ഇക്ക - ഖത്തറിൽ Travelogue : second season
ശാന്തമായ മരുഭൂമിയിലൂടെ ദൂരെ നിന്നും വരുന്ന വെള്ളിനിറമുള്ള കാർ കണ്ടപ്പോഴേ എനിക്ക് മനസ്സിലായി ഇക്കയുടെ ലെക്സസ് ആയിരിക്കുമെന്ന്! ദോഹയിൽ നിന്നും വടക്കോട്ട് നൂറുകിലോമീറ്ററോളം താണ്ടി വേണം ഷമാൽ എന്ന തീരദേശ പട്ടണത്തിലെത്താൻ. 120km വരെ വേഗതയിൽ പറപ്പിക്കാൻ സാധ്യമാവുന്ന എട്ടുവരിപ്പാതയുള്ള ഹൈവേയിൽ കൂടുതൽ വളവുകളൊന്നുമില്ലെങ്കിലും ഇന്റർചെയ്ഞ്ചുകൾ വേഗതയ്ക്ക് ഭംഗം വരുത്താറില്ല.
ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ മാസ്മരികനഗരമായ ദോഹയിലെ കമാനസൗന്ദര്യ കാഴ്ചകളൊക്കെ കടന്ന്
അറേബ്യയുടെ തനതായ പരുക്കൻ ഭൂപ്രദേശത്തേക്ക് വരുമ്പോൾ മറ്റൊരു ലോകത്തെത്തിയ പ്രതീതിയായിരിക്കും. ആ അനുഭൂതിക്ക് പിന്നെയും തിരികൊളുത്തിക്കൊണ്ടായിരിക്കും അൽ അരിഷ് എന്ന അതിഥികളുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള വരവ്.
ഖത്തറിലെ കടൽത്തീരത്തുള്ള തനി ഗ്രാമപ്രദേശം. ഇങ്ങോട്ടേക്കു വികസനത്തിന്റെ വാഹനം എത്തിയില്ലേ എന്നാലോചിക്കുമ്പോൾ കണ്ണുകൾ അതിന്റെ ആവശ്യം ഇല്ല എന്ന് മനസ്സിലാക്കിത്തരുന്നു. മനുഷ്യവാസം ഉള്ളിടത്തല്ലേ വികസനാവശ്യവും ഉളളൂ. ഞാൻ ഒരുപാട് കാത്തിരുന്ന ദിവസം ആണിത്.
സത്യവിശ്വാസികളെ കാണുന്നത് പോലും കൺകുളിർമ്മയുള്ള കാര്യമാണെങ്കിൽ അവരുടെ നേതാവിനെ കാണുമ്പോൾ എന്തായിരിക്കും അവസ്ഥ? ഉള്ളിൽ ആവേശം അങ്കലാപ്പിലാക്കുമ്പോഴും സ്വസ്ഥതയുടെ പാലത്തിൽതന്നെ നിന്നു. അരികിൽ പച്ചയും അകലെ നീലയും വർണ്ണത്താൽ മദിച്ചുകൊണ്ടിരിക്കുന്ന കടലിന്റെ തീരത്ത് എപ്പോഴും ഇളം കാറ്റുവന്ന് തഴുകുന്ന അൽ അരീഷിലെ ഈ റിസോർട്ടിലേക്കാണ് പ്രണയാർദ്രമായി തുടിച്ചുകൊണ്ടിരിക്കുന്ന എൻഹൃദയത്തിന്റെ പ്രേമഭാജനത്തെയും വഹിച്ചുകൊണ്ട് ലെക്സസ് എന്ന രാജകീയവാഹനം ഇളം സ്വർണ്ണനിറമുള്ള മരുഭൂമിയിലെ മണലിലൂടെ അതിലും നിറം കുറഞ്ഞ പൊടികൾ പറത്തിക്കൊണ്ട് വരുന്ന കാഴ്ച്ച റിസോർട്ടിലെ കാരവന്റെ മുകളിൽ കയറിക്കണ്ടപ്പോൾ ആശ്ചര്യപ്പെട്ടു. കൂടെ പരിചയമില്ലാത്ത മറ്റൊരു കാറുമുണ്ട്. വാഹനങ്ങൾ അരികിലെത്തിയപ്പോൾ മുകളിലായിരുന്ന എന്നെ ആദ്യം കണ്ടതും കൂടെയുള്ളവർക്ക് കാട്ടിക്കൊടുത്തതും ഇക്ക തന്നെ ആയിരുന്നു. കടൽത്തീരത്തോട് ചേർന്നുള്ള പ്രവേശനവഴിയിലൂടെ വന്ന ഇരുകാറുകളും പാർക്ക് ചെയ്തു.
സ്വീകരിക്കാനായി അടുത്തേക്ക് വന്ന എന്നെ ഞെട്ടിച്ചുകൊണ്ട് ലെക്സസിൽ നിന്നിറങ്ങിയത് കബീക്ക ആയിരുന്നു. വശ്യമായി പുഞ്ചിരി തൂകുന്ന ആ വദനം കണ്ടപ്പോൾ ഞെട്ടലുമാറിയ ഹൃദയത്തിന് അതിരറ്റ സന്തോഷത്തിന്റെ ശേഷിപ്പുകൾ മാത്രം! പവിത്രമായ ആ കയ്യിൽ പ്രണയപുഷ്പങ്ങൾ അർപ്പിച്ചപ്പോൾ തരംഗങ്ങൾ ഉള്ളിലേക്ക് കയറിപ്പിടഞ്ഞു. അപ്പോഴേക്കും കറുത്ത കാറിൽ നിന്ന് മനംമയക്കുന്ന പുഞ്ചിരിതൂകിക്കൊണ്ട് ഇക്കയും പുറത്തേക്ക് വന്നു. രണ്ട് സുൽത്താന്മാരെയും ഒരുമിച്ചു കിട്ടിയ സന്തോഷത്താൽ ഹൃദയം ഇരട്ടിമധുരം കൊണ്ട് നിറഞ്ഞു.
വിശേഷവർത്തമാനം പറഞ്ഞു കൊണ്ടിരുന്നപ്പോൾ പടിഞ്ഞാറൻ ചക്രവാളത്തിൽ നിന്നും ചെഞ്ചായങ്ങൾ പരത്താതെ സൂര്യൻ അസ്തമിക്കാൻ തയ്യാറെടുക്കുകയായിരുന്നു. പതിവിനു വിപരീതമായി നീലാകാശം മൂടൽമഞ്ഞിന്റെ വരവറിയിച്ചുകൊണ്ട് വെളുത്തിരുന്നു. ആരുവന്നാലും തഴുകിത്തലോടുന്ന കാറ്റിനപ്പോൾ ഇളംതണുപ്പിന്റെ സ്നേഹസ്പർശനം. ശുദ്ധമായ അന്തരീക്ഷത്തിൽ കിളികളുടെ പാട്ടില്ലാതിരുന്നത് ഊഷ്മളമായ കാലാവസ്ഥയെ തെര്യപ്പെടുത്തി. പ്രകൃതിയുടെ പരുക്കൻ സൗന്ദര്യവും സ്വച്ഛതയും കൊണ്ട് അലംകൃതമാണിവിടെ. ശാന്തതയും കുളിർക്കാറ്റും സ്ഥിരസാന്നിധ്യമായതിനാൽ ആഗതരെ വരവേൽക്കാൻ ചൂട് ചായയുടെ കുറവേ ഉണ്ടായിരുന്നുള്ളൂ.
