സുൽത്താൻ നിസാമുദ്ധീൻ ഷാഹ് ഖാദിരി എന്ന ഉണ്മയിലെ രഹസ്യം

സർവ്വലോക പരിപാലകനായ അല്ലാഹുവിന്റെ അനുഗ്രഹം ഇത്രയേറെ ആസ്വദിക്കുന്ന ഒരു ജനവിഭാഗം നമ്മുടെ 
നേതാവായ റസൂലുല്ലാഹി (സ) യുടെ ഈ സമുദായമല്ലാതെ മുൻകാലങ്ങളിൽ കഴിഞ്ഞുപോയിട്ടില്ല. അല്ലാഹുവിന്റെ പ്രതിനിധികളായ  പ്രവാചകരുടെ കാലശേഷം അവരുടെ പിൻഗാമികളെ ഈ സമുദായത്തിലേക്ക്  തുടരെത്തുടരെ അല്ലാഹു അയച്ചുകൊണ്ടിരുന്നു. റസൂലുല്ലാഹി (സ) നാട്ടിയ തൗഹീദിന്റെ കൊടി  കാലാന്തരങ്ങളിലൂടെ കരുത്തൊട്ടും കുറയാതെ തന്നെ ആധുനിക സാങ്കേതിക വിദ്യയുടെ ഈ അതിപ്രസര കാലത്തിലും നമ്മുടെ പ്രിയഗുരുവര്യരായ സുൽത്താൻ  ഖുതുബുസ്സമാൻ  (റ) വിലൂടെ നിസാമുദ്ധീൻ സുൽത്താൻ ഷാഹ് ഖാദിരി അവർകളിൽ എത്തി നമ്മിൽ തിളങ്ങിയാടിക്കൊണ്ടിരിക്കുകയാണ്

Na'eb Quthubuzzaman
Sheikh Nizamudheen Sulthan Shah Qadiri Chishthi

കൊടി നാട്ടിയവരുമായി 1400 കൊല്ലങ്ങളുടെ അകലമുണ്ടെങ്കിലും അത് അനുഭവപ്പെടാത്തതിന് കാരണവും നമ്മൾ അല്ലാഹുവിന്റെ കാരുണ്യ സ്രോതസ്സായ റസൂലുല്ലാഹി (സ) യഥാർത്ഥ അനുയായികൾ ആണെന്നതിന്റെ ഗാംഭീര്യമാണ്. അതിലടങ്ങിയ പൊരുളുകളാണ്. സുൽത്താൻ ഖുതുബുസ്സമാൻ നമുക്ക് കനിഞ്ഞരുളിയ കാരുണ്യ കടാക്ഷമാണ്.  അൽഹംദുലില്ലാഹ്.. 

റസൂലുല്ലാഹി (സ) യുടെ പരിശുദ്ധ കരങ്ങളാൽ ആലമുൽ അർവാഹിൽ അഥവാ ആത്മാക്കളുടെ ലോകത്ത് വെച്ചുള്ള അല്ലാഹുവുമായി കരാറിലേർപ്പെട്ട പുണ്യസ്വഹാബാക്കളിലൂടെ വന്ന പരിശുദ്ധ തൗഹീദിന്റെ പരമ്പര അഹ്ലുബൈത്തിലെ ഇമാമീങ്ങൾക്ക് ശേഷം 
ജുനൈദുൽ ബാഗ്ദാദി (റ), 
ശൈഖ് മുഹ്‌യുദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി (റ) 
സയ്യിദ് ബൂ അലി ഷാഹ് ഖലന്ദർ (റ)
 സയ്യിദ് മുഹമ്മദ് ബാദ്ശാഹ് ഖാദിരി യമനി (റ)

തുടങ്ങിയ പുണ്യാത്മാക്കളിലൂടെ ഇന്ന് 
നാഇബ് ഖുതുബുസ്സമാൻ ശൈഖ് നിസാമുദ്ധീൻ സുൽത്താൻ ഷാഹ് ഖാദിരി എന്ന നമ്മുടെ ഇക്കയിൽ എത്തി നിൽക്കുകയാണ്. 

