ആഖിറുസ്സമാന്റെ രക്ഷ : അഹ്‌ലുബൈത്തിന്റെ നൂഹീ നൗക.
സൃഷ്ടാവായ അല്ലാഹുവിൽ നിന്നും സൃഷ്ടികൾക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണ് പ്രവാചകന്മാരുടെയും അവരുടെ പ്രതിനിധികളുടെയും നിയോഗം. സംശുദ്ധരായ പ്രവാചകശ്രേണിയിലെ ആദ്യത്തെ റസൂലാണ് 'സയ്യിദുനാ നൂഹ് [അ]'. ആദം നബി (അ) ന്റെ പത്താമത്തെ പുത്രൻ. ലോകചരിത്രത്തിലെ തന്നെ ത്രസിപ്പിക്കുന്ന സംഭവവികാസങ്ങളാണ് മഹാനവർകളുടെ കാലഘട്ടം സാക്ഷ്യം വഹിച്ചത്. അതിന്റെ നേർക്കാഴ്ച ഈ അന്ത്യകാലത്തും അരങ്ങേറുന്നത് അത്ഭുതാവഹമാണ്. നേതാവായ റസൂലുല്ലാഹി (സ) യും അവിടുത്തെ 36 ആം പ്രതിനിധി: ആഖിറുസ്സമാനിലെ മുജദ്ദിദ്, ഖുതുബുസ്സമാൻ "സൂഫി മുഹമ്മദ് യൂസുഫ് സുൽത്താൻ ഷാഹ് ഖാദിരി ചിശ്ത്തി" (റ) വും പ്രസ്തുത കപ്പലിനെ സംബന്ധിച്ച് വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്.
നൂഹ് നബി (അ) ലൂടെ വന്ന് അന്ത്യനാളുകളിലെ ലോകമുസ്ലിംകളുടെ രക്ഷയ്ക്കെത്തുന്ന പരിശുദ്ധ അഹ്‌ലുബൈത്തിന്റെ കപ്പലിലൂടെയുള്ള ഒരു യാത്രയാണിത്. നിക്ഷ്പക്ഷമായൊഴുകുന്നൊരീ കടലിൽ നിങ്ങളുടെ മുൻവിധികളും സംഘടനാഭാവവും കൂട്ടിക്കൊണ്ട് വരരുത്. കാരുണ്യവാനായ അല്ലാഹുവിൽ നിന്നും ദിവ്യസന്ദേശങ്ങളിറങ്ങുന്ന വിശുദ്ധഹൃദയത്തിനുടമകളാണ് ഈ കപ്പലിനെ നയിക്കുന്ന കപ്പിത്താന്മാർ. മനുഷ്യരെ ഈമാനില്ലാതെ മരിക്കാൻ യത്നിക്കുന്ന ഇബ്‌ലീസിയൻ തിരമാലകളെ ഭേദിച്ചുകൊണ്ടാണിത് മുന്നോട്ട് കുതിക്കുന്നത്. സ്വാതന്ത്ര്യമായൊഴുകുന്ന ഓളങ്ങളിലേക്ക് ചിന്തകളെയെല്ലാം ചേർത്തുവെക്കുക..
ആദം നബി (അ) ന്റെ പുത്രനായ നബിയുല്ലാഹി ഇദ്‌രീസ് (അ) നു ശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടാണ് നൂഹ് നബി (അ) പരിശുദ്ധ തൗഹീദിന്റെ പ്രബോധനദൗത്യവുമായി രംഗത്തിറങ്ങുന്നത്. ബിംബാരാധനയും അരാജകത്വവും കൊടികുത്തി വാഴുന്ന കാലം. അല്ലാഹുവിലേക്കുള്ള ഒരു വഴികാട്ടി ഇല്ലാതിരുന്നതിനാൽ തൗഹീദിൽ നിന്ന് ജനങ്ങളെ വഴിതെറ്റിക്കാൻ ഒരു പഴുത് തേടി നടക്കുന്ന ശപിക്കപ്പെട്ട ഇബ്‌ലീസിന്റെ ദുർബോധനത്താൽ മുൻഗാമികളുടെ പ്രതിമകളുണ്ടാക്കി ചരിത്രത്തിലാദ്യമായി ശിർക്ക് തുടങ്ങിയ ഒരു ജനതയുടെ വഴികേടിനു നടുവിലായിരുന്നു നൂഹ് (അ) അല്ലാഹുവിന്റെ മഹാശക്തിയിൽ ഭരമേല്പിച്ചുകൊണ്ട് പ്രബോധനത്തിന്റെ വാതിൽ തുറന്നിട്ടത്. എന്നാൽ വളരെ തുച്ഛമായ സാധാരണ ജനങ്ങൾ മാത്രമേ നബിയിൽ വിശ്വസിച്ചിരുന്നുള്ളൂ. കൂടാതെ പ്രമാണി-പ്രമുഖരിൽ നിന്ന് ശക്തമായ എതിർപ്പും പരിഹാസവും നിത്യേന അനുഭവിക്കേണ്ടി വന്നു. നൂറ്റാണ്ടുകൾ നീണ്ട മൂന്ന് തലമുറകളുടെ അവഗണനയ്ക്കും ഉപരോധമുറകൾക്കും മഹാനവർകൾ വിധേയരായി.