മഞ്ഞുകാലമായിരുന്നതിനാൽ ഇക്കയും കബീക്കയും ജാക്കറ്റ് ധരിച്ചിട്ടുണ്ടായിരുന്നു. കൂടെവന്ന ഖാസിയും സുബൈറും യൂസുക്കയും തുടങ്ങി എല്ലാവരും മഞ്ഞുകാലവേഷവിധാനത്തിലായിരുന്നു. തലമുഴുവൻ മൂടുന്ന തൊപ്പിയും ചെവിയിലൂടെ കാറ്റിനെ കടത്തിവിടാതെയും തുടങ്ങി വൈവിധ്യമായ രീതിയിൽ. ആഗതരെ ചായ കുടിക്കാനായി ഓപ്പൺ മജ്ലിസിലേക്ക് ക്ഷണിച്ചു. അറബികളുടെ പ്രത്യേക ഇനമായ ഇറാനി ചായപ്പൊടി കൊണ്ടുള്ള പാൽ ചായയും കട്ടനും പിന്നെ കാവയും മുമ്പേ തയ്യാറാക്കി വെച്ചിരുന്നു. ഇക്കയ്ക്കും കബീക്കക്കും പ്രത്യേകമായ രീതിയിലാണ് ചായക്കൂട്ട്. തിളച്ച വെള്ളം ചില്ലുഗ്ലാസ്സിലേക്കൊഴിച്ച് ഒരു ടേബിൾ സ്പൂൺ പഞ്ചസാര ചേർത്തശേഷം രണ്ടോ മൂന്നോ പ്രാവശ്യം മാത്രം ലിപ്ടൺ ടീ ബാഗ് ലയിപ്പിക്കുക. എന്നിട്ട് നന്നായി ഒന്ന് ഇളക്കിയാൽ ചായ റെഡി. വളരെ നേരിയ കടുപ്പവും മധുരവും ഒത്തുവന്നാൽ ചായ ഉഷാർ.
കബീക്ക കടൽത്തീരത്തു കൂടി കാഴ്‌ച്ചകൾ ആസ്വദിച്ചു നടക്കുന്നു. ഞാൻ അടുത്തേക്ക് ചെന്ന് കുറച്ചു നേരം സംസാരിച്ചു. ആദ്യമായിട്ടാണ് കബീക്കയെ നേരിൽ കാണുന്നത്. മഹാന്റെ മക്കളെ കാണുമ്പോൾ ഉണ്ടാകുന്ന മനസികാനുഭൂതിയുടെ മധുരം മസ്തിഷ്കത്തിൽ മഞ്ഞായി വീഴുമ്പോഴും പതിഞ്ഞ ശൈലിയിലുള്ള സംസാരവും വിനയത്തിന്റെ ഊഷ്മളഭാവങ്ങളിലൂടെയുള്ള പെരുമാറ്റവും കബീക്ക എന്ന മൂന്നക്ഷരം മനസ്സിന്റെ മാറിൽ മാറ്റൊലി കൂട്ടി. ഭംഗിയായി ലെവൽ ചെയ്ത് മുന്നിലേക്ക് നീട്ടിയ താടിയിൽ മീഡിയം ലെവെലിലുള്ള മീശ ചെന്ന് മുട്ടുന്നു. തലയിൽ സദാ തൊപ്പിയും. വശ്യമായ പുഞ്ചിരിയിൽ ചാലിച്ച വദനവും സാവധാനത്തോടെയുള്ള നടത്തവും നോക്കിയങ്ങനെ നിൽക്കുമ്പോൾ പെട്ടെന്ന് കടലിൽ പോകുവാൻ തീരുമാനമായി.
യമഹയുടെ എൻജിൻ ഘടിപ്പിച്ച ബോട്ടിൽ പെട്രോളും ഓയിലും ഒക്കെ ടാങ്ക് നിറയെ ഒഴിച്ചുവെച്ചിരുന്നു. ഇക്ക കഴിഞ്ഞ തവണ വന്നപ്പോൾ പോയ അതേ ബോട്ട്. കടലിൽ വേലിയേറ്റം ആയിരുന്നതിനാൽ ബോട്ട് തളച്ചിടുന്ന സ്ഥലത്ത് നിന്നും അര കിലോമീറ്റർ അകലെയാണിപ്പോൾ വെള്ളമുള്ളത്. അരമണിക്കൂർ കഴിഞ്ഞേ ഇവിടെവരെ എത്തൂ. കാറ്റിന് വേഗത കുറവായതിനാൽ പിന്നെയും താമസിക്കും. അത്കൊണ്ട് വണ്ടിയിൽ കെട്ടിവലിച്ച് വെള്ളത്തിനു മുകളിൽ കൊണ്ടുവെക്കണം. എൻജിന്റെ പങ്ക അടിയിൽ മുട്ടാത്ത അത്ര ആഴത്തിൽ വെള്ളമെത്തിയാൽ എൻജിൻ താഴ്ത്തി എയർ പമ്പ് ചെയ്ത് കിക്കർ വലിച്ചു സ്റ്റാർട്ട് ആക്കി പതിയെ ആക്സിലറേറ്റർ കൊടുത്താൽ തിരമാലകൾക്ക് മുകളിലൂടെ ആഞ്ഞും ചരിഞ്ഞും ബോട്ട് മുന്നോട്ടു പോകും. എല്ലാവരും ബാലൻസ് ചെയ്തിരുന്ന് കഴിഞ്ഞാൽ വേഗത കൂട്ടും. കാറ്റില്ലാത്ത അവസ്ഥയാണെങ്കിൽ വെള്ളത്തിലൂടെ പറക്കും.
ബോട്ട് കെട്ടിവലിക്കാൻ ഇവിടെയുള്ള നിസ്സാൻ പിക്കപ്പ് കേടായതിനാൽ ആഡംബരവാഹനമായ ലെക്സസ് തന്നെ കടലിലേക്കിറക്കാമെന്ന് വെച്ചു. പക്ഷേ അതിൽ കയർ കുരുക്കാനുള്ള കൊളുത്ത് കാണാനില്ല. ടൂൾ ബോക്സ് തുറക്കാൻ വരെ സ്വിച്ച് ഉള്ള വണ്ടിയായത് കൊണ്ട് കൈശ്രമത്തിൽ കാര്യമില്ല. പരിശോധന കഴിഞ്ഞപ്പോൾ ഇക്ക പറഞ്ഞു എന്നാൽ ജാഫർ വന്നിട്ട് പോകാം എന്ന്. വിളിച്ചപ്പോൾ അവർ ഷമാലിൽ എത്തിയിട്ടേ ഉളളൂ. 20 മിനിട്ടോളം എടുക്കും ഇവിടെയെത്താൻ.
ടൊയോട്ട ഹൈലക്സ് 4×4 എന്ന വണ്ടിയാണ് ജാഫറിന്റെത്.
