മുഹമ്മദുർറസൂലുല്ലാഹി (സ) എന്ന രണ്ടാം കലിമയുടെ സമകാലിക സമുദ്ധാരകൻ: നിസാമുദ്ധീൻ സുൽത്താൻ ഷാഹ് ഖാദിരി ചിഷ്തി
അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം ആദിമകാലം മുതൽക്കേ അറിഞ്ഞാസ്വദിക്കുകയും ജീവൽഘട്ടങ്ങളിലെല്ലാം അവന്റെ മഹാ ശക്തിയിൽ അടിയുറച്ചു വിശ്വസിച്ചു നിലകൊള്ളുകളെയും ചെയ്യുന്ന ജനവിഭാഗമാണ് അതതു കാലഘട്ടങ്ങളിൽ നിയോഗിക്കപ്പെട്ട പ്രവാചകരുടെ സമുദായങ്ങൾ. ശ്വാസം നിലയ്ക്കും വരെ പരിശുദ്ധതൗഹീദ് മുറുകെപ്പിടിച്ചു അല്ലാഹുവിന്റെ കല്പന ശിരസ്സാവഹിച്ചു അതിൽ ആനന്ദനിർവൃതി കണ്ടെത്തുന്നവർ. മരണത്തിന്റെ മാലാഖയെ സന്തോഷത്തോടെ വരവേൽക്കാനവർക്കായി.
ഭയലേശമന്യേ നാഥന്റെ വിളിക്കുത്തരം നൽകാനും മരണശേഷമുള്ള യഥാർത്ഥ സുന്ദര ജീവിതത്തെ പറ്റി സന്തോഷവാർത്ത അറിയിക്കാനും സത്യവിശ്വാസത്തിന്റെ മാധുര്യം ആസ്വദിക്കാനും അവരെ പ്രാപ്തമാക്കിയത് അല്ലാഹുവിന്റെ വിശുദ്ധരായ പ്രവാചക കരങ്ങളാണ്. എന്നാൽ ആദരവായ റസൂലുല്ലാഹി (സ) യുടെ ആഗമനത്തോടെ പ്രവാചക ശൃംഖല അവസാനിക്കുകയും അതിനു പകരം പ്രവാചകരുടെ പ്രതിനിധികൾ എന്ന വിശുദ്ധ പദവിക്ക് തുടക്കം കുറിക്കുകയും ചെയ്തു.
അല്ലാഹുവിന്റടുക്കൽ ഏറ്റവും മഹത്വമേറിയ ആരാധനാകർമ്മം. മനുഷ്യരിൽ ആത്മാവിന്റെ പ്രകടരൂപമായ ശ്വസനവേളയിൽ തൗഹീദിന്റെ മുദ്ര പതിപ്പിച്ച് സൃഷ്ടാവിനോടുള്ള ആത്മാക്കളുടെ ലോകത്തിലെ കരാർ പുതുക്കി സംശുദ്ധരായി ജീവിക്കാൻ മാലോകരെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് പ്രവാചകന്മാർ അവതരിച്ചതെങ്കിൽ അതേ ദൗത്യനിർവ്വഹണത്തിനു തന്നെയാണ് അവരുടെ പ്രതിനിധികളും യത്നിച്ചത്. "സത്യവിശ്വാസികളുടെ ഒരു ശ്വാസം 70 കൊല്ലത്തെ പാപങ്ങൾ പൊറുപ്പിക്കുന്നതാണ്" എന്ന് പ്രവാചകനേതാവ് സയ്യിദുനാ മുഹമ്മദ് റസൂലുല്ലാഹി (സ) പ്രഖ്യാപിച്ചതിന്റെ കാരണവും ആ ശ്വാസത്തിൽ അടങ്ങിയിരിക്കുന്ന കലിമത്തുതൗഹീദിന്റെ ഔന്നിത്യം തന്നെ.