"എന്റെ പിതാവ് നൂഹ് (അ) ന് അല്ലാഹു റഹ്മത്ത് ചെയ്യട്ടെ, നൂഹ് (അ) തന്റെ ജനതയിൽ നിന്നും അനുഭവിച്ചത് പോലെ ലോക ചരിത്രത്തിൽ ഒരു നബിയും അനുഭവിച്ചിട്ടില്ല" എന്ന റസൂലുല്ലാഹി (സ) യുടെ ഹദീസിൽ നിന്നും മഹാനവർകൾ ദീനിനു വേണ്ടി സഹിച്ച ത്യാഗം മനസ്സിലാക്കാവുന്നതാണ്.
രാവും പകലും രഹസ്യമായും പരസ്യമായും 950 വർഷക്കാലം ജനങ്ങളെ തൗഹീദിലേക്ക് ക്ഷണിച്ചു. തലമുറകൾ മാറുമ്പോഴും എതിർപ്പും അവഗണനയും പീഡനവും കൂടിക്കൂടി വന്നു. മാതാപിതാക്കൾ മക്കളോട് മരണസമയം നൂഹ് (അ) ൽ വിശ്വസിക്കരുതെന്ന് വസിയ്യത് വരെ ചെയ്തു. വിദൂരമായ വഴികേടിലേക്കാണ് ഇബ്‌ലീസ് അവരെ ആഴ്ത്തിയത്. നബിക്കെതിരിൽ സംഘടിച്ച ഒരു വിഭാഗം തൗഹീദിലേക്ക് വരുന്ന ജനങ്ങളെ വഴിപിഴപ്പിക്കാൻ തുടങ്ങി. ഭ്രാന്തനെന്ന് മുദ്രകുത്തി നബിയെ പരിഹാസപാത്രമാക്കി. നബിക്കെതിരായി ജനങ്ങളെ ഇളക്കിവിട്ടു. ഒരുപാട് ക്രൂരകൃത്യങ്ങൾ ആ ജനത നബിയോട് കാണിച്ചു.
"അപ്പോള്‍ അദ്ദേഹത്തിന്‍റെ ജനതയില്‍ നിന്ന് അവിശ്വസിച്ചവരായ പ്രമാണിമാര്‍ പറഞ്ഞു: ഞങ്ങളെപോലെയുള്ള മനുഷ്യനായിട്ട് മാത്രമേ നിന്നെ ഞങ്ങള്‍ കാണുന്നുള്ളൂ. ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും നിസ്സാരന്‍മാരായിട്ടുള്ളവര്‍ പ്രഥമവീക്ഷണത്തില്‍ നിന്നെ പിന്തുടര്‍ന്നതായിട്ട് മാത്രമാണ് ഞങ്ങള്‍ കാണുന്നത്. നിങ്ങള്‍ക്ക് ഞങ്ങളെക്കാള്‍ യാതൊരു ശ്രേഷ്ഠതയും ഞങ്ങള്‍ കാണുന്നുമില്ല. പ്രത്യുത, നിങ്ങള്‍ വ്യാജവാദികളാണെന്ന് ഞങ്ങള്‍ കരുതുന്നു" ( ഹൂദ് : 27)
ഈ കാലഘട്ടത്തിൽ പരിശുദ്ധ തൗഹീദിന്റെ പ്രബോധനത്തിനായി അല്ലാഹു നിയോഗിച്ച റസൂലുല്ലാഹി (സ) യുടെ 37 ആം പ്രതിനിധി "ശൈഖ് നിസാമുദ്ധീൻ സുൽത്താൻ ഷാഹ് ഖാദിരി ചിശ്ത്തി" അവർകളും അല്ലാഹുവിന്റെ അപാരമായ ശക്തിയിൽ ഭരമേല്പിച്ചുകൊണ്ട് ജനങ്ങളെ തൗഹീദിലേക്കും പാരത്രികവിജയത്തിലേക്കും ക്ഷണിക്കുമ്പോൾ മേലുദ്ധരിച്ച വചനം കാലികപ്രസക്തമായി പുലരുകയാണ്.