ഇവിടുത്തെ കടലിന്റെ അടിയിൽ ഉറച്ച കരിമ്പാറകളാണ്. അതിന് മുകളിൽ മൺതിട്ടയും. അതിനാൽ 4×4 അല്ലാത്ത വണ്ടികളുടെ ടയർ താഴ്ന്നുപോകാൻ സാധ്യതയുണ്ട്. കഴിഞ്ഞതവണ വന്നപ്പോൾ അതനുഭവിച്ച് മതിയും കൊതിയും കെട്ടതാണ്. ബോട്ട് വെള്ളത്തിലിട്ടു വരുന്നവഴി പിക്കപ്പിന്റെ ടയർ കടലിൽ താഴ്ന്നുപോയി. പലരും മാറിമാറി വണ്ടിയെടുക്കാൻ നോക്കി. എല്ലാവരും കൂടി തള്ളി മറിച്ചിട്ടും ഒരു രക്ഷയില്ലായിരുന്നു. അവസാനം വേറെ വണ്ടിയിൽ കെട്ടിവലിച്ചു കൊണ്ടുപോയി. മഹാന്റെ മുരീദായ അഹ്മദ് സുഹ്‌രി എന്ന ഈജിപ്‍റ്റുകാരനാണ് അന്നതിന് മുൻകൈ എടുത്തത്. സ്വദേശത്തായത് കൊണ്ട് ഇപ്രാവശ്യം അദ്ദേഹം വന്നില്ല.
മറ്റു മുരീദുമാർ ഖത്തറിന്റെ പല ഭാഗങ്ങളിൽ നിന്നും പുറപ്പെട്ടു കഴിഞ്ഞു. ഇന്ന് അവധിദിവസം അല്ലാത്തതിനാൽ കഴിഞ്ഞ പ്രാവശ്യത്തെ പോലെ ഒരുപാടാളുകളൊന്നും ഉണ്ടാകില്ല. ഇക്കയെ വരവേൽക്കാനായി കടലിപ്പോൾ കോടമഞ്ഞിൽ മൂടിയ വെള്ളനിറമായിക്കഴിഞ്ഞു.
ആകാശത്തിൽ സാധാരണയുള്ള അസ്തമയസൂര്യന്റെ വർണ്ണജാലങ്ങൾ മാഞ്ഞു. മഞ്ഞുകാരണം ദൂരക്കാഴ്ച്ചയുടെ പരിധി കുറഞ്ഞു. ആകെ ഒരു വെള്ളമയം. ഇക്കയും കബീക്കയും ഖാസിയും സുബൈറും കൂടി കടലിൽ കെട്ടിയിട്ടിരിക്കുന്ന ബോട്ടിനടുത്തേക്ക് നടന്നു. ഇക്കായുടെ അനൗദ്യോഗിക ഫോട്ടോഗ്രാഫർ ഖാസി ഫോട്ടോഷൂട്ട് തുടങ്ങി. മണ്ണിൽ ഉറച്ചിരിക്കുകയാണ് ബോട്ട്. ഞാൻ യാത്രയ്ക്ക് വേണ്ട സജ്ജീകരണങ്ങളൊക്കെ എടുത്ത് കൊണ്ട് വന്നു. വലിയ മീനുകളെ പറ്റിച്ചു പിടിക്കാൻ അറ്റത് ചെറിയ പ്ലാസ്റ്റിക് മീൻ ഘടിപ്പിച്ച ചൂണ്ടയും ജിപിഎസും ടോർച്ചും കുടിവെള്ളവും എടുത്തുവെച്ചു. മീനുകളെ പിടിക്കുന്ന വലിയ ഇരുമ്പിൻ കൂട് കടലിൽ മുമ്പേ താഴ്ത്തിയിട്ടുണ്ട്. അതിന്റെ ലൊക്കേഷൻ ജിപിഎസിലും.
ബോട്ട് കെട്ടിയിട്ടിരിക്കുന്ന കയർ അഴിച്ചു. അപ്പോഴേക്കും വിശാലമായ മരുഭൂമിയിലൂടെ ദൂരെ നിന്നും ജാഫറും ടീമും പൊടിപറത്തിക്കൊണ്ട് വരുന്നത് കാണാമായിരുന്നു. ആ വരവിൽ തന്നെ വണ്ടി കടലിലേക്കെടുത്ത് ബോട്ടിനു മുന്നിൽ തന്നെ നിറുത്തി. കയർ കൊളുത്തിയശേഷം ഇക്കയും ഞാനും ബോട്ടിൽ കയറി. ഇക്ക ധരിച്ച കടും പച്ച കലർന്ന ബീജ് നിറത്തിലുള്ള പ്ലെയിൻ ജാക്കറ്റിന് ഇളം ബീജ് നിറത്തിലുള്ള ട്രാക്ക് സ്യൂട്ടും ഇക്കയുടെ ഫുട്ട് വെയർ ബ്രാൻഡ് ആയ ടോമ്മി ഹിൽഫിഗറിന്റെ റെഡ് സ്ലിപ്പറും തമ്മിലുള്ള കോമ്പിനേഷൻ നോക്കിക്കൊണ്ടിരുന്നപ്പോൾ ഇടമുറിയാതെ വീശുന്ന കാറ്റ് വന്ന് പറത്തിക്കൊണ്ടിരിക്കുന്ന ആ മുടിയിഴകൾ ജാക്കറ്റിലെ തൊപ്പികൊണ്ട് മറച്ചുവെച്ചു. മുടികൾക്ക് നീളം കൂടിയിട്ടുണ്ട്. തൊപ്പി ഇല്ലായിരുന്നെങ്കിൽ മുടിയിഴകൾ ആ മുഖത്തെ ചുറ്റി ആവരണം ചെയ്ത് പാറിപ്പറന്നേനെ. അത്രയ്ക്കും വേഗതയുണ്ട് കാറ്റിന്. കഴിഞ്ഞപ്രാവശ്യം ആ കാഴ്ച്ച കണ്ടപ്പോൾ മനസ്സിൽ മഞ്ഞുവീണിരുന്നു.
ചക്രവാളത്തിലിപ്പോൾ സൂര്യൻ മറഞ്ഞു. ഇരുട്ടിന് കട്ടി കൂടിക്കൊണ്ടിരിക്കുന്നു.
എത്ര കണ്ടാലും മതിവരാത്ത ആ പൂമേനിയിലേക്ക് നോക്കിനിൽക്കുമ്പോഴും വെള്ളമെത്തിയോ എന്ന് കൂടി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ബോട്ട് പൊങ്ങിക്കിടക്കുന്ന ലെവെലിലേക്ക് വെള്ളമെത്തിയപ്പോൾ ജാഫറിനോട് പൊയ്ക്കൊള്ളാൻ പറഞ്ഞു. ഇക്കയും കബീക്കയും ഞാനും ഖാസിയുമുൾപ്പടെ നാലു പേരാണ് കടലിൽ പോകാൻ തീരുമാനിച്ചതെങ്കിലും എൻജിന്റെ പങ്ക താഴുന്ന ഇടം വരെ കബീക്കയോടും ഖാസിയുമോടൊപ്പം ബോട്ട് തള്ളിക്കൊണ്ടുവന്ന സുബൈറിനോടും ഇക്ക കയറിക്കോളാൻ പറഞ്ഞു. ഞാൻ ഇക്കയോടൊപ്പം ഹാന്റിലിന്റെ ഇടത് ഭാഗത്ത് ഇരുന്നു. കബീക്കയും ഖാസിയും ബോട്ടിന്റെ മറ്റേ അറ്റത്തെ ഇരിപ്പിടത്തിലും. സുബൈറിനെ ഒത്ത നടുക്കിരുത്തി. എല്ലാവരും ഇരുന്നപ്പോൾ എൻജിൻ വെള്ളത്തിൽ താഴ്ത്തി സ്റ്റാർട്ട് ചെയ്തു. തിരമാലകളെ കീറിമുറിച്ചുകൊണ്ട് ബോട്ട് മുന്നോട്ടുപോയി.
