മരണലോകത്തെ മായാവിസ്മയങ്ങൾ..
മരണമെന്ന നാമം കേൾക്കുമ്പോൾ
മനസ്സിൽ പ്രണയത്താൽ ഊറ്റം കൊള്ളുന്ന ഹൃദയത്തിനുടമകൾ എത്ര സൗഭാഗ്യവാന്മാർ...
സ്വന്തം മരണത്തിന്റെ വർത്തമാനങ്ങൾ കേൾക്കുമ്പോൾ
സന്തോഷപ്പൂമരങ്ങളെ ആനന്ദിപ്പിക്കുന്ന ചിത്രശലഭങ്ങൾ പോൽ മിടിക്കുന്ന ഹൃദയമുള്ളവർ ഡോഡോ പക്ഷികളെ പോലെ വളരെ വിരളം.
ഈ ഭൂമിയിൽ ഞാൻ വെറുമൊരു യാത്രക്കാരൻ,
എന്റെ ലോകം സ്നേഹത്താൽ ശുദ്ധീകരിച്ചെടുത്ത ഒരു കൂട്ടം ആത്മാക്കളുടെ താഴ്‌വര.
മരണമെന്നെ പുൽകാൻ കാതോർത്തിരിക്കുന്നു ഞാൻ, വരണ്ടുണങ്ങിയ പാടങ്ങൾ മഴയെ കാത്തിരിക്കുന്നപോൽ,
ഒന്ന് കിളിർക്കാൻ.
ഈ കൂടുതുറന്നെന്നെ ശാശ്വതമായി പുറത്തുചാടിക്കാൻ മരണമേ, നിനക്ക് മാത്രം സാധ്യം.
കഴിഞ്ഞ രണ്ട് ഇടവേളകളിൽ ഞാൻ മരണത്തിന്റെ മധു നുകർന്നു.
എൻ ശരീരകോശങ്ങളെല്ലാം ആ മധുവിൻ സ്വാദിനാൽ വരിഞ്ഞുമുറുകാൻ തുടങ്ങിയപ്പോൾ എന്റെ പ്രാണനാഥൻ വന്നു, "പേടിക്കണ്ട, എന്റടുത്തേക്കാണ് വരുന്നത്" എന്ന സന്ദേശം അമൃതായി നൽകിയപ്പോൾ ഞെരിഞ്ഞമർന്ന കോശങ്ങളെല്ലാം നോക്കുകുത്തികളായി നിന്നു. ശേഷം കാലിന്റെ പെരുവിരൽ മുതൽ തലവരെ കാന്തികവലയത്താൽ വരിഞ്ഞുമുറുക്കി. അവസാനം ഹൃദയത്തിൽ ഒരു ഭൂകമ്പം തീർത്തുകൊണ്ട് ഞാൻ എന്റെ ദേഹം വിട്ടകന്നു.
ഗർഭപാത്രത്തിൽ നിന്ന് വന്നപോലെ തന്നെ അത്ഭുതപരതന്ത്രനായി ഞാനവിടെ നിൽക്കുമ്പോൾ അതാ വരുന്നു എന്റെ ദേഹിയുടെ പിതാവ്. അവിടുത്തെ ഒരു സ്വാന്തനസ്പർശം എന്റെ സകലവിചാരങ്ങളെയും ഊതിക്കെടുത്തി.
അത്രമേൽ മനോഹരമായ കാഴ്ചകൾ.
നയനവിസ്‌മയം ആസ്വദിക്കുക തദവസരത്തിലാണ്.
ശരീരമില്ലാതെയുള്ള പ്രയോഗങ്ങൾ എന്നെ ഉന്മത്തനാക്കുന്ന നിലപാട്.
ഞൊടിയിടയിൽ മുളച്ചുപൊന്തുന്ന
ചിറകുകൾക്ക് പ്രിയപ്പെട്ടവരുടെ അടുത്തെത്തിക്കാൻ അല്പസമയം മതി. വാനലോകങ്ങളിൽ പീലിവിടർത്തിയാടാനും തഥൈവ.