വളരെ സാധാരണക്കാരായ ജനങ്ങളാണ് ആ മഹാന്റെ കൂടെ ഇന്ന് നിലയുറച്ചിട്ടുള്ളത്. പ്രമുഖരും പ്രമാണിമാരുമടങ്ങിയ കേരളത്തിലെ സമസ്ത, ദക്ഷിണ, മുജാഹിദ്, ജമാഅത് തുടങ്ങി എല്ലാ ഇസ്ലാമിക സംഘടനകളും 'ശൈഖ് നിസാമുദ്ധീൻ സുൽത്താൻ ഷാഹ് ഖാദിരി ചിശ്ത്തി' അവർകൾ അല്ലാഹുവിൽ നിന്നുള്ള സമ്മതപ്രകാരം പരിശുദ്ധ തൗഹീദിന്റെ സത്യസന്ദേശത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുമ്പോൾ അവർ അതിനെ നിസ്സാരവൽക്കരിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു. അവിടുത്തെ മുന്നറിയിപ്പുകളും കല്പനകളും വ്യാജമാണെന്ന് വരുത്തിതീർക്കുന്നു. അവരുടെ അനുയായികളെ മഹാനെതിരിൽ കുപ്രചരണം നടത്താൻ ഉപയോഗിക്കുന്നു. അല്ലാഹുവിന്റെ കല്പനപ്രകാരം തൗഹീദിന്റെ പ്രബോധനം നടത്തുന്ന മഹാനെയും അവിടുത്തെ സ്ഥാപനങ്ങളെയും അടിച്ചമർത്താൻ മറ്റൊരു സംഘം പ്രയത്നിക്കുന്നു. തൗഹീദിലേക്ക് വരുന്ന ജനങ്ങളെ അന്യായമായി തടയുകയും ചെയ്യുന്നു.
പ്രവാചകന്മാർ നെഞ്ചേറ്റിയ ഈ തൗഹീദ്, "എന്റെ ഇടതുകൈയിൽ സൂര്യനെയും വലതുകൈയിൽ ചന്ദ്രനെയും വെച്ചുതന്നാൽ പോലും ഞാൻ ഈ ദൗത്യത്തിൽ നിന്നും പിന്മാറില്ല"
എന്ന് നേതാവായ റസൂലുല്ലാഹി (സ) പ്രഖ്യാപിച്ച ഈ പരിശുദ്ധ കലിമത്തുതൗഹീദിന്റെ പ്രചാരണത്തിന് വേണ്ടി എന്ത് ത്യാഗം സഹിക്കാനും മഹാനവർകൾ തയ്യാറായി. ശത്രുക്കളുടെ വൻസന്നാഹങ്ങൾക്കോ സ്വകുടുംബത്തിൽ നിന്നുയരുന്ന വൈകാരിക ബന്ധങ്ങൾക്കോ അവരെ തോല്പിക്കാനായില്ല. ഏത് ആപൽഘട്ടങ്ങളിലും അഭയമായി എല്ലാം കാണുന്ന റബ്ബ് കൂടെയുണ്ട് എന്ന ദൃഢവിശ്വാസം കൈമുതലായതിനാൽ പരീക്ഷണങ്ങളിൽ പതറാതെ ക്ഷമയുടെ പാലത്തിൽ തന്നെ നൂഹ് നബി (അ) നിന്നു. നൂറ്റാണ്ടുകൾ ഈ അവസ്ഥയിലൂടെ കടന്നുപോയി. എന്നാൽ നിശ്ചിത അവധി എത്തിയപ്പോൾ അല്ലാഹു നബിയെ വഹ്‌യ് അറിയിച്ചു. ഇപ്പോൾ വിശ്വസിച്ചവരിൽ കൂടുതലായി ആരും ഇനി വിശ്വസിക്കില്ല എന്ന്. തന്മൂലം പ്രപഞ്ചത്തെ കിടിലം കൊള്ളിക്കുന്ന പ്രാർത്ഥന നൂഹ് നബി (അ) നടത്തി
"നൂഹ് പ്രാര്‍ഥിച്ചു: "നാഥാ! ഈ സത്യനിഷേധികളിലൊരുത്തനെയും ഈ ഭൂമുഖത്ത് ബാക്കിവെക്കരുതേ!, നീ അവരെ വെറുതെ വിട്ടാല്‍ ഇനിയുമവര്‍ നിന്റെ ദാസന്മാരെ വഴിപിഴപ്പിക്കും. തെമ്മാടികള്‍ക്കും നിഷേധികള്‍ക്കുമല്ലാതെ അവര്‍ ജന്മം നല്‍കുകയുമില്ല" (ഖുർആൻ:71-26,27)
ന്യായമായ ഈ പ്രാർത്ഥന അല്ലാഹു സ്വീകരിച്ചു. അവരെയെല്ലാം ഭൂമിയിൽ നിന്നും ആകാശത്തുനിന്നും വെള്ളമിറക്കി മുക്കിക്കൊന്നു.
