ഇക്ക - ഖത്തറിൽ Travelogue : first season

വെള്ളിനിറമുള്ള ലക്സസ് കാറിന്റെ ഹോണടി ശബ്ദം കാതുകളിൽ അലയടിച്ചപ്പോഴാണ് കിച്ചണിൽ ആയിരുന്ന ഞാൻ വേഗം പുറത്തേക്കിയിറങ്ങിയത്.. അതേ, കാത്തുകാതോർത്തിരുന്ന ആ ദിവസം വന്നെത്തി. ഏപ്രിൽ മാസം  വെള്ളിയാഴ്ചയിലെ ഈ  സുന്ദരസായാഹ്നത്തിൽ അത്യപൂർവ്വമായ ചില വികാരങ്ങളാൽ എൻ മനം തുടിച്ചു കൊണ്ടിരുന്ന ആ നിമിഷം കാറിലെ മുൻസീറ്റിൽ നിന്നിറങ്ങിയത് ഇക്ക എന്ന ഇഷ്‌ക്കേറും മൊഴിയിൽ ആശിഖീങ്ങൾ വിളിക്കുന്ന സാക്ഷാൽ 'നിസാമുദ്ധീൻ സുൽത്താൻ ഷാഹ് ഖാദിരി ചിശ്തി' ആയിരുന്നു..


അമ്പരപ്പിനിടയിൽ അത്ഭുതം ആളിക്കത്തിയത് ഞാനറിഞ്ഞില്ല. കാരണം ആദിയിൽ അത്യുന്നതൻ പടച്ച ദിവ്യവെളിച്ചത്തെ ഈ കാലഘട്ടത്തിൽ അഷ്ടദിക്കുകളിലും പ്രോജ്വലിപ്പിച്ചു പ്രകാശിപ്പിച്ച ലോകൈകഗുരു "ഖുതുബുസ്സമാൻ സൂഫീ മുഹമ്മദ്‌  യുസുഫ് സുൽത്താൻ ഷാഹ് ഖാദിരി ചിശ്തി"എന്ന തൗഹീദിന്റെ രാജസിംഹാസനത്തിൽ വിരാജിക്കുന്ന മഹാനവർകൾ മാറി നിന്നതിനു ശേഷം  ആ രാജപദവിയുടെ സിംഹാസനത്തിൽ തൗഹീദിന്റെ കാവലാളുകൾ നിയോഗിച്ച സമകാലിക മുഅമിനീങ്ങളുടെ നേതാവായ 'സുൽത്താൻ നിസാമുദ്ധീൻ മൗല' യെ കാണുമ്പോൾ ആവേശത്തിൻ സീമകൾ അനന്തമാവുന്നതിൽ ആശ്ചര്യപ്പെടാനെന്തിരിക്കുന്നു.

ഞാനാണെങ്കിൽ ആദ്യമായിട്ടാണ് അല്ലാഹുവിന്റെ ഒരു വലിയ്യിനെ കാണുന്നത് തന്നെ, അതും   സുൽത്താനുൽ ഔലിയയുടെ രാജപാതയിലുദിച്ച ഈ കാലഘട്ടത്തിലെ ഔലിയാക്കളിൽ അത്യുന്നതനായ ഒരാളെ. എന്നെ സംബന്ധിച്ചിടത്തോളം ത്വരീഖത്, ശൈഖ് എന്നൊക്കെ അറിയുന്നത്  തന്നെ ഇവിടെ ഖത്തറിൽ എത്തിയതിനു ശേഷമാണ്. കാരണം ചെറുപ്പത്തിലെ മദ്രസ പഠനത്തിന് ശേഷം ഇൽമ് നേടൽ അന്യമായതും ഭൗതിക സുഖ ആസ്വാദനത്തിന്റെ തീയിൽ കിടന്ന് കത്തിയതും കാരണം ഇലാഹീ സ്മരണയിൽ പണ്ടേ പിന്നിലായിരുന്നു. സാഹചര്യങ്ങളുടെ  അനാസ്ഥയും കൊത്തുന്നവരുടെ ചരടുവലികളും ചായക്ക് കടി എന്ന പോലെയായി. പടച്ചവന്റെ അടുത്ത ആളായി പള്ളി ഖതീബുമാരെ മാത്രം അറിയാവുന്ന എനിക്ക് കാലചക്രം തിരിഞ്ഞുവന്നപ്പോൾ ലോകരക്ഷിതാവിന്റെ കേന്ദ്രഭവനം നിലകൊള്ളുന്ന ഈ അറേബ്യയുടെ മണ്ണിൽ വെച്ച് തന്നെ അവനയച്ച രാജദൂതന്മാരിലെ ചക്രവർത്തി സയ്യിദുനാ മുഹമ്മദുറസൂലുല്ലാഹി (സ) യുടെ പിന്തുടർച്ചാ കൈകളിൽ തന്നെ എന്നെ  അവനെത്തിച്ചു. അൽഹംദുലില്ലാഹ്..