അതിനുശേഷം ദേശങ്ങളും കാലങ്ങളും പിന്നിട്ട് ആ വഴി ചെന്നെത്തിയത് പ്രപഞ്ചമാകെ ദിവ്യാനുരാഗത്താൽ പ്രകമ്പനം കൊള്ളിച്ച ബാഗ്ദാദിന്റെ രാജസവിധത്തിലായിരുന്നു. അല്ലാഹുവിനെ കിട്ടാനായി അറിവിന്റെ വൻകടൽ പാനം ചെയ്ത് പരിത്യാഗത്തിന്റെ പീലി വിടർത്തി പ്രണയത്തിന്റെ അതിപ്രസരത്താൽ ഏഴാകാശവും പറന്നുയർന്ന് രാജാധിരാജന്റെ സിംഹാസനവും താണ്ടി തൗഹീദിന്റെ മാസ്മരിക ലോകത്ത് നിസ്തുലനായി വിളങ്ങുന്ന അല്ലാഹുവിന്റെ മെഹ്ബൂബ് സയ്യിദുനാ മുഹ്‌യുദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി (റ) ആയിരുന്നു ആ കാലഘട്ടത്തിലെ പ്രവാചകപ്രതിനിധി. പ്രവാചകരോടെന്ന പോലെയുള്ള അല്ലാഹുവിന്റെ കല്പനപ്രകാരം പരിശുദ്ധ തൗഹീദിലേക്ക് മഹാനവർകൾ ജനങ്ങളെ ക്ഷണിക്കാൻ തുടങ്ങി. ആത്മജ്ഞാനങ്ങളുടെ അതിവിശാലമായ ആ തെളിനീരുറവയിൽ അനേകമാളുകൾ ശുദ്ധത വരുത്തി. പ്രവാചകരോടെന്ന പോലെ അവിടുത്തെ പരിശുദ്ധമായ കരം ഗ്രഹിച്ച് അല്ലാഹുവുമായി തൗഹീദിൽ ബൈഅത് ചെയ്തു. ഈമാനും തൗബയും വാങ്ങി. അവിടുത്തെ മഹത്തായ സ്വഭാവ സവിശേഷതയും ദൈവികവലയത്തിന്റെ സ്വച്ഛതയും ജനങ്ങൾ ആസ്വദിച്ചു. എന്നാൽ റസൂലുല്ലാഹി (സ) യുടെ കാലത്ത് മക്കാമുശ്‌രിക്കുകളും യഹൂദികളും പരിശുദ്ധ തൗഹീദിനെയും അല്ലാഹുവിന്റെ പ്രതിനിധിയെയും എതിർത്തത് പോലെ ബാഗ്ദാദിലെ മുസ്ലിം നാമധാരികളായ ചില ബാഹ്യപണ്ഡിതന്മാരും അവരുടെ അനുയായികളും ആ കാലഘട്ടത്തിലെ അല്ലാഹുവിന്റെ പ്രതിനിധിയായ ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ) നെ എതിർക്കുക വഴി അവർ പരിശുദ്ധ തൗഹീദിനെയും മുഹമ്മദുർറസൂലുല്ലാഹി (സ) എന്ന അകംപൊരുളിനെയും എതിർത്തു.
അകമേ കാഴ്ചയില്ലാത്ത കണ്ണിന്റെ തിമിരത്താൽ വീക്ഷിച്ചതുകാരണം അന്ധമായ പുറം കണ്ണുകൾ അവർക്ക് ഉപകാരപ്പെട്ടുമില്ല. അക്കാരണത്താൽ അവരെ അല്ലാഹു നിന്ദ്യരാക്കുകയും ചരിത്രത്തിൽ അവരുടെ ഈ ദുഷ്പ്രവർത്തി അവശേഷിപ്പിക്കുകയും ചെയ്തു. നാളെ മഹ്ശറയിലും അവർ കഠിനവിചാരണക്ക് വിധേയരാവും. എന്നാൽ അല്ലാഹുവിന്റെ കല്പനയായ ആ പുണ്യാത്മാവിനെ ആത്മാർഥമായി സ്നേഹിച്ചവർ എത്ര സൗഭാഗ്യവാന്മാർ! ഇരുലോകത്തും ദൈവികസ്നേഹത്തിന്റെ പാനപാത്രമായവർ.