ആഖിറുസ്സമാനിൽ പ്രവാചകരുടെ അതേ പാത പിന്തുടരുന്ന
ജനതയാണ് അല്ലാഹുവുമായുള്ള ആലമുൽ അർവാഹിലെ കരാർ പുതുക്കി റൂഹിനാൽ സദാ ഇബാദത്തിലായി ജീവിക്കുന്നവർ. ലോകാവസാനം വരെ നിലനിൽക്കുന്ന പ്രവാചക പ്രതിനിധികളുടെ തണലിൽ വസിക്കുന്നവർ. ആ പരമ്പരയിലെ സമുന്നതവ്യക്തിത്വവും സത്യവിശ്വാസികളുടെ സമകാലിക നേതാവുമാണ് "ശൈഖ് നിസാമുദ്ധീൻ സുൽത്താൻ ഷാഹ് ഖാദിരി ചിശ്ത്തി". മുഹ്‌യുദ്ധീൻ ശൈഖ് (റ) വിന്റെ 19 ആം പ്രതിനിധി. ഇന്നിന്റെ മുഹമ്മദീയജ്യോതിസ്സ്.
സ്വർഗത്തിന്റെ താക്കോലും നരകത്തിന്റെ പൂട്ടുമായ ആ വിശുദ്ധകലിമ മഹാനവർകൾക്ക് കൈമാറിയ അവിടുത്തെ ആദരണീയ പിതാവും അല്ലാഹുവിനെ നേരിട്ടറിഞ്ഞവരുടെ സുൽത്താനുമായ "ഖുതുബുസ്സമാൻ ശൈഖ് യൂസുഫ് സുൽത്താൻ ഷാഹ് ഖാദിരി ചിശ്ത്തി" (റ) ഈ പ്രസ്ഥാനത്തെ അമർച്ചചെയ്യാൻ ശ്രമിക്കുന്ന കേരളത്തിലെ എല്ലാ വിഭാഗം ഇസ്ലാമിക സംഘടനകൾക്കും നൽകിയ ഒരു മുന്നറിയിപ്പാണ് "നിങ്ങൾ ഇതിൽ നിന്നും വിരമിച്ചില്ലെങ്കിൽ നൂഹ് നബി (അ) യുടെ അവസ്ഥ ഇവിടെ വരും" എന്നുള്ളത്.
മനുഷ്യരുടെ പ്രവർത്തനഫലമായാണ് കൊടിയ പരീക്ഷണങ്ങളും ശിക്ഷകളും അല്ലാഹു ഇറക്കുന്നത്. അവനുമായി അടുത്തവരെ അത് മുൻകൂട്ടി അറിയിച്ചുകൊടുക്കുന്നു. അവൻ ഉദ്ദേശിക്കുന്നവരെ അത് അനുഭവിപ്പിക്കുന്നു.
നൂഹ് നബി (അ) സ്വന്തം മകനെ രക്ഷപ്പെടുത്താൻ അല്ലാഹുവിനോട് അപേക്ഷിച്ചപ്പോഴും അല്ലാഹു നബിയോട് പറഞ്ഞത് അവൻ ശരിയല്ലാത്തത് ചെയ്തവനാണ് എന്നാണ്. അല്ലാഹുവിന്റെയടുക്കൽ അഹ്‌ലുബൈത്ത് എന്നത് പ്രവാചകന്മാരുടെ നേരായ മാർഗ്ഗം പിന്തുടരുന്നവരാണ്. അത് പോലെ റസൂലുല്ലാഹി (സ) കുടുംബം എന്നത് നബി (സ) കല്പിച്ച അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും മഹത്വമേറിയ ഇസ്ലാമിലെ പ്രഥമ ആരാധനാകർമ്മം ആയ കലിമത്തുതൗഹീദ് അതിന്റെ ശർത്തും ഫർളും സുന്നത്തും പാലിച്ചു കൊണ്ട് യഥാവിധി അനുഷ്ഠിക്കുന്നവരാണ്.