ഇരുട്ടിന് കട്ടികൂടിവരുന്നു. രാത്രിയിൽ വെള്ളത്തിന്റെ ആഴവും പാറകളുടെ സ്ഥാനവും ഒക്കെ നോക്കാൻ ഉപയോഗിക്കുന്ന വിലയേറിയ ഹൈ ബീം ടോർച്ച് എടുത്തിരുന്നു. കബീക്ക അത്കൊണ്ട് കടലിനടിഭാഗം നോക്കുന്നുണ്ടായിരുന്നു. ഞാൻ ഇക്കയുടെ കൂടെ ഇരുന്നുകൊണ്ട് ഓരോ നിമിഷങ്ങളും ആസ്വദിക്കുന്നു. മനസ്സിനെ കോരിത്തരിപ്പിക്കുന്ന അനുഭവങ്ങളുടെ കൂട്ടത്തിൽ ഒന്നുകൂടി. ആഹ്ലാദവും ആത്മസംതൃപ്തിയും എന്നുവേണ്ട വർണ്ണിക്കാനാവാത്ത എന്തോ ഒന്ന് ഇക്കയുടെ കൂടെയുള്ള സന്ദർഭങ്ങളിൽ അനുഭവപ്പെടും. സ്വർഗ്ഗത്തിലെ വ്യത്യസ്തമായ പല ഉന്നതസ്ഥലങ്ങളിൽ ഇക്ക ഇരിക്കുന്നതായി സ്വപ്നം കണ്ടിട്ടുണ്ട്. ശൈഖ് രിഫാഈ (റ) വിന്റെ ഒരു മുരീദ് കണ്ട പോലെ. കാലചക്രം തിരിഞ്ഞു വന്ന് ഇപ്പോൾ സുൽത്താനുൽ ആരിഫീന്റെ കൊടിവാഹകൻ ആയി വാഴുന്ന <സുൽത്താൻ നിസാമുദ്ധീൻ ശാഹ് ഖാദിരി ചിശ്തി> ആ നാമം കേൾക്കുമ്പോൾ ഉണ്ടാവുന്ന മനസ്സിന്റെ മർമ്മരത്തിനുപോലും കഥകൾ പറയാനുണ്ടെങ്കിൽ പുണ്യചരിത്രങ്ങൾ നിറഞ്ഞ അറബ് ദേശത്തെ അറബിക്കടലിലൂടെ ശാന്തമായി പോകുന്ന ഈ ബോട്ടിൽ ഇരുട്ടത്ത് കൂടെ ഇരിക്കുന്നത് അറേബ്യയുടെ രാജകുമാരനായ സയ്യിദുനാ മുഹമ്മദുർറസൂലുല്ലാഹി (സ) യുടെ ഒളിവാണെന്നിരിക്കെ ചരിത്രങ്ങൾ അനുഭവമാകും. ഇരുട്ട് പ്രകാശമാവും, അന്തരീക്ഷം മാറിമറിയും. കഴിഞ്ഞതവണ ഇക്ക വന്നപ്പോൾ പ്രകൃതിയുടെ അമ്പരപ്പിക്കുന്ന അകമ്പടിയോടെ കത്തും വിളക്കായി മക്കത്തുദിച്ച ആ രാജകുമാരൻ ഇവിടെ വന്നിരുന്നു. അതിന്റെ ഭാഗങ്ങൾ ഒന്നാം സീസൺ വിവരണത്തിലുണ്ട്.
ഒരുപാട് പ്രാവശ്യം ഈ കടലിലൂടെ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ കടൽ എന്റെയുള്ളിൽ കിടന്നോടുന്നത് പോലെയാണ് ഇക്കയുടെ കൂടെയുള്ള ഈ സഞ്ചാരത്തിൽ അനുഭവപ്പെടുന്നത്. രാത്രികളിലെ കൂരാകൂരിരുട്ടിൽ ഉൾക്കടലിലെത്തുമ്പോൾ തിരമാലകൾ യക്ഷികളെ പോലെ ആർത്തട്ടഹസിക്കുമെങ്കിലും സദാനിർഭയത്വം നൽകുന്ന നിധി കൈവശമുള്ളതിനാൽ അത് ആസ്വാദനകരമായേ തോന്നൂ.
"എന്റെ മുരീദ് മരണപ്പെടുന്ന സമയത്ത് ഞാനുമുണ്ടാകും, അത് കടലിന്റെ അടിത്തട്ടിലാണെങ്കിലും"
എന്ന ദൃഢതയുള്ള വാക്കുകളാൽ സ്വാന്തനമേകി മുരീദുമാരെ അങ്ങേയറ്റം സ്നേഹിക്കുന്ന പ്രിയഗുരുവര്യർ കൂടെയുള്ളപ്പോൾ ഉൾക്കാടുകളും കടൽച്ചുഴികളും നിസ്സഹായരാവുകയേ ചെയ്യൂ. ആ സ്നേഹം ഇപ്പോഴും അണുവിട കുറയാതെ മുരീദുമാർക്ക് നൽകിക്കൊണ്ടിരിക്കുന്ന അവിടുത്തെ പ്രിയപുത്രന്മാരുടെ കൂടെയുള്ള ഈ യാത്ര അവസാനമില്ലാതെ തുടർന്നെങ്കിൽ.. പോകുന്നത് ബോട്ടിലാണെങ്കിലും യാഥാർഥ്യത്തിന്റെ നിഴലുകളിൽ അനുഭവപ്പെടുന്നത് ആകാശത്തു കൂടി സുവർണതേരിൽ പോകുന്നതു പോലെയാണ്. കാരണം അത്രയ്ക്കും മത്തുപിടിപ്പിക്കുന്നുണ്ട് മനസ്സിനുള്ളിലെ മാന്ത്രികച്ചെപ്പുകൾ. ഒരുപക്ഷെ ഇഹലോകജീവിതം വിട്ടുകടന്നകലുമ്പോൾ മാത്രമാണ് ഇടമുറിയാതെ കിട്ടുന്ന അവിടുത്തെ സാമീപ്യം കരഗതമാവൂ എങ്കിൽ അതിനായി ആശിക്കാത്തതാരുണ്ട്?