ലോകാവസാനം വരെ ആ മഹാനുഭാവനെ പ്രകീർത്തിക്കുന്നവരെ അല്ലാഹു നിയോഗിച്ചുകൊണ്ടിരിക്കും. അതുവഴി അല്ലാഹുവിനെയാണ് സന്തോഷിപ്പിക്കുന്നത്. റസൂലുല്ലാഹി (സ) യുടെ മേൽ സ്വലാത്ത് ചൊല്ലുന്നത് പോലെ. ഭൂമിയിൽ കാൽകുത്തിയവരിലെ അല്ലാഹുവിന്റെ ഇഷ്ടദാസനായ ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ) വിന്റെ ഔന്നിത്യം ജഗത്തിനാകെ വെളിവാക്കാനാണ് അല്ലാഹു ആ കാലഘട്ടത്തിൽ തന്നെ പ്രവാചക പ്രതിനിധികളിൽ ഏറ്റവും ഉൽകൃഷ്ടരായ മഹാത്മാക്കളെയെല്ലാം നിയോഗിച്ചത്. അവരെല്ലാം ആ മുഹ്‌യുദ്ധീന് മുന്നിൽ ശിരസ്സ് താഴ്ത്തി അല്ലാഹുവിന്റെ കല്പന നിറവേറ്റി.
ലോകത്തിന്റെ വിവിധ കോണുകളിലാണവർ പ്രശോഭിച്ചതെങ്കിലും തൗഹീദിന്റെ ലോകത്തിൽ അവരെല്ലാം ഒരുമിച്ചായിരുന്നു. രിജാലുൽ ഗൈബ് എന്ന പദവിയിലുള്ള ആ മഹത്തുക്കൾക്ക് ശരീരം കൂടാതെ തന്നെ ലോകത്തിന്റെ നാനാദേശത്തേക്ക് സഞ്ചരിക്കാനുള്ള കഴിവും അല്ലാഹു നൽകി.
അല്ലാഹുവിനെ നേരിട്ടറിഞ്ഞവരുടെ സുൽത്താനായ ശൈഖ് അഹ്മദ് കബീർ രിഫാഈ (റ) വും ജനങ്ങളെ സംസ്ക്കരിച്ചത് ഈ പരിശുദ്ധ തൗഹീദ് കൊണ്ടുതന്നെയാണ്. അവിടുത്തെ അറിവിന്റെ ലയവും സുഹ്ദിന്റെ താളവും സ്വശരീരത്തെ പോലും മറക്കുന്ന രീതിയിൽ പരിണമിച്ചു. അല്ലാഹുവിന്റെ ഖുദ്റത് കൊണ്ട് മൂന്നു വർഷം ഒരിറ്റ് വെള്ളം പോലുമിറക്കാതെ ആ ദിവ്യദീപ്തിയിൽ അലിഞ്ഞു. ഉണർച്ചയിലും ഉറക്കത്തിലും ഇബാദത്തിലാവാൻ സാധിക്കുന്ന ഏറ്റവും വലിയ പുണ്യകർമ്മമാണ് ആ മഹാത്മാവ് മാലോകരെ അറിയിച്ചത്. അല്ലാഹുവിന്റെ ദിവ്യദർശനവാതിൽ തുറക്കാനുള്ള താക്കോലാണ് ആ പരിശുദ്ധ കരം ഗ്രഹിച്ചവർക്ക് സാധ്യമാവുന്നത്. സംശുദ്ധരുടെ ഖുതുബ് ആയ ആ മഹാനുഭാവന്റെ ഓർമ്മകളും മദ്ഹുകളും ലോകാവസാനം വരെ അല്ലാഹു നിലനിർത്തും. അവിടുത്തെ സ്നേഹിക്കുന്ന സമകാലിക തൗഹീദിന്റെ വക്താക്കളിൽ അവിടുന്നുള്ള കാരുണ്യവും അനുഗ്രഹവും വർഷിച്ചുകൊണ്ടിരിക്കുന്നു. എന്തൊരു അനിർവചനീയമായ പ്രതീതിയാണ് അവരെ പുളകം കൊള്ളിക്കുന്നത്! മഹാന്മാരിലേക്കെത്തുന്ന സൈന്യമാണവർ..