അല്ലാതെ
അഹ്‌ലുബൈത്തിന്റെ പേരിൽ ഇന്ന് കേരളത്തിൽ കാണുന്നത് പോലെ ഇസ്ലാം കാര്യങ്ങളിലെ നെടുംതൂണായ തൗഹീദിന്റെ കർമ്മത്തിൽ നിന്നും മുസ്‌ലിം സമുദായത്തെ അകറ്റി അവരുടെ ഈമാനും സമ്പത്തും ചൂഷണം ചെയ്തു ജീവിക്കുന്നവരല്ല.
സയ്യിദുനാ അലി (റ) വിലൂടെ റസൂലുല്ലാഹി (സ) തങ്ങളിലേക്കെത്തുന്ന പരമ്പരയിൽ വന്ന അല്ലാഹുവിന്റെ പ്രതിനിധികളുമായി കലിമത്തുതൗഹീദിൽ ബൈഅത് ചെയ്തവരാണ് യഥാർത്ഥ അഹ്ലുബൈത്തിൽ പെട്ടവർ. മുഹമ്മദീയ നൂറിനെ ആത്മീയമായി അറിഞ്ഞവരും ഇരുകലിമയിൽ റൂഹിനെ ബന്ധിപ്പിച്ചവരുമാണ്.
ഒരു മുസ്ലിമിന്, അത് റസൂലുല്ലാഹി (സ) യുടെ വംശമായ ഖുറൈഷികൾ ആണെങ്കിലും ശരി അവർക്ക് മുഅമിൻ (സത്യവിശ്വാസി) ആകാനുള്ള മാനദണ്ഡം കലിമത്തുതൗഹീദിൽ ബൈഅത് ചെയ്ത് ശരീഅത് പൂർത്തീകരിക്കുക എന്നുള്ളതാണ്. "എല്ലാ സത്യവിശ്വാസികളും അല്ലാഹുവിന്റെ ഔലിയാക്കളാണ്, എല്ലാ സത്യവിശ്വാസികളും എന്റെ കുടുംബവുമാണ്" എന്ന് നേതാവായ റസൂലുല്ലാഹി (സ) ലോകത്തോട് പ്രഖ്യാപിച്ചതാണ്.
അവരെപ്പറ്റിയാണ് അല്ലാഹു ഖുർആനിൽ പറഞ്ഞത് "അല്ലാഹു മുഅമിനീങ്ങളെ തഖ്‌വയുടെ വചനത്തിന്റെ (കലിമത്തുതൗഹീദ്) മേൽ സദാ കർമ്മത്തിലാക്കി. അതിനേറ്റവും അർഹർ അവരാണ്. അതിന്റെ ആളുകളും അവർ തന്നെയാണ് (ഖുർആൻ 48 : 26).
അഹ്‌ലുബൈത്ത് ആകാനുള്ള പ്രസ്തുത കർമ്മത്തിലേക്കാണ് "ശൈഖ് നിസാമുദ്ധീൻ സുൽത്താൻ ഷാഹ് ഖാദിരി ചിശ്ത്തി" മഹാനവർകൾ ക്ഷണിക്കുന്നത്. ശരീരം കൊണ്ടുള്ള ബന്ധത്തേക്കാൾ പവിത്രമാണ് ആത്മീയബന്ധം. ജനനത്തിനു മുമ്പും മരണശേഷവും റൂഹിനെയാണ് അല്ലാഹു നോക്കുന്നത്. അതിനെ പരിശുദ്ധമാക്കാനുള്ള ഏറ്റവും എളുപ്പവഴിയാണ് തൗഹീദിലെ ബൈഅത്തിലൂടെ അല്ലാഹുവുമായുള്ള കരാർ പുതുക്കി സത്യവിശ്വാസിയാവുക എന്നുള്ളത്. അതിനു വേണ്ടിയാണ് പ്രവാചകന്മാരെ അല്ലാഹു നിയോഗിച്ചത്. അവർക്കുശേഷം അവരുടെ പ്രതിനിധികളെയും. അവരെപ്പറ്റിയാണ് റസൂലുല്ലാഹി (സ) പറഞ്ഞത്
"എന്റെ അഹ്‌ലുബൈത്തിനുദാഹരണം നൂഹ് നബി (അ) യുടെ കപ്പൽ പോലെയാണ്. അതിൽ കയറിയവരൊക്കെ രക്ഷപ്പെട്ടു, പിന്തിരിഞ്ഞവരൊക്കെ മുങ്ങിച്ചത്തു".