Sheikh Nizamudheen Sulthan Shah Qadiri Chishthi

ഭയനൈരാശ്യങ്ങളുടെ പുഴകളിലൂടെ ഒഴുക്കിയ കണ്ണുനീർത്തുള്ളികൾ ചെന്നണഞ്ഞതും സ്നേഹത്തിന്റെ ആ  കരകാണാക്കടലിൽ തന്നെ. വിങ്ങിപ്പൊട്ടുന്ന കുറെ കാലങ്ങൾക്ക് ശേഷം ശുഭപ്രതീക്ഷയാൽ ആർത്തിരമ്പുന്ന തിരമാലകൾക്കിടയിലൂടെ പടച്ച  രക്ഷിതാവിനോടുള്ള നിർഭയത്വം എന്ന തോണിയിൽ സഞ്ചരിക്കാൻ തുടങ്ങിയപ്പോഴാണ് ഞാനറിഞ്ഞത് വഴിവിളക്കായി മുറബ്ബിയായ ഒരു ഗുരുവിന്റെ സാമീപ്യം അനിവാര്യമാണെന്നത്. പിന്നെ അതിനായി ഒഴിഞ്ഞിരുന്ന നാളുകൾ, അഗാധനിശബ്ദത അലങ്കാരമായി കൊണ്ട് നടക്കുന്ന ഖത്തറിലെ കുഗ്രാമയായ അൽ അരീഷിലെ ഈ  മരുഭൂമിയിൽ മാറ്റുരച്ച എന്റെ പ്രാർത്ഥനകളും തേങ്ങലുകളും കാതോർത്തിരുന്നത് ഇവിടുത്തെ പരുക്കൻ പ്രതലങ്ങളും അലഞ്ഞു നടക്കുന്ന കാറ്റുകളുമാണ്. 

അവസാനം എല്ലാം കാണുന്നവനോട് തന്നെ ആ ആഗ്രഹം ഇശ്‌ഖിൻ തിരികൊളുത്തി പറത്തിവിട്ടു. 

അതിങ്ങനെയായിരുന്നു 'ഏഷ്യയിലോ അമേരിക്കയിലോ യൂറോപ്പിലോ ആവട്ടെ, ഈ ലോകത്തിന്റെ ഏത് കോണിലാണ് നിന്റെ മുഹിബ്ബായ ആ മുറബ്ബി എന്നെനിക്ക് അറിയിച്ചു തന്നാലും. നീ ഉദ്ദേശിച്ചാൽ എന്തുതന്നെ തരണം ചെയ്തിട്ടാണെങ്കിലും ഞാനവിടെ പോവുക തന്നെ ചെയ്യും' എന്ന എന്റെ നിശ്ചയദാർഢ്യത്തിന്റെ നീക്കുപോക്കുകൾക്ക് അധികം താമസിക്കേണ്ടി വന്നില്ല. അതിനു മുമ്പും ഒരു സംഭവം ഉണ്ടായിട്ടുണ്ട്, വോട്ടവകാശം കിട്ടിയതിനു ശേഷം  റമളാനിൽ മാത്രമാണ് പള്ളി എന്ന പാവനഗൃഹത്തിൽ ഞാൻ കാലുകുത്താറുള്ളത്. എട്ടോളം വർഷങ്ങളുടെ ഖളാനമസ്കാരങ്ങളുടെ കണക്ക് എന്നെ ഇടയ്ക്കിടെ കൊത്തിവലിക്കാറുണ്ടായിരുന്നു. എണ്ണത്തിൽ പിശക് പറ്റുമോ എന്നോർത്തു വേവലാതി വന്നപ്പോൾ എടുത്ത ഒരു തീരുമാനം ആണ് 'നമസ്കരിക്കാൻ തുടങ്ങാം, പിന്നീട് എല്ലാം അറിയുന്ന റബ്ബിൽ നിന്നുള്ള അറിയിപ്പ് കിട്ടുമ്പോൾ നിറുത്താം. അവൻ എല്ലാം കണ്ടുകൊണ്ടിരിക്കുകയാണല്ലോ' എന്ന്. കാരണം പ്രഭാഷണക്കാരിലൂടെ അത്യത്ഭുതങ്ങൾ നിറഞ്ഞ പണ്ടുകാലത്തെ ഔലിയാക്കളുടെ സംഭവങ്ങൾ എന്റെയുള്ളിൽ ദൃഢത സ്ഥാപിച്ചിരുന്നു. എന്നാലും ഈ കാലത്ത് അങ്ങനെയുള്ളവരൊന്നും ഉണ്ടാവാൻ സാധ്യതയില്ല എന്ന എന്റെ വൃഥാവിശ്വാസങ്ങളെ തകർത്തെറിഞ്ഞുകൊണ്ട് ഞാൻ അന്വേഷിച്ചുകൊണ്ടിരുന്ന എന്റെ ഗുരുവിനെ എനിക്ക് കിട്ടിയത്. 