ഈ തൗഹീദീസിൽസിലയുടെ പ്രത്യേകത എന്തെന്നാൽ ആ കാലഘട്ടത്തെ ഔലിയാക്കളിൽ വെച്ച് അല്ലാഹുവിന്റെയടുക്കൽ ഏറ്റവും ഉയർന്ന പദവിയുള്ളത് ഈ മഹാന്മാർക്കാണ്. അല്ലാഹുവിന്റെ കല്പന തന്നെയാണ് അവരുടെയും. കാമിലായ മുഅമിനീങ്ങളും മുർഷിദും മുറബ്ബിയും ആയിട്ടുള്ള ആ പരിശുദ്ധ വ്യക്തിത്വങ്ങളിലെ പൊൻതാരകമാണ് 
നാഇബ് ഖുതുബുസ്സമാൻ ശൈഖ് നിസാമുദ്ധീൻ സുൽത്താൻ ഷാഹ് ഖാദിരി.
 
മനുഷ്യനറിയാത്ത അല്ലാഹുവിന്റെ സംജ്ഞകളിലെ അത്യുന്നതൻ. ഉണ്മയിലുദിച്ച ലോകങ്ങളിൽ വെച്ചേ റബ്ബിന്റെ സ്നേഹിതരിൽ ബദറുൽ മുനീറായവർ. അല്ലാഹുവിന്റെ അടുക്കൽ അവരുടെ സ്ഥാനം വർണ്ണനാതീതമാണ്. ഉണ്മയിലെ അവന്റെ രഹസ്യമാണ്. 

സർവ്വലോകങ്ങളും കീർത്തനം പാടിയ ലോകത്തിലെ അവസാനഖുതുബായ 
ശൈഖ് യുസുഫ് സുൽത്താൻ ഷാഹ് ഖാദിരി ചിശ്തി (റ) വിന്റെ പ്രിയ പുത്രനും പിൻഗാമിയുമാണ്.  

അല്ലാഹുവിന്റെ പൂർണ്ണതയുടെ പ്രതിരൂപമായ ഖുതുബുസ്സമാൻ മഹാനവർകൾ ഒരിക്കൽ പറയുകയുണ്ടായി 

"മിഅറാജിന്റെ രാത്രിയിൽ അല്ലാഹുവും റസൂലുമായി നടത്തിയ രഹസ്യ സംഭാഷണങ്ങളിൽ ഒരുപാട് കാര്യങ്ങൾ പുറത്തു വരാത്തതായി ഉണ്ട്. അത് ഞങ്ങളെ പോലുള്ളവർ പറഞ്ഞു തന്നാലേ നിങ്ങൾ അറിയുകയുള്ളൂ, തൗഹീദ് അതിലൊരു രഹസ്യമാണ്".

പുറം ലോകമറിയാതെ ചിപ്പിക്കുള്ളിലെ മുത്തുപോലെയാണത് സൂക്ഷിച്ചിരിക്കുന്നത്. പൂർണത പ്രാപിച്ച മനുഷ്യരെല്ലാം ആദ്യമേ അല്ലാഹുവിന്റെ സംജ്ഞകളുടെ ഭാഗമായിരുന്നു. അവർ ഈ ലോകത്ത് മറ്റുള്ളവർക്ക് വെളിച്ചമാവുന്നു. സത്യവിശ്വാസികളുടെ ഹൃദയങ്ങൾ അവരിലൂടെ  പ്രവർത്തനക്ഷമമാവുമ്പോൾ  ദർശനപരമായ തേജസ്വരൂപങ്ങളിലൂടെ ഘട്ടം ഘട്ടമായി ചിലരെ ഉയർത്തുന്നു. അതോടൊപ്പം മറ്റു ചിലരെ താഴ്ത്തുന്നു. സൃഷ്ടികളെ പടച്ചത് തൂവെള്ളവസ്ത്രം പോലെ സംശുദ്ധമായ പ്രകൃതത്തിലാണ്. അതിൽ അവർ ചെയ്യുന്ന പ്രവർത്തനങ്ങൾ നിഴലിച്ചു നിൽക്കുന്നു. അല്ലാഹുവിലേക്കടുപ്പിക്കുന്ന ആ പ്രവർത്തനങ്ങൾ ദിവ്യചൈതന്യങ്ങളായി അതിൽ മുദ്രിതമാവും. അതിനാൽ ഇവ അല്ലാഹുവിന്റെ ഗുണങ്ങൾക്ക് തെളിവായിത്തീരും. അങ്ങനെ സൃഷ്ടികൾ അല്ലാഹുവിനെ അറിയുന്നു. തുടർന്ന് സത്യസാക്ഷാത്കാരം ലഭിക്കുന്നവർ അല്ലാഹുവിനെ പ്രാപിക്കുന്നു. അങ്ങനെ അവർ അവന്റെ ദിവ്യഗുണ സംജ്ഞകളുടെ കണ്ണാടി പോലെയായി മാറുന്നു. തുടർന്ന് അവരിലൂടെ അല്ലാഹുവിന്റെ വ്യത്യസ്ത ഗുണങ്ങൾ വെളിപ്പെടുന്നു. ഇതെല്ലാം ആത്മാക്കളിൽ മുദ്രിതമായതാണ്. 