ഇത് കേവലം ശരീരം കൊണ്ടുള്ള ബന്ധമല്ല. മനുഷ്യരുടെ ഹൃദയങ്ങളിലേക്ക് നോക്കി അവരെ ആത്മീയമായി സംസ്കരിക്കാനും ഹൃദയത്തിൽ അല്ലാഹുവിനും റസൂലിനും സിംഹാസനം ഒരുക്കി തഖ്‌വയുടെയും ദൈവിക സ്നേഹത്തിന്റെയും മാധുര്യം അനുഭവിപ്പിക്കാനും അല്ലാഹുവിൽ നിന്നും സമ്മതം കിട്ടിയ മുറബ്ബിയായ ഒരു ശൈഖിനെ പിന്തുടരുന്ന സമുദായമാണ് റസൂലുല്ലാഹി (സ) യുടെ യഥാർത്ഥ അഹ്‌ലുബൈത്ത്. ഈ കാലഘട്ടത്തിൽ അത് എറണാകുളം ആലുവദേശത്തുള്ള "നാഇബ് ഖുതുബുസ്സമാൻ ശൈഖ് നിസാമുദ്ധീൻ സുൽത്താൻ ഷാഹ് ഖാദിരി" എന്ന മഹോന്നത വ്യക്തിത്വമാണ്. യഥാർത്ഥ ദീനുൽ ഇസ്ലാമിന്റെ അധിപൻ.
ലോകമെമ്പാടും കലിമത്തുതൗഹീദിന്റെ ദിവ്യവെളിച്ചം വിതറിയ ഖുതുബുസ്സമാൻ ഡോ: ശൈഖ് യൂസുഫ് സുൽത്താൻ ഷാഹ് ഖാദിരി (റ) വും പറഞ്ഞിട്ടുണ്ട് "നിസാമുദ്ധീൻ സുൽത്താൻ ഷാഹ് ഖാദിരി തൗഹീദിന്റെ പ്രബോധനത്തിനിറങ്ങിയ ശേഷം നൂഹ് നബി (അ) യുടെ കപ്പലിന്റെ പണി തുടങ്ങിക്കഴിഞ്ഞു, ഇനി കൂടുതൽ താമസമൊന്നും മറ്റുള്ള കാര്യങ്ങൾക്കില്ല".
അതേ, തീർച്ചയായും ഈ ആഖിറുസ്സമാനിലെ ലോകമുസ്ലിംകളുടെ രക്ഷയായ നൂഹ് നബി (അ) കപ്പൽ; അത് നിസാമുദ്ധീൻ സുൽത്താൻ ഷാഹ് ഖാദിരി അവർകളുടെ പുണ്യസവിധമാണ് എന്ന് നേതാവായ റസൂലുല്ലാഹി (സ) യും ഖുതുബുസ്സമാനും വളരെ വ്യക്തമായി സൂചിപ്പിച്ചിരിക്കുന്നു. എന്നാൽ ഈ അഹ്‌ലുബൈത്തിന്റെ മഹത്വം നിസ്സാരവൽക്കരിക്കുന്നവർക്ക് റസൂലുല്ലാഹി (സ) നൽകിയ മുന്നറിയിപ്പ്
ഇബ്നു അബ്ബാസ് (റ) പറയുന്നു.
"ഹജറുൽ അസ്‌വദിന്റെയും മഖാമുഇബ്റാഹീമിന്റെയും ഇടയിൽ ഒരു മനുഷ്യൻ ആയുസ്സാകെ നിലനിന്ന് കൊണ്ട് നമസ്‌കരിക്കുകയും നോമ്പനുഷ്ഠിക്കുകയും ചെയ്തു. പിന്നീടവൻ മരണപ്പെട്ടു. അവൻ എന്റെ അഹ്‌ലുബൈത്തിനോട് ദേഷ്യം വെച്ചവനാണെങ്കിൽ നരകത്തിൽ പ്രവേശിക്കുക തന്നെ ചെയ്യും".
ആരാധനകളുടെ ജീവൻ
നിലകൊള്ളുന്നത്
റസൂലുല്ലാഹി (സ) യുടെ തിരുനൂറുമായുള്ള ആത്മീയ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്. അശ്രദ്ധമായ നമസ്കാരവും ഇബാദത്തുകളും അല്ലാഹു സ്വീകരിക്കുന്നതല്ല.
"അശ്രദ്ധമായി നമസ്കരിക്കുന്നവർക്ക് വയ്ലെന്ന നരകമാണ്"
(ഖുർആൻ 107-5)
ശാസ്ത്രീയ വിപ്ലവം അതിപ്രസരമായി അധാർമ്മികമായ വഴികേടിലേക്ക് നയിക്കുന്ന ഈ കാലത്ത് കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ അറിഞ്ഞും അറിയാതെയും വൻപാപങ്ങൾ ചെയ്ത്‌പോയാൽ തൗബ ചെയ്യാതെയാണ് മരണപ്പെടുന്നതെങ്കിൽ അല്ലാഹുവിന്റെ ശിക്ഷ അവൻ ആസ്വദിപ്പിക്കുന്നതാണ്.