കാലാന്തരങ്ങൾ പിന്നിട്ട് ദേശങ്ങൾ കടന്ന് വന്ന പരിശുദ്ധ തൗഹീദിന്റെ സമകാലിക പ്രതിനിധി ഇന്ന് നിലകൊള്ളുന്നത് ചരിത്രത്തിലെ ബഗ്ദാദ് പട്ടണത്തെ അനുസ്മരിപ്പിക്കുന്നവിധം ഇന്ത്യാമഹാരാജ്യത്തെ ഏറ്റവും മികച്ച നാടായ കേരളത്തിലെ ഏറ്റവും മുന്തിയ നഗരമായ കൊച്ചിയുടെ ഗ്രാമസൗന്ദര്യം വിളിച്ചോതുന്ന പെരിയാറിന്റെ തീരത്താണ്. അല്ലാഹുവിനെ കിട്ടാനായി അതിതീക്ഷ്ണമായ ഇബാദത്തുകളിലും ജീവൻ വരെ സമർപ്പിച്ചുള്ള പരിത്യാഗത്തിലുമായി ബാല്യവും കൗമാരവും യൗവ്വനവും വ്യക്തമായി ചിലവഴിച്ച കാരണത്താൽ അല്ലാഹുവിന്റെ മെഹ്ബൂബായി, അവനുമായി കണ്ടുമുട്ടിയവരിലെ രാജകിരീടമായി വിളങ്ങുന്ന "ഖുതുബുസ്സമാൻ ശൈഖ് യൂസുഫ് സുൽത്താൻ ഷാഹ് ഖാദിരി (റ)" വിന്റെ പരിശുദ്ധ പാരമ്പര്യത്തിൽ ജനിച്ച പുത്രനും അവിടുത്തെ മുരീദുമാരിലെ ഏറ്റവും ഉന്നതനുമായ "ശൈഖ് നിസാമുദ്ധീൻ സുൽത്താൻ ഷാഹ് ഖാദിരി ചിശ്തി" മഹാനവർകളാണ് അല്ലാഹുവിന്റെ ഈ കാലഘട്ടത്തെ പ്രതിനിധി.
അതിന്റെ പരിശുദ്ധമായ ഋജുരേഖയിലേക്ക് ഖുതുബുസ്സമാൻ ശൈഖ് യൂസുഫ് സുൽത്താൻ ഷാഹ് ഖാദിരി (റ) തുറന്നിട്ട കവാടമാണ് ശൈഖ് നിസാമുദ്ധീൻ സുൽത്താൻ ഷാഹ് ഖാദിരി മഹാനവർകൾ. ഈമാനും തൗബയും തുറക്കപ്പെടാനുള്ള ഏക വഴിയും ഇന്ന് കാലഘട്ടത്തിലെ അല്ലാഹുവിന്റെ കല്പനയായ നാഇബ് ഖുതുബുസ്സമാൻ ശൈഖ് നിസാമുദ്ധീൻ സുൽത്താൻ ഷാഹ് ഖാദിരി മഹാനവർകളുടെ പുണ്യസവിധത്തിലാണ്. അവിടുത്തെ കാരുണ്യത്താലൊഴുകുന്ന സത്യവിശ്വാസത്തിന്റെ തെളിനീരുറവയിൽ മുങ്ങിയാണ് പാപക്കറകൾ ശുദ്ധിയാക്കേണ്ടത്. പരിശുദ്ധ തൗഹീദ് മുൻചെയ്തുപോയ പാപങ്ങളെയെല്ലാം പൊറുപ്പിക്കുന്നതാണ്. അല്ലാഹുവിന്റെ ഹബീബ് ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ) തന്നെയാണ് ആ പ്രതിനിധിയെ തിരഞ്ഞെടുത്തത്. അവിടുത്തെ ജന്മദിനത്തിൽ തന്നെയാണ് ഈ മുഹ്‌യുദ്ധീനും പിറവിയെടുത്തത്. രണ്ടും ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ. ഉപഭോക്താക്കൾക്ക് ഒരേ മൂല്യമാണതിൽ നിക്ഷേപിച്ചിരിക്കുന്നത്.
സ്വന്തം ശൈഖിന്റെ കാലത്ത് തന്നെ രിജാലുൽ ഗൈബിന്റെ (അദൃശ്യവ്യക്തിത്വങ്ങൾ) പദവിയിലേക്കുയർന്ന ചുരുക്കം ചില മഹാന്മാരിൽ പെട്ട അപൂർവ്വതേജസ്വി കൂടിയാണ് ശൈഖ് നിസാമുദ്ധീൻ സുൽത്താൻ ഷാഹ് ഖാദിരി ചിശ്തി. അല്ലാഹുവിന്റെ കല്പനയാൽ പ്രപഞ്ചമവിടെ ഒതുങ്ങി കൊടുക്കുന്നു.
ഭൂമി ചുരുണ്ടുകൂടുന്നു.