'നീ തേടുന്നതെന്തോ അത്‌ നിന്നെയും തേടുന്നു' എന്ന ആപ്തവാക്യം പോലെ.  ആഫ്രിക്കയിലും അമേരിക്കയിലും പോവേണ്ടി വന്നില്ല. കാതങ്ങൾ താണ്ടി അലയുകയും വേണ്ടി വന്നില്ല. എനിക്കും എന്റെ രക്ഷിതാവ് ഒരു ഗുരുവിനെ തന്നിരിക്കുന്നു. അതും ഞാൻ വളർന്ന എന്റെ നാട്ടിൽ നിന്നുതന്നെ. നീണ്ട 25 വർഷങ്ങൾ അവിടെ ഉണ്ടായിരുന്നിട്ടും ഒരിക്കൽ പോലും മനസ്സിൽ തോന്നാത്ത ഈ സംരംഭം ആ രാജ്യം വിട്ടുകടന്നപ്പോൾ എന്നിൽ ആവിർഭവിച്ചിരിക്കുന്നു. അല്ലാഹുവിന്റെ വിധിനിർണ്ണയങ്ങൾ അത്യത്ഭുതമാവുന്നതിന് നേർസാക്ഷിത്വം വഹിക്കൽ വലിയൊരു കാര്യമാണ്. അതിലെ കാമ്പുകൾ അറിഞ്ഞില്ലെങ്കിലും ശരി. "അറിയേണമേ! സ്നേഹമില്ലാതെ ഈമാനുണ്ടാവില്ല" എന്ന തിരുവചനത്തിൻ പൊരുൾ പോലെ സ്നേഹത്തെ തേടിയുള്ള എന്റെ  അലച്ചിൽ ചെന്നെത്തിയത് ആ ഗുരുസവിധത്തിലായിരുന്നു.  