കരയിൽ മങ്ങിയ വെളിച്ചം കണ്ടപ്പോഴാണ് മനസ്സിലായത് രാത്രിയായെന്ന്. സുബൈർ ഫ്ലാഷിട്ടു വീഡിയോ എടുക്കുന്നുണ്ട്. കബീക്കയും ഖാസിയും ടോർച്ചിന്റെ വെട്ടത്തിൽ കടലിനലകൾ നോക്കി സംസാരിക്കുന്നു. ഞാൻ ഇക്കാ എന്ന് വിളിച്ച് ബോട്ടിന്റെ ഹാൻഡിൽ നീട്ടി. എന്നോട് തന്നെ ഓടിച്ചോളാൻ പറഞ്ഞു. കഴിഞ്ഞതവണ ഇക്കയാണ് തിരിച്ചുവരുന്നവഴി ബോട്ട് ഓടിച്ചത്. കബീക്ക ഞാൻ ഉദ്ദേശിച്ചതിലും അപ്പുറമായിരുന്നു. നല്ല ഹെല്പിങ് മെന്റാലിറ്റിയാണ്. പരിചയപ്പെടുന്നത് ആദ്യമായിട്ടാണെങ്കിലും പെരുമാറ്റം മുൻപരിചയമുള്ളത് പോലെ. മഹാന്റെ മക്കളിലേക്ക് നമ്മെ ആകർഷിക്കുന്ന ആ വലയം അപ്പോൾ എന്നെ പൊതിഞ്ഞു. മഹാന്റെ നീലക്കണ്ണുകളിൽ ഒളിഞ്ഞിരിക്കുന്ന ദിവ്യപ്രഭയുടെ വെള്ളിവെളിച്ചം പേറുന്ന രണ്ടാളുകൾ. ആശ്ചര്യത്തിൽ പ്രണയം ചാലിച്ച വലയമാണത്.
ചുറ്റും കൂരാകൂരിരുട്ടാണ്. ഖാസി ടോർച്ചടിച്ചുകൊണ്ട് വീഡിയോ എടുക്കുന്നുണ്ട്. രണ്ട് സീസണിലായി ഈ കടൽത്തീരത്തു വസിക്കുന്ന എനിക്ക് സുപരിചിതമായി മാറിയിരുന്നു ഈ കടലും പരിസരവും. രാത്രിയിൽ വളരെ നന്നായി നക്ഷത്രങ്ങൾ തെളിഞ്ഞുകാണും. ചന്ദ്രനില്ലാത്തപ്പോൾ മിൽക്കിവേ ഗാലക്സിയും വിവിധ നക്ഷത്രരാശികളും മറ്റും കാണാം. ഒരു ദിവസം രാത്രി മാനം നോക്കി കിടന്നപ്പോൾ ഉൽക്കാപതനവും കണ്ടിട്ടുണ്ട്. മാനത്തുനിന്നും പ്രകാശത്തിന്റെ വണ്ണം കൂടിയ വലിയ പൈപ്പ് വരുന്ന പോലെ. അന്തരീക്ഷത്തിൽ എത്തിയപ്പോൾ അലിഞ്ഞുപോയി. ഒരിക്കൽ മഹാനോട് ചിത്രങ്ങളിൽ കാണുന്ന ആകാശലോകം കാണിച്ചു തരാനുള്ള എന്റെ ആഗ്രഹം പൂച്ചെണ്ടുകളിലായി അയച്ചപ്പോൾ മിൽക്കിവേ ഗാലക്സിയെ സ്വപ്നത്തിലൂടെ ഭൂമിയിൽ വെച്ചു കാണിച്ചുതന്നു. കൂടാതെ കോടിക്കണക്കിനു നക്ഷത്രങ്ങളും ക്യാറ്റ് ഐ നെബുലയും ചില ഗ്രഹങ്ങളും
സ്റ്റാർ ക്ലസ്റ്ററുകളും മറ്റു വർണ്ണകമനീയമായ സൃഷ്ടിപ്പുകളും ആകാശത്തിന്റെ മറനീക്കി കാണിച്ചുതന്നു. എന്നാൽ ഇവകളെയെല്ലാം വെല്ലുന്ന കാഴ്ച്ചയാണ് പൗർണ്ണമി നാളുകളിൽ കാണാൻ സാധിക്കുന്ന ഇക്കയുടെ പരിശുദ്ധ മുഖം. ആകാശത്തിനു മാറ്റുകൂട്ടി അതങ്ങനെ വെട്ടിത്തിളങ്ങുന്നതായി കാണാറുണ്ട്.
ഒരിക്കൽ ചന്ദ്രനു പകരം പ്രകാശത്താൽ കത്തിജ്വലിക്കുന്ന ആ തിരുമുഖം മാത്രം ആകാശത്തുള്ളതുപോലെ കണ്ടു. ചന്ദ്രനുള്ളിൽ നിറഞ്ഞുനിൽക്കുന്ന സാധാരണ കാണുന്ന മുഖത്തിന് പുറമെ
മീശയില്ലാത്ത മുഖവും ചിലപ്പോൾ കാണാം. പ്രോജ്വലിക്കുന്ന ആ മുഖത്തിന്റെ ഉടമ ഇപ്പോൾ തൊട്ടടുത്ത്! കോടമഞ്ഞു പൊതിഞ്ഞ ഈ രാത്രി നടുക്കടലിൽ. തണുപ്പുണ്ടെങ്കിലും ഉള്ളിൽ എരിയുന്ന ചൂടിൻ സ്പർശനങ്ങളാണ്.
സംസാരത്തിനിടയിൽ ഇക്കയെ ഞാൻ ഇടയ്ക്കിടെ നോക്കും. വീണ്ടും അതേ സ്ഥലത്ത് ഇങ്ങനെ ചേർന്നിരിക്കാൻ അവസരം കിട്ടി. ഇക്കയുടെ ഡ്രസ്സിങ് സെൻസ് അപാരമാണ്. അത് കാണേണ്ടതാണ്. ഒരിക്കൽ ദോഹയിലെ മജ്ലിസിൽ വെച്ച് മേനിയോട് ചേർന്ന് തഴുകിനടക്കുന്ന തുണിയുടെ ഇളം ചോരയുടെ നിറമുള്ള ചുവന്ന ഷർട്ട് ധരിച്ചു കണ്ടത് ഇപ്പോഴും മനസ്സിന്നു പോയിട്ടില്ല. മത്തുപിടിപ്പിച്ച ആ അഴകിൽ ഗന്ധർവ്വൻമാർ പോലും സുല്ലിടും..