അത്കൊണ്ടാണ് മലക്കുകളോട് ആദം നബി (അ) ന് സുജൂദ് ചെയ്യാൻ അല്ലാഹു കല്പിച്ചതും.

അല്ലാഹുവിന്റെ ചൈതന്യം സൃഷ്ടികളിലൂടെ നിഴലിക്കുന്നു എന്ന സത്യം യഥാർത്ഥ രൂപത്തിൽ മനസ്സിലാക്കാൻ സാധിക്കാത്തവർ അബദ്ധത്തിൽ ചാടും. അവർക്ക് വിജയിക്കാൻ സാധിക്കുകയില്ല. പുത്തൻവാദികളായും നിരീശ്വരവാദികളായും അവർ മാറും. അതിനാണ് മുറബ്ബിയായ ഒരു ശൈഖിന്റെ ആവശ്യകത. 

റസൂലുല്ലാഹി (സ) പറയുകയുണ്ടായി "നിശാപ്രയാണരാവിൽ എനിക്ക് മൂന്നുതരം ജ്ഞാനങ്ങൾ കിട്ടി. അതിൽ ഒരു തരം ഞാനെടുത്തു മറച്ചുവെച്ചു. ഒരുതരം വേണമെങ്കിൽ പ്രബോധനം ചെയ്താൽ മതിയെന്ന് കല്പന കിട്ടി. ബാക്കിയുള്ള ഒരു തരം പ്രബോധനം ചെയ്യാൻ കല്പനയുണ്ടായി" 

ഇതിൽ ശരീഅത്തിന്റെ ജ്ഞാനമാണ് പ്രബോധനം അനിവാര്യമായത്. പൊരുളുകളുടെ ജ്ഞാനമാണ് വേണമെങ്കിൽ പ്രബോധനം ചെയ്യാമെന്ന ഐച്ഛികാവസ്ഥയിലുള്ളത്. ദൈവിക രഹസ്യങ്ങളാണ് മറച്ചു വെക്കേണ്ട തരത്തിലുള്ളത്. ഈ മൂന്നുതരം ജ്ഞാനവും അല്ലാഹു ഖുർആനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പ്രബോധനത്തിന് കല്പനയുള്ളത് ഖുർആന്റെ ബാഹ്യ ആശയങ്ങളും രണ്ടാമത്തേത് ഉൾസാരവുമാണ്. 

ഉദാഹരണം "എന്റെ ദൃഷ്ടാന്തങ്ങൾ ഞാനവർക്ക് ചക്രവാളങ്ങളിലും അവരിൽ തന്നെയും കാണിച്ചുകൊടുക്കും, അതാണ് പരമസത്യമെന്നവർക്ക് ബോധ്യമാവുന്നത് വരെ"
മറ്റൊന്ന്,  "ആകാശഭൂമികളിൽ ഉള്ളതെല്ലാം നിങ്ങൾക്ക്‌ അല്ലാഹു കീഴടക്കിത്തന്നു".

