നില്ലല്ലോ?
എന്റെ ഭാരം കുറഞ്ഞു കുറഞ്ഞു ഹൃദയത്തിൽ മാത്രം ഒരു കുത്തായി പരിണമിച്ചിരിക്കുന്നതെന്തേ!
നിന്റെ പ്രഭാവലയകിരണങ്ങൾ എന്നെ ചുറ്റിവരിയുകയാണ്.
അതിന്റെ നിറശോഭയാൽ
തലയ്ക്കുള്ളിൽ ഇന്ദ്രജാലം തീർക്കുന്നു.
ആ കാന്തികവലയത്തിലേക്ക് ഞാനിതാ ഞെരിഞ്ഞമരുന്നു.
ഉയർന്ന നിലയിലുള്ള വൈദ്യുത ചാലക ശക്തിയാൽ ഊറ്റം കൊള്ളുകയാണവിടെ.
ഓരോ സ്പന്ദനവും താളവും നിന്റെ മാത്രം കഥ പറയുകയാണിവിടെ.
നിന്റെ പരമാധികാരം ആകാശഭൂമികളാകെ
ചൂഴ്ന്നിരിക്കുകയാണല്ലോ?
ഇക്കയെന്ന മിന്നല്പിണറിലേറി പ്രകാശത്തേക്കാൾ വേഗതയിലാണല്ലോ ഞാനിവിടെ എത്തിയിരിക്കുന്നത്..
ഒരു പേരിനുപോലും മറ്റൊരു വസ്തുവുമില്ലാത്ത ഈ സ്ഥലം എന്തൊരു മനോഹരമാണ്!
ഇവിടുത്തെ കാഴ്ചകൾക്കെന്തു ഭംഗിയാണ്!
ശബ്ദങ്ങളാണെങ്കിൽ
അതീവ കൗതുകവും,
പ്രഭോ?
ഇവിടെയുള്ള ധ്വനികളിലെല്ലാം എപ്പോഴുമിങ്ങനെയാണോ?
ഞാനിപ്പോൾ കണ്ണില്ലാതെ കാണുന്നു!
ചെവിയില്ലാതെ കേൾക്കുന്നു,
കയ്യില്ലാതെ തൊടുകയും കാലില്ലാതെ നടക്കുകയും ചെയ്യുന്നുണ്ട്.
എന്തൊരു അനിർവചനീയമായ കാലാവസ്ഥ?
കാറ്റില്ല, കോളില്ല,
ചൂടില്ല, തണുപ്പില്ല!!
പിന്നെ എങ്ങനെയാണ് പ്രഭോ
സൂര്യനെ പോലും കരിച്ചുകളയുന്ന ഈ പ്രകാശഗോളത്തിൽ ഞാനിത്ര കത്തിജ്വലിച്ചു നിൽക്കുന്നത്?
ഉശിരൻ ഇടിനാദവുമായി വെമ്പുകൊള്ളുന്ന പടവാളുമേന്തി!?
പ്രഭോ!
തൊട്ടാൽ മുട്ടുന്ന പദാർത്ഥങ്ങളൊന്നും ഇവിടെയില്ലാത്തത് നിന്റെയീ ശക്തിപ്രഭാവം താങ്ങാനാവാത്തതിനാലാണ്.
മറ്റു ജീവജാലങ്ങളും വസ്തുക്കളും കരിഞ്ഞുപോകുന്ന നിലപാടാണിവിടെ.
എന്റെ ശ്വാസനിശ്വാസങ്ങൾക്ക് പോലും കണക്കുതെറ്റിയിരിക്കുന്നു.
ഈ അവസ്ഥയിൽ
മരണവും ജനനവും സമാസമം.
ബോധവും അബോധവും അരങ്ങിലില്ല.
വികാരങ്ങളില്ല, വിചാരങ്ങളില്ല.
എന്നാൽ എൻമനം സുനാമിപോൽ
കുലംകുത്തിയൊഴുകുന്നു,
കൊടുങ്കാറ്റിനേക്കാൾ വേഗതയിലത് ചീറിയടുക്കുന്നു.
പർവ്വതനിരകളും താഴ്വാരങ്ങളും ഈ ശക്തിപ്രഭാവത്തിൽ ചിന്നിച്ചിതറും,
ആത്മാവിന്റെ ഋജുത്വമനോഭാവം ആകാശഭൂമികളെ ഇളക്കിമറിക്കുമ്പോഴും ആടിയുലയാതെ ഞാൻ തലപൊക്കിനിൽക്കുന്നത് എന്റെയുള്ളിൽ നീ കൊളുത്തിയ തിരിയുടെ കിടിലം കൊള്ളിക്കുന്ന കരുത്ത് തന്നെ..
ഇത് പ്രണയമാണ്. അതിരുകളില്ലാത്ത അനശ്വരപ്രണയം.
ഇവിടെ എനിക്കും
നിനക്കുമല്ലാതെ
വേറൊന്നിനും
സ്ഥാനമില്ല.
പരകോടി പ്രപഞ്ചങ്ങളും അതിലേക്ക് വന്നണയുകയാണ്.