മനസ്സെത്തുന്നിടം അവരുടെ കാലുകളെത്തുന്നു.
വിശുദ്ധ തൗഹീദിന്റെ കരുത്തിനാൽ അല്ലാഹുവിനെ പുൽകിയവരാണവർ.
അടിയുറച്ച ആത്മസമർപ്പണ നൗകയിലേറി പ്രവിശാലമായ സുഹ്ദിൻ സാഗരത്തിലൂടെ കത്തിജ്വലിക്കുന്ന ഇഷ്‌കിനെ നീരാവിയാക്കി ഉയർത്തി ഏഴാകാശങ്ങളുടെയും അതിർവരമ്പുകൾക്കപ്പുറം അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കി മഹോന്നതിയിലേക്കുയർന്ന നിസാമുദ്ധീൻ സുൽത്താൻ ഷാഹ് ഖാദിരി ചിശ്തി എന്ന തൗഹീദിന്റെ ലോകത്തെ നിറദീപമായ ആ മഹാനുഭാവനാണ് ഇന്നത്തെ മുഹമ്മദുർറസൂലുല്ലാഹി (സ) യുടെ ദൗത്യസമുദ്ധാരകൻ. "എല്ലാ ഔലിയാക്കളും ഏതെങ്കിലും ഓരോ നബിമാരുടെ ശരീഅത്തിലാണെങ്കിൽ ഞാൻ എന്റെ ഉപ്പുപ്പയായ സയ്യിദുനാ മുഹമ്മദ് നബി (സ) യുടെ പരിപൂർണ്ണ ശരീഅത്തിലാണ് ജീവിക്കുന്നത്" എന്ന് വ്യക്തമായി പ്രഖ്യാപിച്ച ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ) വിന്റെ 18 ആമത്തേയും റസൂലുല്ലാഹി (സ)യുടെ 36 ആമത്തെയും പ്രതിനിധി. ആ ഹൃദയത്തിലാണ് അല്ലാഹുവിന്റെ വിധിനിർണ്ണയങ്ങൾ വേരോടുന്നത്. അവിടുത്തെ ആത്മാവിലാണിന്ന് ലൗഹിലെയും ഖലമിലെയും അദൃശ്യകാര്യങ്ങൾ വെളിവാകുന്ന ദൈവികസിംഹാസനം അല്ലാഹു മുദ്രണം ചെയ്തിട്ടുള്ളത്. അവന്റെ അക്ഷയസൈന്യമായ മലക്കുകളുടെ വിഹാരരംഗവും ആ പ്രഭാവലയത്തിന് ചുറ്റും തന്നെ. അല്ലാഹുവിന്റെ കല്പനയും നോട്ടവും മനുഷ്യനറിയാത്ത ആ നഫ്സിലൂടെയാണ്.
മഹാന്മാരിൽ നിന്നുള്ള വ്യക്തമായ അറിവാണ് അവിടുത്തെ നാവിലൂടെ നിർഗ്ഗളിക്കുന്നത്. ഗൗസുൽ അഅളമിന്റെ കാവലാണ് അവിടുത്തെ കരങ്ങളിൽ. അഹ്മദ് രിഫാഈ (റ) തങ്ങളുടെ വിശാലതയാണ് അവിടുത്തെ വിരിമാറിലുള്ളത്.
മൗലാ അലി മുർതളയുടെ വീര്യമാണ് അവിടുത്തെ ചടുലതയിൽ ആക്രോശിക്കുന്നത്.
മുഹമ്മദുർറസൂലുല്ലാഹി (സ) യുടെ സൗന്ദര്യമാണ് അവിടുത്തെ രൂപമാകെ നിറഞ്ഞുനിൽക്കുന്നത്.
ഖുതുബുസ്സമാന്റെ കാരുണ്യമാണ് അവിടുത്തെ സിരകളിലൂടെ ഒഴുകുന്നത്.
അല്ലാഹുവിന്റെ സ്നേഹമാണ് അതിരുകളില്ലാതെ
ശൈഖ് നിസാമുദ്ധീൻ സുൽത്താൻ ഷാഹ് ഖാദിരി അവർകളിൽ നിന്നും ആവിർഭവിക്കുന്നത്..
അവിടുത്തെ കാലടിയൊച്ചകൾ പിശാചുക്കളെ പേടിപ്പിക്കുന്നതാണ്.