പദാർത്ഥലോകത്തോട് വിട.. ഞാനിവിടെ അദൃശ്യതരംഗങ്ങളുടെ ആരോഹണത്തിനൊപ്പം റോന്തുചുറ്റുന്നു. പരിണാമങ്ങൾക്കതീതമായി എല്ലാം തന്മയത്വവുമായി കൂടിച്ചേരുന്ന ഇവിടെ ഞാനൊരു യശസ്വി.
സർവ്വചരാചരങ്ങളുടെയും വിഹാരരംഗങ്ങൾക്ക് കടിഞ്ഞാണിടുന്ന ആ സാക്ഷിത്വസാഗരത്തിലെ മരതകമുത്തുകൾ തേടിയുള്ള എന്റെ യാത്ര ഇവിടെ അവസാനിച്ചു.
മരണത്തിനു മുമ്പേ ഞാൻ തുടങ്ങി വെച്ച ആ അലച്ചിൽ ചെന്നെത്തിയത് എന്റെ ഗുരുസവിധത്തിലാണ്.
അവിടുത്തെ പരിശുദ്ധകരങ്ങളാൽ അനശ്വരസാക്ഷിയുടെ രേഖകളിൽ ഞാൻ ഒപ്പുവെച്ച സവിശുദ്ധ കരാറിന്റെ പിൻബലത്തിലാണ് ഞാനിപ്പോൾ മരണത്തിന്റെ മാടപ്രാവായത്.
മലീമസമായ ചുറ്റുപാടുകളിൽ നട്ടം തിരിയുന്ന ഈയാം പാറ്റയല്ല ഞാൻ,
ജീവൽഘട്ടങ്ങളിൽ തീക്ഷ്ണതയോടെ പിന്നിലേക്ക് പറക്കുന്ന ഹമ്മിങ് പക്ഷിയാണ്.
ജീവിതവും മരണവും ദിവ്യാനുരാഗത്തിൽ കോർത്തിണക്കാൻ ഞാൻ പഠിച്ചു. വിശ്രുതമായ വിദ്യകളെയൊക്കെ അതിനായി ഞാൻ ഏകോപിപ്പിച്ചു.
അതിനിഗൂഢമാണ് അതിലെ സാരാംശങ്ങൾ. ഒന്നും ഒന്നും കൂട്ടിയാൽ രണ്ടൊന്നെന്നു പറയുന്നപോലെ.
മരണത്തെ ഭയപ്പെടുന്നവർ ജീവിതത്തിൽ പരാജയപ്പെട്ടവർ.
യാഥാർത്ഥലോകത്തേക്കുള്ള കവാടം തുറക്കപ്പെടുക മരണവെപ്രാളത്തോടെയാണ്.
ഓടിയൊളിക്കാനും ഒഴിഞ്ഞുമാറാനും അപ്രാപ്യമായ ഒരേ ഒരു വസ്തു മരണം മാത്രം.
മരണത്തിന്റെ അളവുകോലായി ഉറക്കം മാറുന്നൊരു വേളയുണ്ട്.
പുറംലോകമറിയാതെ, ദേഹവുമറിയാതെ നിദ്രയും മരണവും കല്പനയ്ക്ക് കാതോർത്തിരിക്കുന്ന അവസ്ഥയിൽ
അനുഭവേദ്യമാകുന്ന ചില വിളിയാളങ്ങളെ ഗ്രാഹ്യമാക്കിയാൽ മരണത്തിന്റെ മൂല്യം മനസ്സിലാക്കാവുന്നതാണ്.
ജീവിതസാഹചര്യങ്ങളും പ്രേമനൈരാശ്യങ്ങളും കൂടി ജീവഹത്യയിൽ കൊണ്ടെത്തിക്കുന്ന ഒരുവന് മരണത്തിന്റെ മാധുര്യം അനുഭവപ്പെടില്ല.