ഖുർആനിലെ ഇതുപോലുള്ള സൂക്തങ്ങളിൽ ഒരു മുഖം ബാഹ്യമായ ശരീഅത്തിന്റെ ജ്ഞാനമാണ്. മറ്റേ മുഖം രഹസ്യജ്ഞാനങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു. ചില ചിഹ്നങ്ങൾ പോലെ. അതറിയാൻ കഴിവുള്ളവർ ഉടനെ അറിയും. അല്ലാത്തവർക്ക് അതൊരിക്കലും  വെളിപ്പെടുകയില്ല. വായനയിലൂടെയും കേൾവിയിലൂടെയുമല്ല, അനുഭവജ്ഞാനമാണ് വിശ്വാസത്തിന് മാറ്റുകൂട്ടുന്നത്.
രഹസ്യജ്ഞാനം അനർഹരിലേക്കെത്തിയാൽ അതയാളുടെ പതനത്തിനു വഴിതെളിക്കും. അതുകൊണ്ടവർക്ക് വെളിപ്പെടുകയില്ല. 

മൂന്നാമത്തെ തരം ജ്ഞാനം വെളിപ്പെടുത്താൻ പറ്റാത്തതാണ്. ഖുർആനിൽ ആണ്ടുപൂണ്ടു കിടക്കുകയാണ്. വളരെ ആഴത്തിൽ ആണത് സൂക്ഷിച്ചിരിക്കുന്നത്. അത് കണ്ടുകിട്ടണമെങ്കിൽ ദിവ്യദർശന പാതയിലൂടെ മുന്നേറണം. ഗുരുവിലൂടെ അല്ലാഹുവിനെ കാണണം. അതിനു ശേഷം ഖുർആൻ സൂക്തങ്ങൾ കേൾക്കുമ്പോൾ ആഴത്തിൽ കുഴിച്ചിട്ട മുത്തുകൾ വെളിപ്പെടും. മറച്ചുവെക്കാൻ റസൂലുല്ലാഹി (സ) യോട് കല്പിച്ച നിക്ഷേപങ്ങൾ സ്വയം പൊന്തിവരും. 

നമ്മുടെ നേതാവ് റസൂലുല്ലാഹി (സ) രഹസ്യജ്ഞാനങ്ങൾ ഏറെയും വെട്ടിത്തുറന്ന് പറയാതെ സൂചനകളിൽ ഒതുക്കി. പുറംതൊലി കളയാതെ ജ്ഞാനത്തിന്റെ ഉൾക്കാമ്പിലേക്ക് അവരെ നയിച്ചു. നേരിട്ട് കനിയിലേക്കിറങ്ങുന്നവയുമുണ്ട്. ആ മധുരം നുകർന്നവർ അതാസ്വദിച്ചു. 

എന്നാൽ ഈസാനബി (അ) യുടെ പ്രബോധനശൈലി നമ്മളിൽ നിന്നും തികച്ചും വ്യത്യസ്തമായി ജ്ഞാനങ്ങളുടെ ഉൾക്കാമ്പിലേക്ക് നേരിട്ടിറങ്ങുകയാണ്. സൂചനയുള്ള വ്യംഗ്യവാക്യങ്ങളിലൂടെയൊന്നും ജ്ഞാനത്തിന്റെ കപ്പലിൽ അവരെ കയറ്റിയിട്ടില്ല. ഈസ നബി (അ) അല്ലാഹുവിന്റെ പൊരുൾ ആണെന്നും എല്ലാവരിലും അവന്റെ പൊരുൾ ഉണ്ടെന്നും അല്ലാഹുവിനെ സ്വന്തത്തിലൂടെ കണ്ടെത്താനും തങ്ങൾക്കുള്ളിലെ ശക്തിയെ തിരിച്ചറിയാനും ഉപദേശിച്ചപ്പോൾ കാര്യം മനസ്സിലാകാതെ അവർ ഈസാ നബി (അ) യിൽ ദിവ്യത്വം ചാർത്തി. നബിയുടെ കാലശേഷം അവർ ഈ ദിവ്യത്വത്തെ ചൊല്ലി തെറ്റിപ്പിരിഞ്ഞു. ദൈവം മനുഷ്യരൂപം പൂണ്ടു ഇറങ്ങിവന്നു, പിന്നെ പരമോന്നതിയിലേക്ക് തിരിച്ചുപോയി. അല്ല ദൈവം തന്നെയാണെന്ന് മറ്റൊരു വിഭാഗം. അതുമല്ല മൂന്നുദൈവങ്ങളിൽ മൂന്നാമനാണ് ഈസ നബി (അ) എന്ന് വേറൊരു വിഭാഗവും വാദിക്കുന്നു. ഇന്നും ആ തർക്കം  തുടർന്നുകൊണ്ടിരിക്കുകയാണ്. 