അവിടുന്നുള്ള ഒരു തീക്ഷ്ണനോട്ടം ഇബ്ലീസിനെ തുരത്തുന്നതുമാണ്.
മുനാഫിഖുകളുടെ മുനയൊടിക്കുന്നതുമാണ്.
അവിടുത്തെ കണ്ണുകളിൽ നിഴലിക്കുന്നത് ജിബ്‌രീൽ (അ) യുടെ ക്രോധമാണ്.
ഖുതുബുസ്സമാൻ ഈ രഹസ്യം അറിയേണ്ടുന്നവരെ അറിയിച്ചു. അവിടുത്തെ തിരുകുടുംബത്തിൽ തിളങ്ങുന്ന തൗഹീദിന്റെ ജ്വാല അവരെയെല്ലാം പിന്തുടർന്നു. അക്ഷരങ്ങളുടെ ഇരുളടഞ്ഞ മുൾവേലികൾക്കപ്പുറം ആത്മീയ ജ്യോതിർവലയം തീർത്തുകൊണ്ട് ഖുതുബുസ്സമാൻ അവരെയാകെ വ്യക്തമായ സത്യത്തിന്റെ സാഗരങ്ങളിലൂടെ ഒഴുക്കി. ഖബറിൽ കിടന്നും ആ മഹാത്മാവ് ആലത്തിനാകെ അനുഗ്രഹം വർഷിക്കുകയാണ്.
അല്ലാഹു ഖുർആനിലൂടെ സ്വർഗ്ഗത്തെയും അവന്റെ മഹത്സ്വരൂപത്തെയും കാണിച്ചു കൊതിപ്പിച്ചിട്ടുണ്ട്, എന്നാൽ ആത്മജ്ഞാനികൾ അല്ലാഹുവിനെ കിട്ടാനാണ് കൊതിക്കുക. അല്ലാഹുവിന്റെ റസൂൽ (സ) യോട് റബീഅത് ഇബ്നു കഅബ് (റ) എന്ന സ്വഹാബിവര്യൻ ചോദിച്ചതും സ്വർഗ്ഗത്തേക്കാളുപരി അല്ലാഹുവിന്റെയും റസൂലിന്റെയും കൂടെയുള്ള സഹവാസമാണ്.
സ്വർഗ്ഗത്തിന്റെ തിളക്കം വർധിക്കുന്നത് ആ താവഴിയിലൂടെ വന്ന തൗഹീദിന്റെ രാജകിരീടം ചൂടിയ സുൽത്താന്മാരുടെ സാന്നിധ്യത്തിലാണ്. അവർക്കുള്ളതെല്ലാം അല്ലാഹുവിന് ദണ്ഡമാണ്.
ജീവിതവും മരണവും സ്വന്തം സൃഷ്ടാവിന്റെ കല്പനകൾക്ക് കീഴൊതുങ്ങി ജീവിക്കുന്നവർ. അതിൽ നിത്യാനന്ദം കണ്ടെത്തുന്നവർ. പ്രണയഭാജനമായ അല്ലാഹുവിന്റെ മുമ്പിൽ ഹാജരാക്കപ്പെടുന്ന ദിവസത്തിന് വേണ്ടി കാതോർത്തിരിക്കുന്നവർ. കാരണം അവരെ നിയന്ത്രിക്കാൻ അല്ലാഹു നിയോഗിച്ച അസ്സലുള്ളൊരു ആൺകുട്ടി അവരോടൊപ്പമുണ്ട്. അതിന്റെ എല്ലാ വർണ്ണജാലങ്ങളും ചേർന്നുദിച്ച സൂര്യതേജസ്സാണ് നിസാമുദ്ധീൻ സുൽത്താൻ ഷാഹ് ഖാദിരി ചിസ്തി. അതിലെ കിരണങ്ങൾ പോലും മഴവില്ലായി പരിണമിക്കുന്നു. അല്ലാഹുവിന്റെ മഹത്സ്വരൂപം ദർശിക്കാനുള്ള വഴിയാണ് സമ്പൂർണ ശരീഅത്തിലായി ജീവിക്കുക. അതിന് ഖാദിരിയ്യ ത്വരീഖത് അത്യാവശ്യമാണ്.