ഭൂമിയിലെ ജീവിതത്തിനൊരു ഉപമ കോർത്തിട്ടാൽ, ആകാശത്ത് നിന്ന് വരുന്ന വെള്ളം നിമിത്തം ഭൂമിയില്‍ സസ്യങ്ങള്‍ ഇടകലര്‍ന്ന് വളര്‍ന്നു. താമസിയാതെ അത് കാറ്റുകള്‍ പറത്തിക്കളയുന്ന തുരുമ്പായിത്തീര്‍ന്നു.
ഇത്രേയുള്ളൂ ജീവിതം,
അപ്രതീക്ഷിത അതിഥിയായി മരണമെന്ന പങ്കാളി വരുന്ന വേളയിൽ ഒരു നിമിഷം പോലും മുമ്പോ പിമ്പോ ചലിക്കാൻ അവസരമില്ല. കാറ്റുകൾ പറത്തിക്കളയുന്ന ആ തുരുമ്പുകളെ പോൽ ദേഹിയെയും കൊണ്ടവൻ പായും.
സ്വർഗ്ഗനരകങ്ങളുടെ കണക്കെടുപ്പിന് ഞാനില്ല, എന്നാൽ സ്വർഗ്ഗത്തേക്കാൾ ഉന്നതമായതാണ് മരണശേഷം അനശ്വരസാക്ഷികളുടെ കൂട്ടത്തിലാവുക എന്നുള്ളത്.
എന്നാൽ അനേകത്വത്തിലെ ഏകത്വവും.
അനേകം അവയവങ്ങൾ കൂടി ഒരു ശരീരമെന്ന് പറയുമെങ്കിലും ശരീരത്തിനകത്ത് നോക്കിയാൽ കോടാനുകോടി വസ്തുവകകളാണ്.
അത്യുജ്ജലമായ ഈ സൃഷ്ടിപ്പ് നടത്തിയവൻ ആകാശത്തിനു മുകളിൽ ഇരുന്നുകൊണ്ടല്ല ഭരണം നടത്തുന്നത്. നമ്മുടെ കണ്ഠനാഡിയെക്കാൾ അടുത്തിരുന്നാണ്.
ഒരുവേള അതിനേക്കാൾ സമീപം, ആ ശക്തിപ്രഭാവത്തിൽ ദേഹം അലിഞ്ഞില്ലാതാവുന്ന അവസ്ഥ മരണത്തേക്കാൾ മദോന്മത്തനാക്കുന്നതാണ്. കസ്തൂരിയേക്കാൾ സുഗന്ധവും തേനിനേക്കാൾ മധുരവും.
സർവ്വസുഖങ്ങളെയും അസ്ഥാനത്താക്കുന്ന പ്രതീതി.
ഒരിക്കൽ ആ മൊഹബ്ബത്തേൻ നുകർന്നാൽ സകലത്യാഗങ്ങളും അതിൽ വെന്തുരുകും. വീണ്ടും ആ പരിശുദ്ധപ്രഭാവത്തെ പുൽകാൻ.
അതിന് ഈ ദേഹത്തിന്റെ ആവശ്യകതയില്ല. ദേഹിയെ അറിഞ്ഞാൽ അവനെ കണ്ടെത്തും. അതിനാണ് അസ്സലുള്ളൊരു ആൺകുട്ടിയുടെ ആവശ്യകത.