എന്നാൽ തൗഹീദ് സ്വീകരിക്കുക വഴി നമ്മുടെ ആത്മാവ് ഉണരുന്നു. ഹൃദയത്തിന്റെ കണ്ണുകളുടെ മറ നീങ്ങി ഏത് പ്രവർത്തനം ചെയ്യുമ്പോഴും സൂക്ഷ്മതയുടെ കവചം നിയ്യത്തിന്റെ ശുഭവസ്ത്രം അണിയിക്കുന്നു. അതിലൂടെ അല്ലാഹുവിനെയും റസൂലിനെയും ഓർമ്മവരുന്നു. എല്ലാവിധ തെറ്റുകളിൽ നിന്നും ശരിയെ വേർതിരിച്ചു കാണിക്കുന്നു. കലിമത്തു തൗഹീദ് മുൻകഴിഞ്ഞുപോയ പാപങ്ങളെയെല്ലാം പൊറുപ്പിക്കുന്നതാണ്. അതിന്റെ അനുഷ്ടാനരീതിയെ പറ്റി പഠിക്കൽ പ്രായപൂർത്തിയായ ഒരു മുസ്ലിമിന് നിർബന്ധമായ കാര്യമാണ്. അതാണ് "ശൈഖ് നിസാമുദ്ധീൻ സുൽത്താൻ ഷാഹ് ഖാദിരി ചിശ്ത്തി" അവർകൾ സമൂഹത്തിനു നൽകുന്ന സന്ദേശം. അത് വഴി പരലോകവിജയം മഹാനവർകൾ ഉറപ്പു നൽകുന്നു. ഇങ്ങനെ ദൃഢമായി പ്രഖ്യാപിക്കാൻ അല്ലാഹുവിൽ നിന്നും പ്രത്യേക സമ്മതം കിട്ടിയവർക്കല്ലാതെ സാധ്യമല്ല.
പരമ്പരാഗതമായി നിലനിന്നുവന്ന ലോകക്രമത്തെ അല്ലാഹുവിന്റെ അവസാന പ്രതിനിധി സയ്യിദുനാ ഇമാം മഹ്ദി (അ) ന്റെ ആഗമനത്തിനു മുമ്പ് അല്ലാഹു മാറ്റിയിരിക്കുകയാണ്. നീളൻ താടിയും തലപ്പാവും വെള്ള വസ്ത്രവുമണിഞ്ഞ് പുറമെ ഉസ്താദും അകം ഇബ്‌ലീസിന്റെ ദുഷ്‌പ്രവർത്തിയുമായി സമൂഹത്തെ കൊള്ളയടിക്കുന്ന പണ്ഡിതകോലങ്ങളെ കാലം അവജ്ഞയോടെ തള്ളുന്ന ഈ കാലത്ത് അല്ലാഹുവിന്റെ ഹിക്മത് മാനുഷികബുദ്ധിക്ക് അതീതമാണ്.
രൂപങ്ങളിലേക്കല്ല, മനുഷ്യഹൃദയങ്ങളിലേക്കാണ് അല്ലാഹു നോക്കുന്നത്. വേഷവിധാനങ്ങളിലല്ല, ആത്മാവിലാണ് ശുദ്ധി വരുത്തേണ്ടത് എന്ന് നിസാമുദ്ധീൻ സുൽത്താൻ ഷാഹ് ഖാദിരി നിരന്തരം നമ്മെ ഉണർത്തുന്നു.