എന്നാൽ മൂസ നബി (അ) യുടെ പ്രബോധനരീതി ബാഹ്യമായ ശരീഅത്തിൽ ഊന്നിയുള്ള വിജ്ഞാനങ്ങളാണ്. കണിശവും വിട്ടുവീഴ്ച്ചയുമില്ലാത്ത  ശൈലിയിലാണത് ഒരുക്കിയിരുന്നത്. അത്‌ കൊണ്ടാണ് ഈസാ നബി (അ) യുടെ പ്രബോധനരീതി ഇസ്രേയേൽ സമുദായത്തിന് ദഹിക്കാതിരുന്നതും നബിയെ അവരുടെ അന്ധമായ കാഴ്ച്ചപ്പാടിൽ മതവിരുദ്ധനുമാക്കിയത്. എന്നാൽ ഇസ്ലാമിൽ ഈ മൂന്നുശൈലിയും വ്യാപകമാണ്.

രഹസ്യജ്ഞാനം പരസ്യമാക്കുമ്പോൾ നിഷേധത്തിനു വഴിവെക്കുന്നു. എന്നാൽ ദീനിന്റെ പൂർത്തീകരണത്തിലൂടെ ഈ സമുദായത്തിന് അല്ലാഹു അതെല്ലാം വെളിപ്പെടുത്തിക്കൊടുത്തു. 

"ഇന്നു ഞാൻ നിങ്ങൾക്ക്‌ നിങ്ങളുടെ മതം സമ്പൂർണ്ണമാക്കിത്തന്നു. എന്റെ അനുഗ്രഹം നിങ്ങളിൽ പൂർത്തീകരിക്കുകയും ചെയ്തു" ഖുർആൻ. 

മുഹമ്മദ്‌ നബി (സ) യ്ക്ക് അല്ലാതെ മറ്റൊരു പ്രവാചകനും ഇങ്ങനെ ഒരു അറിയിപ്പ് കിട്ടിയിട്ടില്ല. ആ പാരമ്പര്യം ഏറ്റെടുക്കാൻ അനേകം ആത്മജ്ഞാനികൾ എഴുന്നേറ്റുവന്നു. അതുകൊണ്ടാണ് ഈ സമൂഹം അത്യുന്നതമായത്.

Quthubuzzaman Sheikh Yusuf Sulthan Shah Qadiri Chisthi

അന്ത്യപ്രവാചകൻ നിസ്തുലനായി വിളങ്ങുന്നു. പിൻഗാമികളിൾ വരുന്നവർക്ക് നബി (സ) കൊണ്ട് വന്നതിലുപരിയായി ഒന്നും തന്നെ കൊണ്ടുവരാനോ കണ്ടെത്താനോ കഴിഞ്ഞിട്ടില്ല. ഭാവിയിലേക്കുള്ള എല്ലാ ജ്ഞാനശകലങ്ങളും അവിടുന്ന്  വെളിപ്പെടുത്തിക്കൊടുത്തു. വെട്ടിത്തുറന്നു പറയാൻ പറ്റാത്തത് പരമാവധി ധ്വനികളും സൂചനകളും ഉപയോഗിച്ച് ശ്രദ്ധയിൽപ്പെടുത്തി. പൊരുളുകളിൽ ചിലതെല്ലാം തുറന്നുപറഞ്ഞു. ചിലത് അലങ്കാരഭാഷയിൽ പൊതിഞ്ഞും ചമൽക്കാരത്തിന്റെ കുപ്പായമണിയിച്ചും നിയമങ്ങളുടെ കുരുക്കഴിച്ചു കാണിച്ചും  പ്രാർത്ഥനകളിലൂടെയും തുടങ്ങി വ്യത്യസ്ത ശൈലികളിലായി ആദരവായ നബി (സ) നൽകാത്ത അദ്ധ്യാത്മജ്ഞാനങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതിന്റെ ശൈലിയിലെ വ്യാഖ്യാനങ്ങളും പകർപ്പുമാണ് പിന്നീട് വന്ന മുറബ്ബിയായ ശൈഖുമാർ വെട്ടിത്തുറന്നു പറഞ്ഞത്.