കലിമത്തുതൗഹീദ് ഇല്ലാത്ത അവാന്തരവിഭാഗങ്ങളെല്ലാം മുസ്ലിംകളുടെ വഴിയാണ്. എന്നാൽ റസൂലുല്ലാഹി (സ) യും വിശുദ്ധഖുർആനും സന്തോഷവാർത്ത അറിയിക്കുന്നത് മുഅമിനീങ്ങൾക്കാണ്. അല്ലാഹുവുമായുള്ള കരാർ പുതുക്കി കഴിഞ്ഞാൽ നമസ്കാരമുൾപ്പെടെയുള്ള എല്ലാ ഇബാദത്തുകൾക്കും ജീവൻ വയ്ക്കാൻ തുടങ്ങുകയായി. അശ്രദ്ധരായി നമസ്കരിക്കുന്നവർക്ക് വയ്ലെന്ന നരകമാണ് ഒരുക്കിയിരിക്കുന്നത് എന്ന് അല്ലാഹു ഖുർആനിൽ വളരെ വ്യക്തമായി പറയുന്നു. കേവലമുസ്ലിംകളായി മരിച്ചാൽ അവന്റെ നന്മതിന്മകളുടെ കണക്കെടുപ്പിന് ശേഷം സ്വർഗ്ഗമോ നരകമോ അവൻ സമ്പാദിക്കും. എന്നാൽ പൂർണ്ണമുസ്ലിംകളാണെങ്കിൽ റസൂലുല്ലാഹി (സ) യുടെയും മഹാന്മാരുടെയും ഷഫാഅത് മുഖേന രക്ഷപ്പെടുന്നതാണ്.
എന്നാൽ ഒരാൾ മുഅമിനായി മരിച്ചാൽ മറ്റുള്ളവരെ പോലും ഷഫാഅത് ചെയ്യാൻ സാധിക്കുന്നതുമാണ്. കൂടാതെ വിചാരണ കൂടാതെ അല്ലാഹു സ്വർഗ്ഗത്തിലേക്ക് അവനെ പ്രവേശിപ്പിക്കുന്നതാണ് എന്നതിന് പരിശുദ്ധ ഖുർആൻ സാക്ഷി നിൽക്കുന്നു. ജനങ്ങളെല്ലാം കഠിന വിരഹഭാരം പേറി പരിതപിക്കുന്ന മഹ്ഷറയിലെ സമ്മേളനത്തിൽ അല്ലാഹുവിന്റെ അർഷിൽ നിന്നുള്ള തണൽ കുളിർസ്പർശനമേകുന്നതും അല്ലാഹുവുമായുള്ള കരാർ പാലിച്ചു ജീവിച്ചവർക്കാണ്. ബൈഅത് ചെയ്യുന്ന ശൈഖിലൂടെ ശൈഖിനെയും റസൂലുല്ലാഹി (സ) യെയും ഏകനായ റബ്ബിനെയും അറിഞ്ഞാലേ അവന്റെ എല്ലാ നിയ്യത്തുകളും അമലുകളും ഓരോ അനക്കവും അടക്കവും അല്ലാഹുവിന് വേണ്ടി മാത്രം പരിവർത്തിപ്പിക്കാൻ സാധിക്കുകയുള്ളൂ. കൂടാതെ ഉണർച്ചയിലും ഉറക്കത്തിലും ആത്മാവിനെ ഇബാദത്തിലാക്കാനും സാധിക്കൂ.
റസൂലുല്ലാഹി (സ) യോട് അവിടുത്തെ സ്വഹാബാക്കൾക്കുണ്ടായിരുന്ന ഗാഢമായ ആത്മബന്ധത്തിന്റെ രഹസ്യമാണ് അവരുടെ ജീവിതം ധന്യമാക്കിയതെങ്കിൽ ആ രഹസ്യം തന്നെയാണ് നിസാമുദ്ധീൻ സുൽത്താൻ ഷാഹ് ഖാദിരി മഹാനവർകളുടെ കൂടെ സഹവസിക്കുന്നവർക്കുമുള്ളത്.