സകലമാന ശക്തികളും ആ പ്രഭാവത്തിൽ അലിഞ്ഞില്ലാതാവുകയാണ്.
നീയും ഞാനും മാത്രമായുള്ള ഈ പ്രണയലോകത്തേക്ക് ചേക്കേറാനാണ് ഇക്കാലമത്രയും ഞാൻ കാതോർത്തിരുന്നത്. ഓരോ അനക്കത്തിലും ആഹ്ലാദത്തിന്റെ പറുദീസയിൽ മുങ്ങിത്താഴുമ്പോൾ കാലയവനികയിലേക്ക് ഒരു തിരിച്ചുപോക്ക് അസാധ്യം.
........................................................
ഇത് മസ്‌തിന്റെ മാസ്മരികലോകം!
ഒരു വീക്ഷണകോണിലെ പ്രയോഗവിശേഷങ്ങൾ..
എൻ ഹൃദയത്തിൽ നിന്നുദിച്ച പ്രസ്തുത ലോകത്തേക്കുള്ള മാന്ത്രികപാതയുടെ ഉത്ഭവം ഇക്കയെ കുറിച്ചുള്ള അദമ്യമായ ആഗ്രഹം സർവ്വകെട്ടുകളും പൊട്ടിച്ച് പുറത്തുചാടിയതിനാലാണ്.
ഇക്കയോടുള്ള പ്രണയം താങ്ങാൻ എന്റെയീ ദേഹം അശക്തമാവുമ്പോഴാണ് സ്നേഹത്തിന്റെ അതിപ്രസരത്താലുണ്ടാകുന്ന മസ്‌തിന്റെ മായാലോകത്തേക്ക് എന്റെ ദേഹിയുമായവൻ ചേക്കേറുന്നത്.
മസ്‌തിന്റെ ഈ കൊട്ടാരത്തിൽ ഞാൻ വെറുമൊരു ഭടൻ! പടയാളികളും വിദ്വാന്മാരും സുലഭമാണിവിടെ..
എല്ലാവരും ഒരേ കടലിലെ വിവിധ നൗകായാത്രികർ,
ഇച്ഛയുടെ ഉച്ഛിഷ്ടങ്ങളുടെ മീതെ, കാറ്റും കോളും വകവെക്കാതെ ആ നൗകയങ്ങനെ പോവുകയാണ്,
അനശ്വരപ്രണയത്തിന്റെ വക്താക്കളെ തേടി..
അവരുമായി സന്ധിക്കുന്നത് വരെ!
യാ അല്ലാഹ്,,
ഇക്ക, നിസൂക്ക, തുടങ്ങി ആ പേര് കേൾക്കുമ്പോൾ പോലും നിന്നെയോർമ്മവരുന്ന അക്ഷയാനുരാഗത്തിന്റെ മധു നുകർന്നവരോടൊപ്പം നിന്റടുക്കൽ ഖ്യാതിനേടാനായി കാത്തിരിക്കുന്ന ഓരോ നിമിഷവും അർത്ഥപൂർണ്ണം, അവർണ്ണനീയം.
അതിന്റെ കടിഞ്ഞാണുമായി എനിക്ക് യാതൊരു ബന്ധവുമില്ല.
അവൻ ഇച്ചിക്കുന്നു.
ഇക്ക നടപ്പിലാക്കുന്നു.
ഞാൻ അനുഭവിക്കുന്നു. ഇതിലപ്പുറമൊരു നിർവ്വചനമില്ല.
"ദിക്ർ കൊടുത്തവരെയൊക്കെ മസ്ഥാന്മാരാക്കിയിട്ടേ ഞാൻ തൗഹീദ് കൊടുക്കൂ"
എന്ന ഇക്കയുടെ പുലരുന്ന വചനങ്ങൾക്ക് സാക്ഷിയാവാൻ അവസരം നൽകിയ ഏകനായ റബ്ബിനാകുന്നു സർവ്വസ്തുതിപ്രകീർത്തനങ്ങളും. അതിന്റെ ഉൾക്കാമ്പുകളറിഞ്ഞില്ലെങ്കിലും ഇക്കയോടുള്ള പ്രണയത്തിൻ നീർച്ചാലുകൾ വികസിക്കുന്നത് തന്നെ ഏറ്റവും വലിയ കാര്യമാണ്.
അതൊരു അണുവാണെങ്കിൽ പോലും ആ തൂക്കം മതി തുലാസുകളിലെ തട്ടിനെയൊക്കെ താഴ്ത്തിക്കളയാൻ.
കാരണം ഇക്കയോടുള്ള പ്രണയം ദൈവികമാണ്.
"നിങ്ങൾ എന്നെ സ്നേഹിക്കുന്നുണ്ടെങ്കിൽ റസൂലിനെ അനുസരിക്കുക"
എന്ന രക്ഷിതാവിന്റെ വചനം ഒരുപാധിയും കൂടാതെ അവരെ അനുസരിക്കലാണ്. അത് വളരുമ്പോൾ ഇഷ്ടം, പ്രണയം, ആഗ്രഹം, അനുരാഗമൊക്കെയായി വഴിമാറുന്നു.