അതിലൊരു പൊൻതാരകമായ നമ്മുടെ പ്രിയപ്പെട്ട ഗുരുവര്യർ ഖുതുബുസ്സമാൻ സൂഫി മുഹമ്മദ്‌ യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്തി (റ) ഒരിക്കൽ പറയുകയുണ്ടായി. 

"എന്റെ മുരീദ് ഭൂമിയിൽ കാലെടുത്തു വെച്ചാൽ അത് ഞാനറിയും, അവന്റെ കൂടെ ഞാനുമുണ്ടാകും" 

മറ്റൊരു പുണ്യാത്മാവും നമ്മുടെ തൗഹീദീ സിൽസില മശാഇഖുമായ 
താജുസ്സൂഫിയ്യ 
ശൈഖ് അബൂബക്കറുശ്ശിബ്‌ലി (റ) പറയുന്നു. 

"ഒരു കറുത്ത കട്ടുറുമ്പ് ഇരുളടഞ്ഞ ഒരു രാത്രി ഒരു കറുത്ത പാറക്കുള്ളിലൂടെ നടക്കുന്ന ശബ്ദം പോലും ഞാൻ കേട്ടില്ലെങ്കിൽ, ഞാൻ പറയും ഞാൻ വഞ്ചിതനായിരിക്കുന്നുവെന്ന്"

കാമിലായ സത്യവിശ്വാസികൾ മുറബ്ബിയായ ഔലിയാക്കളായിരിക്കും. റസൂലുല്ലാഹി (സ) പരിശുദ്ധ തൗഹീദ് കൊണ്ട് സ്വഹാബാക്കളെ സംസ്കരിച്ചത് പോലെയാണ് മുറബ്ബിയായ ശൈഖുമാരും  ശിഷ്യന്മാരെ തൗഹീദിനാൽ സംസ്കരിക്കുന്നത്. 

"ഇസ്ലാം മുൻകഴിഞ്ഞുപോയ പാപങ്ങളെയെല്ലാം പൊറുപ്പിക്കുന്നതാണ്

എന്ന തിരുവചനത്തിൽ അടങ്ങിയിരിക്കുന്നു പരിശുദ്ധ തൗഹീദിന്റെ മഹത്വം. ഈ തിരുചര്യ പിന്തുടരുന്നവരാണ് 
യഥാർത്ഥ ദീനുൽ ഇസ്ലാമിന്റെ അവകാശികൾ. അല്ലാഹുവിന്റെ അർഷിലും ലൗഹിലും തിളങ്ങുന്ന നാമത്തിനുടമകളാണ് ആ താവഴിയിലൂടെ വന്ന ഔലിയാക്കൾ. അവരുമായി സഹവസിക്കുന്നവർക്കാണ് ഈമാനിന്റെയും ഇഹ്സാനിന്റെയും മാധുര്യം അനുഭവേദ്യമാകുന്നത്. ഇമാം മഹ്ദി (അ) ലേക്കാണ് അവസാനം ഈ തൗഹീദിന്റെ കൊടി ചെന്നെത്തുക. 