"എന്റെ ശിഷ്യന്മാരുടെ മരണവേളയിൽ ഞാനെത്തും. അത് കടലിന്റെ അടിത്തട്ടിലാണെങ്കിലും"
എന്ന് ദൃഢമായി പ്രഖ്യാപിക്കാൻ കഴിവുള്ള വേറൊരാൾ ഈ അടുത്ത നൂറ്റാണ്ടുകളിലൊന്നും ജനിച്ചിട്ടില്ല. കൂടെ സഹവസിക്കുന്നവർക്ക് പോലും കാലവിപത്തുകളുടെ പ്രതിസന്ധികളൊന്നും ഏൽക്കാത്തവിധം സംരക്ഷിക്കുന്ന ആൺകുട്ടിയാണ് എന്റെ ദേഹിയുടെ പിതാവ്
കാലത്തിന്റെ അച്ചുതണ്ടായ ആത്മീയ ആചാര്യൻ
"സൂഫി മുഹമ്മദ് യൂസുഫ് സുൽത്താൻ ഷാഹ് ഖാദിരി".
സിംഹത്തേക്കാൾ ഗാംഭീര്യവും മയിലിനേക്കാൾ അഴകുമുള്ള ആ യുഗപ്രഭാവന്റെ കുട്ടിയും കരുകരുത്തനായൊരു ആൺകുട്ടിയാണ്.
രാജാവിന്റെ മകനും രാജാവ് തന്നെ!
ഞാനുൾപ്പെടെയുള്ള അവിടുത്തെ പ്രജകൾ മരണത്തെയോ കാലത്തിന്റെ വിപത്തുകളെയോ അശ്ശേഷം ഭയക്കാത്തവരാണ്.
കാരണം ഇതിന്റെയെല്ലാം വിധിനിർണ്ണയങ്ങൾ നടത്തുന്ന പരംപൊരുളിന്റെ ദിവ്യശക്തി വേരോടുന്നത് "സുൽത്താൻ നിസാമുദ്ധീൻ ഷാഹ് ഖാദിരി" എന്ന എന്റെ പ്രാണനാഥനായ ഗുരുവിന്റെ ഈ കുട്ടിയിലാണ്.
പിന്നെ എങ്ങനെയാണ് ഞാൻ ജീവിതത്തെയും മരണത്തെയും തത്തുല്യത്രാസുകളിൽ തൂക്കാതിരിക്കുക?
എന്റെ ഓരോ സ്പന്ദനവും അവിടുത്തെ കാവൽ മേഘത്തിൽ നിന്നുള്ള പേമാരിയാണ്. ഓരോ നിമിഷവും പ്രണയത്തിന്റെ അഗ്നിജ്വാലകളാണ് ഞാനതിൽ നീരാവിയാക്കി ഉയർത്തുന്നത്.
മരണമെന്ന കാമുകിയെ ഞാൻ കൊതിക്കുന്നുമില്ല പേടിക്കുന്നുമില്ല. എന്നാൽ വേലിയേറ്റങ്ങളുടെ താളത്തിനനുസരിച്ച് ഒന്ന് നീന്തുക മാത്രമാണ് ചെയ്തിട്ടുള്ളത്. മരണശേഷം പോകാനുള്ള ആ സാഗരത്തിലേക്കു തന്നെ. കോടികൾ കൊടുത്താൽ പോലും വിലമതിക്കാനാവാത്ത നിഗൂഢമായ ഒരു നിധി എനിക്ക് സമ്മാനിച്ച എന്റെ പ്രിയഗുരുവുമായി സംഗമിക്കുന്നത് വരെ ഞാൻ അവിടുത്തെ പ്രിയപുത്രന്റെ കാവൽ പാതയിലൂടെ അലയടിച്ചുകൊണ്ടിരിക്കും. ഏത് പ്രതിസന്ധിയെയും പ്രണയാഗ്നിയാൽ കരിച്ചശേഷം. ലോകങ്ങളുടെ മാറ്റക്രമത്തിനനുസരിച്ച് അതിർവരമ്പുകൾ അന്വേഷിക്കാതെയുള്ള ആ യാത്രയ്ക്ക് അവസരം നൽകിയ പ്രപഞ്ചനാഥനാകുന്നു സർവ്വസ്തുതികളും.