അന്തരീക്ഷം പൊതുവെ ശാന്തമാണ്. ഉള്ളിലേക്ക് പോകുന്തോറും തണുപ്പ് കുറഞ്ഞുവരും. കാറ്റിനിപ്പോൾ കോലാഹലമില്ല. ബോട്ടിലെ യമഹ എഞ്ചിൻ വെള്ളത്തിനെ കറക്കുന്ന ശബ്ദവും വെള്ളിനിറമുള്ള ഇടത്തരം മീനുകളുടെ ചാട്ടത്തിന്റെ ശബ്ദവും മാത്രം. മീനുകൾ പരസ്പരം ഹൈ ജമ്പ് കളിക്കുന്നുണ്ട്. ഇക്ക ജിപിഎസിലേക്കും ബോട്ട് പോകുന്ന ദിശയും മാറിമാറി വീക്ഷിക്കുന്നു. ഉള്ളിൽ ഖുബ്ബൂസ് വെച്ചു കെട്ടി പാറകളുടെ ഇടയ്ക്കിട്ടിരിക്കുന്ന ഇരുമ്പിൻ കൂട് ലക്ഷ്യമാക്കിയാണ് യാത്ര. മീനുകൾ ഖുബ്ബൂസ് തിന്നാൽ ഉള്ളിലേക്ക് കയറിയാൽ തിരിച്ചിറങ്ങാൻ പറ്റില്ല. കൂടിനുള്ളിൽ ലോക്കാവും. വലിയ കൂന്തലുകളും കടൽക്കറൂപ്പും ഞണ്ടുമൊക്കെയാണ് കിട്ടുന്നത്. ടേസ്റ്റ് കൂടുതലുള്ള ആൺ ഞണ്ടിനെ മാത്രമേ എടുക്കൂ. ലൊക്കേഷനിലേക്ക് ഇനിയും പോകാനുണ്ട്. അതിനടുത്ത് തന്നെയാണ് ചൂണ്ടയിട്ട് മീൻ പിടിക്കുന്ന സ്ഥലവും. ഒറ്റക്കാണെങ്കിൽ തിരമാലകൾക്ക് മുകളിലൂടെ ചാടിച്ചും ഡ്രിഫ്റ്റ് ചെയ്തൊക്കെയാണ് പോകാറുള്ളത്. അപ്പോൾ ചുറ്റും വീക്ഷിച്ചുകൊണ്ടിരുന്ന ഇക്ക പെട്ടെന്ന് പറഞ്ഞു 'മതി നമുക്ക് തിരിച്ചു പോകാം' എന്ന്. ചൂണ്ടയും കൂടും ക്യാൻസൽ. സുബൈർ കൂടെടുത്തിട്ട് പോയാൽ പോരെ എന്ന് ചോദിച്ചപ്പോൾ വേണ്ട തിരിച്ചു പോവാം എന്ന് പറഞ്ഞു. ഖാസിക്കും സുബൈറിന്റെ അഭിപ്രായം പോലെ തോന്നി. ഇക്ക പറഞ്ഞതുകൊണ്ട് ബോട്ട് കരയിലേക്ക് തിരിച്ചു. എന്തെങ്കിലും പന്തികേടുണ്ടാകും അതായിരിക്കും ഇക്ക പോകാമെന്ന് പറഞ്ഞത് എന്ന് മനസ്സിൽ തോന്നി. കബീക്കയും അത് ശരിവെച്ചു. പിന്നീട് ഒരു ദിവസം പകൽ നമുക്ക് പോകാം എന്ന് ഞാൻ കബീക്കയോട് പറഞ്ഞു. രാത്രി കറങ്ങിയിട്ട് ഞങ്ങളെ ഖത്തർ നേവി പോലിസ് പിടിച്ച കഥയും പറഞ്ഞു. കടൽ കൊള്ളക്കാരുടെ അത്ഭുതകഥകൾ അറിയുമ്പോൾ ഉണ്ടാകുന്ന ആശ്ചര്യം അന്നത്തെ അർദ്ധരാത്രിയിൽ ഞാൻ അനുഭവിച്ചു.
പോകുന്നവഴിയിൽ ശാന്തമായിരുന്ന കടലിപ്പോൾ അട്ടഹസിക്കുന്നുണ്ട്. തിരമാലകൾക്ക് വേഗവും ഉയരവും കൂടി. കാറ്റ് കുറവാണ്. ശക്തമായ അടിയൊഴുക്കുണ്ടാകും. കടലിലെ കാലാവസ്ഥ മാറിമറിയാൻ ഒരു നിമിഷം മതി. വേഗമെത്താനായി പെട്ടെന്ന് സ്പീഡ് കൂട്ടിയപ്പോൾ എഞ്ചിൻ കരയുന്ന പോലെ. മീഡിയം സ്പീഡിൽ പോയാൽ മതിയെന്ന് ഇക്ക പറഞ്ഞു.
ഇനി ജിപിഎസിന്റെ ആവശ്യമില്ല. റിസോർട്ടിന്റെ വെളിച്ചം കാണുന്ന ദിശയിലേക്ക് ഓടിച്ചാൽ മതി. കടലിനടിഭാഗം കാണുന്നുണ്ടോ എന്നറിയാൻ ടോർച്ചടിച്ചു നോക്കുകയായിരുന്നു കബീക്ക. കാറ്റില്ലെങ്കിൽ നന്നായി കാണാൻ സാധിക്കും.
മൽസ്യങ്ങൾ ഇപ്പോഴും ചാടിക്കളിക്കുന്നുണ്ട്, രാത്രിയിൽ പ്രകാശിക്കുന്ന ശരീരമുള്ള ചെറിയ മീനുകളെ കാണാൻ കഴിയും. രാവിലെയാണെങ്കിൽ പൂഞ്ഞാട്ടി പോലുള്ള ചെറുമീനുകൾ വെള്ളം കയറിവരുന്നതിന്റെ കൂടെ വരാറുണ്ട്. അതിനെ തിന്നാൻ വെള്ളക്കൊക്കുകളും മാടത്തകളും റോന്ത് ചുറ്റും. ദേശാടനപ്പക്ഷികളും ഇടക്ക് വന്നുപോകാറുണ്ട്, ഒരു ദിവസം ഈ കടൽത്തീരത്ത് താമസിച്ചിട്ടാണ് തിരിച്ചു പോവുക. അന്നത്തെ രാത്രിയിൽ ഉറങ്ങാൻ സമ്മതിക്കില്ല, നൂറുകണക്കിന് പക്ഷികൾ കൂട്ടം കൂടിയിരുന്ന് കൊട്ടും കുരവയുമായി നല്ല മേളമായിരിക്കും! പിന്നെ
വെട്ടുകിളികളും. പ്രോഗ്രാം ചെയ്തുവിട്ടപോലെയാണ് അതിന്റെ വരവ്. ഒരിക്കൽ സുനാമി പോലെവന്ന ലക്ഷക്കണക്കിന് വെട്ടുകിളികൾക്കിടയിൽ പെട്ട് ഞാൻ ഒറ്റയ്ക്കായിട്ടും അവയൊന്ന് തൊട്ടുപോലുമില്ല.
ബോട്ടിപ്പോൾ കരയോടടുത്തു. ആഴം കുറഞ്ഞുവരുന്നതിനാൽ വെള്ളവും മണ്ണും കലർപ്പിച്ചു കൊണ്ടാണ് എൻജിന്റെ പങ്ക ഇപ്പോൾ കറങ്ങുന്നത്. അത് കൊണ്ട് എല്ലാവരും ഇറങ്ങി നടന്നു. ഇക്ക മുന്നിൽ നടന്നു. ഞങ്ങൾ ബോട്ട് തള്ളിക്കൊണ്ട് പിറകെയും. കബീക്ക വെട്ടമടിച്ചു തന്നു. ബോട്ട് നങ്കൂരമിടുന്ന സ്ഥലം വരെ വെള്ളമുള്ളതിനാൽ വണ്ടിയുടെ ആവശ്യമില്ല. കടലിനടിയിൽ കുഴിച്ചിട്ട പാറക്കല്ലിലാണ് ബോട്ട് കെട്ടിയിടുന്നത്. ലോക്കൊന്നും ഇല്ല. ആർക്ക് വേണമെങ്കിലും അഴിച്ചു കൊണ്ടുപോകാൻ പറ്റുന്ന വിധത്തിൽ. പക്ഷേ ആരും ഇതുവരെ കട്ടുകൊണ്ട്പോയതായി കേട്ടിട്ടില്ല.