മുസ്‌ലിം ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഇമാം മഹ്ദി (അ) മും ആധുനിക ശൈലിയെ പിന്തുടർന്ന് തന്നെയാണ് ദീൻ നടത്തുന്നത്. അതിലേക്കുള്ള മുന്നൊരുക്കമാണ് നിസാമുദ്ധീൻ സുൽത്താൻ ഷാഹ് ഖാദിരി അവർകൾ പ്രയോഗവൽക്കരിക്കുന്നത്. അല്ലാഹുവിന്റെയും റസൂലിന്റെയും അലി (റ) ന്റെയും നിർദ്ദേശങ്ങൾക്കനുസരിച്ചാണ് മഹാൻ പ്രവർത്തിക്കുന്നത്. പാരമ്പര്യമായി സംശുദ്ധരായ ഔലിയാക്കളുടെ തറവാട്ടിൽ തന്നെയാണ് മഹാന്റെ ജനനവും. അതിന്റെ വേരുകൾ ചെന്നെത്തുന്നത് മദീനയിലെ അൻസ്വാരിയായ സ്വഹാബിയിലേക്കും. ആ താവഴിയിലൂടെ വന്ന് ആലുവ പെരിയാറിന്റെ തീരത്തുദിച്ച പൊന്നമ്പിളിയാണ് മനുഷ്യജിന്നുവർഗ്ഗത്തിനാകെ അല്ലാഹുവിന്റെ കാരുണ്യപ്രഭ പരത്തിയ മഹാനവർകളുടെ പിതാവ്, പ്രപഞ്ചത്തിന്റെ ഖുതുബായ "ശൈഖ് യൂസുഫ് സുൽത്താൻ ഷാഹ് ഖാദിരി ചിശ്ത്തി (റ)".
നേതാവായ റസൂലുല്ലാഹി (സ) പ്രവചിച്ച അന്ത്യനാളിന്റെ ചെറിയ അടയാളങ്ങൾ എല്ലാം പുലർന്നുകഴിഞ്ഞു. ഇമാം മഹ്ദി (അ) ഏത് നിമിഷവും കടന്നുവരാം എന്ന സ്ഥിതിയിലെത്തി നിൽക്കുകയാണ് കാര്യങ്ങൾ. അഹ്‌ലുബൈത്തിന്റെ നൂഹ് നബി (അ) യുടെ കപ്പൽ ഇന്നിതാ "നിസാമുദ്ധീൻ സുൽത്താൻ ഷാഹ് ഖാദിരി ചിശ്ത്തി" അവർകളിൽ എത്തിനിൽക്കുന്നു.
സത്യവിശ്വാസികളുൾപ്പെടെ എല്ലാ മുസ്ലിംകളും ആന്തരികവും ബാഹ്യവുമായി ഈമാൻ കൊണ്ട് പരീക്ഷിക്കപ്പെടുന്നതാണ്. "അറിയേണമേ സ്നേഹമില്ലാതെ ഈമാനുണ്ടാവുകയില്ല" എന്ന റസൂലുല്ലാഹി (സ) യുടെ തിരുവചനം വളരെ പ്രസക്തമായ ഈ കാലത്ത് അല്ലാഹുവിന്റെ ഖുദ്റത്തിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കേണ്ടതുണ്ട്. അല്ലാഹുവിന്റെയും നിസാമുദ്ധീൻ സുൽത്താൻ ഷാഹ് ഖാദിരി ചിശ്ത്തി മഹാനവർകളുടെയും കൂടെ അടിയുറച്ചു നിൽക്കുന്നവരെ അല്ലാഹു തന്നെ രക്ഷപ്പെടുത്തുന്നതാണ്. എന്നാൽ അല്ലാഹുവിൽ നിന്നുള്ള പ്രത്യേക പരിഗണന ലഭിച്ചവർക്കല്ലാതെ അഹ്‌ലുബൈത്തിന്റെ ഈ കപ്പലിലേക്കും അതുവഴി മഹ്ദി ഇമാം ആകുന്ന അല്ലാഹുവിന്റെ ഖലീഫയിലേക്കും എത്തിപ്പെടാനാകില്ല.
അമ്പിയാക്കൾ പ്രബോധനം ചെയ്ത അതേ ശൈലിയാണ് നിസാമുദ്ധീൻ സുൽത്താൻ ഷാഹ് ഖാദിരി അവർകളും പിന്തുടരുന്നത്. ഈമാനിലായി, തൗഹീദിലായി പുഞ്ചിരിച്ചു കൊണ്ട് ഈ ലോകത്തുനിന്ന് വിടപറയാനും പരലോകത്ത് വിജയത്തിന്റെ വിജയം സാധ്യമാക്കാനുമുള്ള സൂത്രവാക്യമാണ് അവിടുന്ന് മാനവരാശിക്ക് പകർന്നുനൽകുന്നത്. കരാർ പുതുക്കി പ്രവാചകരെ അറിയുക വഴി സൃഷ്ടാവായ അല്ലാഹുവിനെ അറിയാനും അവിടുത്തെ തൃപ്തി കരസ്ഥമാക്കാനും സാധിക്കുന്നു.
"ആഖിറം തന്നെ കൊതിയുള്ള ലോകരെ അവരെ മുരീദായി കൊള്ളുവിനിപ്പോഴേ"
സർവ്വസ്തുതിയും ഏകനായ അല്ലാഹുവിനാകുന്നു.