അല്ലാഹു അവരെ അങ്ങേയറ്റം സ്നേഹിക്കുന്നതിനാൽ ആകാശഭൂമികളിലുള്ള വസ്തുക്കളെയൊക്കെ അവർക്ക് കീഴ്പ്പെടുത്തിക്കൊടുക്കും. കറാമത്തുകളിലൂടെയും അല്ലാതെയും അത് പുറംലോകമറിയും. ആരിഫീങ്ങൾ ഭൂമിയിലുള്ള എല്ലാ വസ്തുക്കൾക്കും അനുഗ്രഹമാണ്. അത്പോലെ തന്നെയാണ് പ്രവാചകനായ സുലൈമാൻ നബി (അ) യ്ക്ക്  അല്ലാഹു അവന്റെ ചില സൃഷ്ടികളെ കീഴ്പ്പെടുത്തിക്കൊടുത്തത്. അല്ലാഹുവിന്റെ പ്രതിനിധികളായ യുഗപുരുഷന്മാർക്കും ഈ കഴിവ് ഉണ്ടാകും. പ്രാപഞ്ചിക യന്ത്ര സംവിധാനത്തിന്റെ കൈകാര്യ കർതൃത്താധികാരവും രാവിലും പകലിലും ഉണ്ടാവുന്ന മാറ്റങ്ങളും അവരറിയും. പ്രത്യേകിച്ച് മറ്റു ജീവജാലങ്ങളുടെ ഭാഷയും അവർക്ക് വശമാവും. നമ്മുടെ പ്രിയപ്പെട്ട ഗുരുവര്യർ 
സുൽത്താൻ ഖുതുബുസ്സമാൻ  മഹാനവർകൾ ഉറുമ്പുകളോടും പക്ഷികളോടും മറ്റു ജീവജാലങ്ങളുമായും  ആശയവിനിമയം നടത്തിയതുപോലെ.

അല്ലാഹുവിന്റെ ഗുണങ്ങളും സജ്ഞകളും അവരിൽ മേളിക്കുമ്പോൾ മറ്റു ചൈതന്യങ്ങളും അതിലേക്ക് ചേരുന്നു. ഏകത്വത്തിലെ അനേകത്വം, എന്നാൽ അനേകത്വത്തിലെ ഏകത്വവുമാണ്. ഈ രണ്ടു കാര്യങ്ങളിലാണ് ഗുണങ്ങളെല്ലാം നിറഞ്ഞുനിൽക്കുന്നത്. 

ആദ്യൻ-അന്ത്യൻ, 
പ്രത്യക്ഷൻ-പരോക്ഷൻ, 
ഉണ്മ-ഇല്ലായ്മ എന്നിങ്ങനെ. 

"എന്റെ കാരുണ്യം എന്റെ കോപത്തെ മറികടന്നിരിക്കുന്നു" 

എന്ന് ഖുദ്സിയായ ഹദീസിലൂടെ അല്ലാഹു പറഞ്ഞതിന്റെ വിവക്ഷയും രണ്ട് പരസ്പര വൈരുധ്യങ്ങളുടെ സംഗമത്തിൽ നിന്നാണ്. സയ്യിദുനാ മുഹമ്മദ്‌ നബി (സ) ഒരു പ്രാർത്ഥനയിലൂടെ ഇതിലേക്ക് സൂചന നൽകി 

"നാഥാ, നിന്റെ ശിക്ഷയിൽ നിന്ന് നിന്റെ മാപ്പിൽ ഞാൻ അഭയം പ്രാപിച്ചുകൊള്ളുന്നു. നിന്റെ കോപത്തിൽ നിന്നുഞാൻ നിന്റെ പൊരുത്തത്തിൽ അഭയം തേടുന്നു. നിന്നിൽ നിന്നുഞാൻ നിന്നിൽ തന്നെ അഭയം തേടുന്നു". 

ദുആയുടെ അവസാനത്തിൽ അല്ലാഹുവിന്റെ വ്യത്യസ്ത ഗുണങ്ങളെയെല്ലാം  ഒന്നിലേക്ക് ചേർക്കുന്നു. അറിയുന്തോറും ആശ്ചര്യാധിക്യം ഏറുന്ന ഏകനായ അല്ലാഹുവിനെ മനസ്സിലാക്കാനുള്ള ഏറ്റവും കുറിയ പാതയാണ് അല്ലാഹുവിന്റെ അനുഗ്രഹീത വ്യക്തിത്വങ്ങളിലൂടെ ഇന്ന് നമ്മളിൽ എത്തി നിൽക്കുന്നത്. 