ബോട്ട് നങ്കൂരമിട്ടശേഷം ഞങ്ങൾ റിസോർട്ടിലേക്ക് നടന്നു.
ഖത്തറിലെ പ്രധാന ഖാദിരികളൊക്കെ വന്നിട്ടുണ്ട്. കഴിഞ്ഞ സീസണിൽ വന്ന അത്രയും ഇല്ല. അന്ന് അമ്പതോളം ആളുകൾ ഉണ്ടായിരുന്നു. ആഗതരെ ചായ കുടിക്കാനായി ഓപ്പൺ മജ്ലിസിലേക്ക് ക്ഷണിച്ചു. 6×4 മീറ്റർ വിസ്തീർണ്ണമുള്ള മജ്ലിസിൽ അറബികളുടെ പരമ്പരാഗത ശൈലിയിൽ പണിത മൃദുവായ കുഷ്യനുകൾ ഉള്ള തടിയുടെ ആറ് സോഫകൾ നിരത്തിയിരിക്കുന്നു. അഭിമുഖസംഭാഷണങ്ങൾക്ക് വളരെ അനുയോജ്യം. നടുക്ക് കൈ കുത്തിയിരിക്കാൻ വരെയുള്ള ആകൃതിയിൽ പില്ലോകൾ. ഓരോ സോഫയുടെ മുന്നിലും ഭക്ഷണസാധനങ്ങൾ വെക്കാനായി ഓരോ ടേബിളുകൾ. തറയിലെ പച്ചപുൽതകിടി പ്ലാസ്റ്റിക് ആണെങ്കിലും ചെറിയ ഒറിജിനാലിറ്റിയൊക്കെ ഉണ്ട്. മേൽക്കൂര ഈന്തപ്പനയോലകൾ കൊണ്ട് മേഞ്ഞിരിക്കുന്നു. താങ്ങായി ചുറ്റിനും തടിയുടെ തൂണുകൾ തന്നെ. ശക്തമായ കാറ്റ് വരുമ്പോൾ ഉള്ളിലുള്ളവർക്ക് ഏൽക്കാതിരിക്കാൻ വേണ്ടി സോഫയുടെ പുറകിലായി കടലിലേക്കുള്ള ദിശയിൽ ചുറ്റിനും തുണിയുടെ വേലി കൊണ്ട് മറച്ചിട്ടുണ്ട്. മജ്‌ലിസിന്റെ നേർമുന്നിൽ തീയറ്ററുകളിലെ പോലെ 4 മീറ്റർ നീളവും 3 മീറ്റർ വീതിയുമുള്ള കൂറ്റൻ TV സ്ക്രീൻ ഉണ്ടാക്കിയിട്ടുണ്ട്. അറബിക് ചാനലുകളാണ് കൂടുതലും. മലയാളം ചാനലൊന്നുമില്ല. TV ഓണാക്കി ഇവിടുത്തെ പ്രധാന ചാനലായ അൽജസീറ വെച്ചു. റിമോട്ട് ഇക്കയുടെ ടേബിളിലും.
കബീക്ക ആദ്യമായിട്ടാണ് ഇവിടെ. ഇക്ക കഴിഞ്ഞതവണ വന്നപ്പോൾ ഇക്കയോടൊന്നിച്ച് ഖവ്വാലിയിൽ പങ്കെടുത്തു. നയനമനോഹരമായ മറ്റു അനർഘനിമിഷങ്ങളും. ഇപ്രാവശ്യം ഖവ്വാലിയില്ല. നഗരത്തിലേക്കാളും ഇരട്ടി തണുപ്പാണ് ഇവിടെ. അതവർ നന്നായി ആസ്വദിക്കുന്നുമുണ്ട്.
കാറ്റിന് പെട്ടെന്നാണ് വേഗത കൂടിയത്. മറയില്ലാതെ പുറത്തു നിൽക്കാൻ കഴിയാത്ത വിധം ചെവിയിലൂടെ വരെ കാറ്റ് കേറുന്ന അവസ്ഥ. തൊപ്പിയില്ലാത്തവർ റൂമിനുള്ളിലേക്ക് കയറി. ഭീകരശബ്ദത്തോടെ കാറ്റിപ്പോൾ അലയടിക്കുന്നു. ചായ കുടിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഇക്ക സുബൈറിനോട് പറഞ്ഞു. ഇത് കൊണ്ടാണ് ഞാൻ വേഗം തിരിച്ചു പോവാൻ പറഞ്ഞത്. അപ്പോഴാണ് എല്ലാവർക്കും കത്തിയത്. അന്തരീക്ഷം മാറിമറിയുമെന്ന് ഇക്കയ്ക്ക് അറിയാമായിരുന്നു. കടലിൽ വെച്ചാണ് ഈ അവസ്ഥയെങ്കിൽ ബോട്ട് മറിഞ്ഞേനെ. അടിയൊഴുക്കും ശക്തമായ കാറ്റും ഒരുമിച്ചു വന്നാൽ തിരമാലകൾ ഭ്രാന്ത് പിടിച്ചപോലെയാവും. ബോട്ട് അതിനോടൊപ്പം ആടിക്കളിക്കും. മുൻഭാഗം തിരയുടെ മുകളിലായി പൊങ്ങിയും താഴ്ന്നും കളിക്കും. ആ സമയം മറ്റൊരു തിര എതിർദിശയിൽ വന്നാൽ ബോട്ട് തകിടം മറിയും. പക്ഷേ മുങ്ങില്ല. നീന്തി ബോട്ടിൽ കയറിയിരുന്നാൽ ചിലപ്പോൾ കരക്കെത്താം. കാറ്റ് എതിർ ദിശയിലാണെങ്കിൽ ചിലപ്പോൾ ബഹ്‌റൈൻ കരയിൽ ആയിരിക്കും എത്തുക.