നമ്മൾ ജനനത്തിന് മുമ്പുള്ള ഏത് അവസ്ഥയാണോ അതിലേക്ക് തന്നെയാണ് മരണത്തോടെ തിരികെ മടങ്ങുന്നത്. അല്ലാഹുവിന്റെ പരമ രഹസ്യമായ ആത്മാവാണ് മനുഷ്യരിൽ കുടികൊള്ളുന്നത്. അതിന്റെ സ്ഥിതിഗതികൾ അറിയുമ്പോഴാണ് നമസ്ക്കാരം പൂർണ്ണതയിലെത്തുന്നത്. വിശുദ്ധ ഖുർആന്റെ ഓരോ ആയതും അത്യത്ഭുതമാവുന്നത്. ഈ ലോകത്തിന്റെ നിസ്സാരത വെളിപ്പെടുന്നത്. പരലോകത്തു കിട്ടുന്ന അല്ലാഹുവിന്റെ സമ്മാനം മനസ്സിലാക്കുന്നതും. അതിനുള്ള വഴിയാണ് അല്ലാഹുവിനെ നേരിട്ടറിഞ്ഞവരുടെ സമകാലിക നേതാവും അല്ലാഹുവിന്റെ ഖലീഫയുമായ "നാഇബ് ഖുതുബുസ്സമാൻ ശൈഖ് നിസാമുദ്ധീൻ സുൽത്താൻ ഷാഹ് ഖാദിരി ചിശ്തി" പഠിപ്പിക്കുന്നത്. ഇസ്ലാം കാര്യങ്ങളിലെ ഒന്നാമത്തെ കർമ്മമായ കലിമത്തുതൗഹീദിന്റെ അനുഷ്ഠാനവും ഈമാന്റെയും തക്വ്വയുടെയും സമ്പാദന രീതികളും. ഹൃദയം ഇരുകലിമയിൽ ഫനാ ആകുമ്പോഴാണ് അല്ലാഹുവിനോടുള്ള അദമ്യമായ സ്നേഹം ആസ്വദിക്കാൻ കഴിയുക. വർണ്ണിക്കാനാവാത്ത ആത്മീയ അനുഭൂതിയാണ് നിസാമുദ്ധീൻ സുൽത്താൻ ഷാഹ് ഖാദിരി അവർകളുടെ സാന്നിധ്യത്തിൽ അനുഭവപ്പെടുന്നത്. അല്ലാഹുവിന്റെ സ്മരണകളാണ് അവിടുത്തെ ഓർമ്മകളിൽ നിഴലിക്കുന്നത്. ആദിയിൽ അത്യുന്നതൻ പടച്ച തിരുപ്രകാശം ആദ്യത്തെ വസന്തമായ എല്ലാ ഔലിയ-ആരിഫീങ്ങളുടെയും അമ്പിയാക്കളുടെയും നേതാവ്, അവരുടെയെല്ലാം പ്രണയഭാജനമായ അല്ലാഹുവിലേക്കുള്ള മധ്യവർത്തി നൂറുള്ളാഹി സയ്യിദുനാ മുഹമ്മദുർറസൂലുല്ലാഹി (സ) യുടെ കൂടെ പ്രപഞ്ചമഖിലം ദിവ്യവെളിച്ചം വിതറി നിത്യവസന്തമായി നിസാമുദ്ധീൻ സുൽത്താൻ ഷാഹ് ഖാദിരി നിലകൊള്ളുന്നു.
തിരുനൂറിൽ നിന്നുള്ള ദിവ്യസന്ദേശങ്ങൾ ധീരമായി നടപ്പിലാക്കുന്നു. ശിഷ്യഗണങ്ങളെ ആ നൂറിലേക്ക് അടുപ്പിക്കുന്നു. നൂറിൽ നിന്നുള്ള നൂറിന്റെ കൂടെ ഈ കാലത്തും അവരെ ചേർത്തുനിർത്തിയതിൽ അല്ലാഹുവിനെയവർ അതിരറ്റ് സ്നേഹിക്കുന്നു. അവനിൽ നിന്നുള്ള പ്രത്യേക പരിഗണന കിട്ടിയവർക്കേ ഈ കാലഘട്ടത്തിലെ തിരുനൂറിനെ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. ആ നൂറിലേക്ക് ഇരുലോകത്തും ചേർന്നുനിൽക്കാനുള്ള മോഹം അശ്രുകണങ്ങളുടെ ധവളപ്രകാശത്തിലൂടെ ഏകനും അത്യുന്നതനുമായ അല്ലാഹുവിലേക്കുയർത്തുന്നു. നീ ഓശാരമായി ചെയ്തുതന്ന അനുഗ്രഹങ്ങൾക്ക് നന്ദിയും. അൽഹംദുലില്ലാഹ്..