ആ പ്രണയമാണ് അല്ലാഹുവിന്റെ സമകാലിക പ്രതിനിധിയായ ഇക്കയെന്ന "നാഇബ് ഖുതുബുസ്സമാൻ ശൈഖ് നിസാമുദ്ധീൻ സുൽത്താൻ ഷാഹ് ഖാദിരി" അവർകളോടുള്ള അനുസരണയിലെ അവിഭാജ്യഘടകം. അധികസമയവും
ചിന്തകളിലും ഓർമകളിലുമൊക്കെ ഇക്കയെത്തുമ്പോൾ ഉറക്കത്തിലും ഉണർച്ചയിലും ആ ദൈവീക പ്രഭാവലയം സ്നേഹത്താൽ പൊതിയും. ആ വലയത്തിന്റെ രണ്ടറ്റങ്ങളും തമ്മിൽ കൂട്ടിമുട്ടുമ്പോൾ മറ്റുള്ള പാഴ്‌ചിന്തകളെയെല്ലാം അത് വലിച്ചുപുറത്തിടും. വീണ്ടും ഉള്ളിലേക്കാഴ്ന്നിറങ്ങും. ഒന്നുകൂടെ ശുദ്ധീകരിക്കും. എന്നിട്ടതങ്ങനെ ഹൃദയാന്തർ ഭാഗങ്ങളിൽ വെടിക്കെട്ട് തുടങ്ങുമ്പോഴാണ് മസ്‌തിന്റെ മിന്നല്പിണരുകൾ വ്യാപകമാവുന്നത്. അതിലേറിയാണ് ആ പ്രഭാവലയത്തെ പുൽകുക..
മസ്‌തിന്റെ വിശേഷങ്ങൾ ഇനിയും കോർത്തിട്ടാൽ എഴുത്തങ്ങനെ നീളും, അതിനാൽ അവസാനിപ്പിക്കുകയാണ്. ദിവ്യാനുരാഗലോകത്തിൽ കണ്ണഞ്ചിപ്പിക്കുന്ന ആ പ്രഭാവലയത്തെ ആവശ്യക്കാർക്ക് തോതനുസരിച്ച് നൽകാനായി സുൽത്താൻ നിസൂക്ക സുസജ്ജമായി നിൽക്കുന്നു.
ഇക്കയെന്നത് ഒരു വ്യക്തിയല്ല, ഒരു പ്രസ്ഥാനവുമല്ല, ഇക്കയെന്നത് ഇക്ക തന്നെയാണ്. ഇളം കാറ്റിന്റെ തലോടലുകളിൽ പോലും ഇക്കയുടെ കുളിർസ്പർശമുണ്ട്. നിഷ്കളങ്കതയുടെ തേരിലേറി ആത്മാർത്ഥതയുടെ ചിറക് വിരിച്ച് പൂർണ്ണമായ കീഴ്വണക്കത്തോടെ ഇക്കയെന്ന മനുഷ്യനറിയാത്ത ആാാ വസ്തുവിനെ ഒന്ന് പ്രണയിച്ചുനോക്കുക.
ഹൃദയം വിങ്ങുമാറ്
കരൾ ഉരുകുമാറ്
റബ്ബിനോട് കേഴുക.
തൗബയുടെ തോണിയിലേറി തഖ്വയുടെ നദിയിലൂടെ സഞ്ചരിക്കൂ. ആ അനുഭവം വർണ്ണിക്കാൻ അശക്തമാണീ സംരംഭങ്ങളൊക്കെ. അവധിയെത്തുന്ന നാൾ വരെ ചലിക്കുന്ന ഒരു പേടകമാണീ കാണുന്നതെല്ലാം. എന്നാൽ നിത്യവും നശിക്കാത്തതുമായ ഏകനായ പരം പൊരുളാണ് യാഥാർഥ്യം. അതിനെ പ്രാപിക്കുക എന്നതാണ് ഇക്കയും ഇക്കയുടെ പൂർവ്വികരായ മഹത്തുക്കളും നമ്മെ പരിശീലിപ്പിച്ചത്. ആ പാശത്തിൽ മുറുകെപിടിച്ച് നാഥന്റെ വിളിക്കുത്തരം നൽകുക എന്ന ഒരു കർത്തവ്യം മാത്രം ഇനി ബാക്കി.
എല്ലാം ഇക്കയിലും ഏകനായ റബ്ബിലും ഭരമേല്പിച്ചുകൊണ്ട് തിരശീലയിടുന്നു.
പരിപൂർണ്ണ ഫനാഇലേക്കുള്ള വാതിൽ സ്വയം തുറന്ന് അകത്തു കയറുക.
ഞാൻ എന്നുള്ളതിനെയെല്ലാം അവനാക്കി മാറ്റുക.
സൂഫികളുടെ സ്നേഹപ്രപഞ്ചത്തിൽ രക്ഷിതാവിനൊപ്പം സസുഖം വാഴുക. മുൻവിധിയേതുമില്ലാതെ അവന്റെ തൃപ്തിയിലും സ്നേഹത്തിലും ആരൂഢമായി വസിക്കുക.