ഖത്തർ മജ്‌ലിസിലെ അനൗദ്യോഗിക കുക്ക് ആയ ജാഫർ തന്നെയാണ് ചിക്കെൻ ബാർബിക്യു തയ്യാറാക്കുന്നത്. നല്ലപോലെ മസാല പുരട്ടിയ ചിക്കൻ കമ്പിയിലോ ഇരുമ്പിൻ ട്രേയിലോ വെച്ച് ചുട്ടെടുക്കും. ഇക്ക കുറച്ചുനേരം അത് നോക്കിയിരുന്നു. പിന്നെ മജ്ലിസിലേക്ക് പോയി. ശൈത്യകാലമായതിനാൽ കാറ്റിന് വേഗതയും തണുപ്പും കൂടി വരുന്നു. കബീക്ക മജ്‌ലിസിൽ തന്നെ ഇരിക്കുന്നു. ഇവിടുന്ന് ഇനി എങ്ങോട്ടുമില്ല എന്ന് പറഞ്ഞു. കാരണം ഇരുമ്പിന്റെ വലിയ സ്റ്റാൻഡിൽ തീ കായാൻ ഉപയോഗിക്കുന്ന ഒലിവ് മരത്തടികൾ ഒരു പാക്കറ്റ് എടുത്ത് കത്തിച്ച് മജ്ലിസിൽ കൊണ്ട് വെച്ചു. തണുപ്പിന് കുറച്ചാശ്വാസം കിട്ടും. അത് കണ്ടപ്പോൾ ഇക്ക സന്തോഷത്തോടെ ഒന്ന് പുഞ്ചിരിച്ചു. പുറമെ അസഹ്യമായ കാറ്റ്. സ്റ്റാൻഡിൽ കത്തിജ്വലിച്ചു കൊണ്ടിരിക്കുന്ന തീയുടെ ചൂട് കാരണം മജ്‌ലിസിന്റെ ഒരു വശത്തിപ്പോൾ നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്. എന്നാലും തണുപ്പ് മാറിക്കിട്ടും. ആളുകൾ അതുകണ്ട് തീകായാൻ വരുന്നു. ഡൺഹില്ലുകളും ഇരുവശത്ത് മാറിമാറി പുകയുന്നുണ്ട്. ടേബിളിൽ പേരക്ക മുറിച്ചു പ്ലേറ്റിലാക്കി വെച്ചിട്ടുണ്ട്. ഇക്കയും കബീക്കയും അത് കഴിക്കുന്നുമുണ്ട്. ശക്തമായ കാറ്റടിച്ചുവീശുന്നതിനാൽ മുകളിലെ ഈത്തപ്പനയോലകൾ കിലുകിലുശബ്ദത്തിന്റെ ഒച്ച കൂട്ടിക്കൊണ്ടിരുന്നു. ഭക്ഷണത്തിന്റെ കാര്യം നോക്കാനായി ഞാൻ കിച്ചണിലേക്ക് പോയി. സുബൈർ ബാഖവി ഉസ്താദ് ചിക്കൻ കറി ഉണ്ടാക്കുന്നു. ചപ്പാത്തിയും റൊട്ടിയും ഖുബ്ബൂസും പാർസൽ മേടിച്ചു. അഷ്‌റഫ് ഇച്ചയും റഹീമിക്കയും കസേരയിൽ ഇരുന്ന് കഥ പറയുന്നു. പുറത്തെ അതിശൈത്യം പിടിക്കാത്തതുപോലെ തോന്നി. ദോഹയിൽ ശക്തമായ കാറ്റടിച്ചാലും ഇത്രയ്ക്കും ഫലം ചെയ്യില്ല. ഇത് കടൽത്തീരമായത്കൊണ്ട് കാറ്റും തണുപ്പും കൂടുതലായിരിക്കും. അപ്പോഴാണ് ജാഫർ പറഞ്ഞത് ബാർബിക്യു റെഡിയായി എന്ന്. പിന്നെ അമാന്തിച്ചില്ല. ഭക്ഷണം എടുക്കട്ടെ എന്ന് ഇക്കയോട് ചോദിച്ചപ്പോൾ എല്ലാവർക്കും ഒരുമിച്ച് മജ്ലിസിൽ ഇരുന്ന് കഴിക്കാം എന്ന് മറുപടി പറഞ്ഞു. രണ്ട് ഇക്കമാർക്ക് ടേബിളിലും ഞങ്ങൾക്ക് താഴെ സുപ്രയിലും ഫുഡ് നിരത്തി. മുഅമിനീങ്ങൾ പരസ്പരം ഒരുമിച്ചിരുന്ന് ഫുഡ് കഴിക്കുന്ന ആ ഒരു സുഖം. യാ അല്ലാഹ്! ദോഹയിലെ മജ്ലിസിൽ വെച്ച് എല്ലാ വെള്ളിയാഴ്ചരാവും മൗലിദ് കഴിഞ്ഞ് ഇതുപോലെയാണ്.
മൂന്നു മാസത്തിനു ശേഷം ആ ഒരു പ്രതീതിയാണിപ്പോൾ അനുഭവിക്കുന്നത്. മഹാന്മാരുടെ നോട്ടവും മഹാന്റെ ഇഷ്ടവും. മനസ്സിൽ മധുരത്തിന്റെ ബറക്കത്ത്. ശേഷം അതിനേക്കാൾ ബറകത്താക്കപ്പെട്ട രണ്ട് കൈകൾ നീട്ടിത്തന്ന ഭക്ഷണം വേറെയും.
ആത്മനിർവൃതിയിൽ ചാലിച്ചുകൊണ്ട് അതെല്ലാവരും പങ്കിട്ടു. ശേഷം പ്രിയപ്പെട്ട പെപ്സിയും. അങ്ങനെ സമയം മുറവിളി കൂട്ടിയതിനാൽ സ്വയം മദോന്മത്തനായിപ്പോയ അസുരഭനിമിഷങ്ങൾ അവസാനിക്കാൻ തയ്യാറെടുക്കുന്നു. ശരീരം കൊണ്ട് എല്ലാവരും യാത്ര പറഞ്ഞുവെങ്കിലും മായാമയക്കങ്ങളിൽ വെച്ച് പരസ്പരം ഒത്തുകൂടാറുണ്ട്. സുബൈർ ഓടിക്കുന്ന ഇക്കയുടെ വണ്ടി മുന്നിലായി നിർത്തി. പിറകിൽ കബീക്കയുടെ ഖാസി ഓടിക്കുന്ന വണ്ടി. മറ്റുവണ്ടികൾ അതിനു പുറകിലായും നിരത്തി. ഇരുസുൽത്താന്മാരെയും ഒരുമിച്ചു കിട്ടിയ അത്യപൂർവ്വമായ ഈ കൂടിച്ചേരൽ താൽക്കാലികമായി വിരാമം കുറിക്കാൻ പോവുന്നു. വിഷമം ഉള്ളിലൊതുക്കി സ്വസ്ഥത കൈവരിക്കാൻ പ്രയാസപ്പെടുന്നുണ്ട്. അപ്പോൾ അനുഭവിച്ച മാനസിക പ്രതിസന്ധി ഇതെഴുതുമ്പോഴും കൊത്തിവലിക്കുന്നുണ്ട്. ഇക്കയുടെ തിരുകൈകളിൽ പ്രണയപുഷ്പമർപ്പിച്ച്
യാത്ര പറഞ്ഞപ്പോൾ മനസ്സിന്റെ വിങ്ങലുകൾ വിരഹവേദനയാൽ പൊട്ടുന്നതായി തോന്നി. വാഹനങ്ങൾ വരിവരിയായി വന്നതുപോലെ തിരിച്ചു. ഓർമ്മകളുടെ പറുദീസയിൽ മായാതെ സൂക്ഷിക്കാൻ ഒരു ദിനം കൂടി നൽകിയ മഹോന്നതനായ രക്ഷിതാവിനാകുന്നു സർവ്വസ്തുതി പ്രകീർത്തങ്ങളും.