ആദം നബി (അ) മുതൽ വന്ന ആ തൗഹീദിന്റെ 
പരമ്പരയുടെ സമകാലിക 
നായകനും ആലമുൽ അർവാഹിലും അർഷിലും ആകാശഭൂമികളിലും നിസ്തുലനായി 
വിളങ്ങുന്ന എല്ലാ 
ഔലിയ-ആരിഫീങ്ങളുടെയും നേതാവ് 
സുൽത്താനുൽ ഔലിയ 
"ശൈഖ് മുഹ്‌യുദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി" (റ) 
വിന്റെ ദൗത്യം ഇപ്പോൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്ന  
നമ്മുടെയെല്ലാം കൺകുളിർമയായ 
നാഇബ് ഖുതുബുസ്സമാൻ 
ശൈഖ് നിസാമുദ്ധീൻ സുൽത്താൻ ശാഹ് ഖാദിരി
മഹാനവർകളുടെ വലയത്തിലേക്ക്  ചേർന്നുനിൽക്കാതെ അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുന്നതല്ല. വിശ്വാസികളിൽ ദിവ്യദർശനങ്ങളിലൂടെ മഹത്തുക്കളോടൊപ്പവും അല്ലാതെയും നിസാമുദ്ധീൻ സുൽത്താൻ ശാഹ് ഖാദിരി അവർകൾ പ്രത്യക്ഷമാവുന്നു.  അവരെ ആത്മീയമായി സംസ്‌കരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്തിനവരെ പാത്രീഭൂതരാക്കുന്നു. യഥാർത്ഥ ദീനുൽ ഇസ്ലാമിന്റെ ചര്യയായ ഹൃദയശുദ്ധീകരണം തന്നെ തേടിയെത്തുന്നവരുടെ ഹൃദയങ്ങളിലേക്ക് നോക്കി  തർബിയ്യത്തിലൂടെ അവയെ പ്രകാശപൂരിതമാക്കുന്നു. അവരെ ഇരുലോക വിജയികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുന്നു. 
ഇവകളൊക്കെയാണ്  മുറബ്ബിയായ ശൈഖുമാരുടെ കർത്തവ്യം.

സമകാലിക ഔലിയാക്കളിലെ രാജകിളിയായ നിസാമുദ്ധീൻ സുൽത്താൻ ഷാഹ് ഖാദിരി മഹാനവർകൾ അല്ലാഹുവിൽ നിന്നുള്ള  കാരുണ്യവും സ്നേഹവും നൽകി മുരീദുകൾക്ക് കൺകുളിർമ്മയാവുകയാണ്. അതുമൂലം അല്ലാഹുവിനെയവർ അതിരറ്റ് സ്നേഹിക്കുന്നതോടൊപ്പം ഒരു നിമിഷം പോലും മുറിയാതെ സദാസമയം അവനെ പ്രകീർത്തിക്കുകയും ചെയ്യുന്നു. സൂഫികളുടെ സ്നേഹപ്രഞ്ചത്തിൽ നിറശോഭയോടെയവർ  വെട്ടിത്തിളങ്ങുന്നു. യാ അല്ലാഹ്!സുൽത്താൻ നിസാമുദ്ധീൻ ഷാഹ് ഖാദിരി എന്ന നിന്റെ ഉണ്മയിലെ രഹസ്യമായ ആ പുണ്യാത്മാവിനോടൊപ്പം  ദിവ്യസ്നേഹത്തിന്റെ ഈ കപ്പലിൽ നീ ഉദ്ദേശിക്കുന്നവരെയൊക്കെ കയറ്റിയ റബ്ബേ! നിന്നോട് എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല. ആദ്യവും അന്ത്യവും ഏകനായ അല്ലാഹുവിനാകുന്നു സർവ്വസ്തുതിയും.