നിഗൂഢതകളാൽ വലയം ചെയ്ത ആ മുഖം ആദ്യമായി ഫോണിലൂടെ കണ്ടപ്പോൾ തന്നെ എന്റെ മനസ്സ് നിശ്ചലമാവുകയാണ്.  ശൂന്യാകാശത്തിന്റെ ഇനുമ പോലെ. കാരുണ്യവാന്റെ സ്നേഹസ്പർശനം ആ മുഖത്ത് നിഴലിക്കുന്നുണ്ടായിരുന്നു. രഹസ്യങ്ങളുടെ പ്രഭാവലയം ചുറ്റിനും കറങ്ങുന്നു. എന്റെ ജീവിതം മാറിമറിയാൻ പോവുന്നതിന്റെ തുടക്കമാണോ ഇത്? ഗുരുവിനെ നേരിൽ കാണാനായി  ആശിച്ചു മോഹിച്ചു കാത്തിരിക്കാൻ ഹൃദയം സമ്മതിച്ചില്ലെങ്കിലും അവിടുത്തെ സന്ദേശവാഹകർ ഇവിടേക്ക് വന്നണയാം എന്നറിയിച്ചതിനാൽ ഞാനതിൽ സ്വയം പര്യാപ്തത കണ്ടെത്തി. എന്നാൽ വിധി മറ്റൊന്നായിരുന്നു, അതെന്റെ ചിറക് വിടർത്തിയ സ്വപ്നങ്ങളെയെല്ലാം അരിഞ്ഞുതള്ളി. ആ പുണ്യമുഖമൊന്നു കാണുന്നതിന് മുമ്പേ, ആ സവിധത്തിലണയുന്നതിനു മുന്നേ  കാത്തുകാത്തിരുന്ന് എനിക്ക് കിട്ടിയ ആ ഗുരു റബ്ബിന്റെ സവിധത്തിലേക്ക്  പോയിക്കഴിഞ്ഞിരുന്നു. ദയനീയരംഗങ്ങളുടെ അട്ടഹാസങ്ങളും അന്തർവികാരങ്ങളും ഉച്ചത്തിൽ നിലവിളികൂട്ടിയ ആ ദിനം മനസ്സ് തരിച്ചിരുന്നപ്പോഴും ഭൂമി നിശ്ചലമായപ്പോഴും എന്റെ മാത്രം ഹൃദയവേദനയിൽ ഒരു പങ്കാളിയെയും കൂട്ടിച്ചേർക്കാൻ കഴിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് ആ ദൂതന്റെ സമാശ്വാസവാക്കുകൾ സാന്ത്വനമായി മാറിയത്. അതിങ്ങനെയായിരുന്നു "വിഷമിക്കേണ്ട, ഗുരുവിന്റെ ഒരു അരുമശിഷ്യനുണ്ട്. വളരെ പോരിഷയേറിയ ഒരു മഹാനാണ്. ഗുരുവിന്റെ ആദ്യപുത്രൻ കൂടിയായ 'നിസാമുദ്ധീൻ സുൽത്താൻ ഷാഹ് ഖാദിരി ചിശ്തി'. എല്ലാം അവിടുത്തേക്ക് ഏല്പിച്ചിട്ടാണ് ഗുരു പോയിട്ടുള്ളത്" എന്ന  ജ്വലിക്കുന്ന സ്വാന്തനവാക്കുകൾ എന്റെയുള്ളിൽ  പുകഞ്ഞുകൊണ്ടിരുന്ന നിരാശയുടെ കനലുകളെ കരിച്ചുകളഞ്ഞു. 


സമാശ്വാസമായി ഗുരുവിന്റെ പകരക്കാരൻ ഉണ്ടല്ലോ! അത്‌  മഹായോഗിയായ എന്റെ ഗുരുവിന്റെ പ്രിയപുത്രൻ കൂടിയാണ് എന്നറിഞ്ഞപ്പോൾ ആഹ്ലാദം അതിരില്ലാതെയായി. വീണ്ടും കാത്തിരിപ്പിന്റെ നീണ്ട നാളുകൾ. ഇരതേടിപ്പോയ അമ്മക്കിളിയുടെ വരവും കാത്തിരിക്കുന്ന പക്ഷിക്കുഞ്ഞുങ്ങളെ പോലെ ആത്മാവിൽ അമൃത് കൊണ്ട് നിറയ്ക്കാൻ അവിടുത്തെ സാന്നിധ്യം കൊണ്ട് കഴിയുമെന്ന് ഞാൻ മനസ്സിലാക്കി. മൂന്നു മാസങ്ങളുടെ കാത്തിരിപ്പിന്റെ സുഖവാസങ്ങൾക്കുശേഷം ഇക്കയുടെ സാമീപ്യത്തോടുള്ള സ്നേഹത്തിന്റെ അതിപ്രസരം മൂർദ്ധാവിൽ തളം കെട്ടി നിന്നപ്പോൾ അതിനു കടിഞ്ഞാണിട്ടത് വെള്ളിയാഴ്ചയിലെ ശാന്തസുന്ദരമായ ഈ സായാഹ്നമാണ്. 

സൂര്യകിരണങ്ങളുടെ തഴുകലേറ്റ് വെമ്പുകൊള്ളുന്ന കടൽത്തീരം. തൈതെന്നലിന്റെ ഇളം തണുപ്പുള്ള തലോടൽ. എന്നാൽ ഇവയൊന്നും എന്റെ ഹൃത്തടത്തിൽ കുളിർമഴ പെയ്യിച്ചില്ല. ആവേശം അങ്കലാപ്പിൻ കുത്തൊഴുക്കിൽ പെട്ട് അണപൊട്ടിയൊഴുകി. ഞാനാണെങ്കിൽ ആദ്യമായി ഇക്കയെ നേരിട്ട് കാണാൻ പോകുന്ന ത്രില്ലിലും. ആഗതരെ സ്വീകരിക്കാൻ അടുക്കളയിൽ അറേബ്യൻ മഞ്ഞച്ചായ തയ്യാറാക്കുമ്പോഴാണ് എൻ  സ്വപ്നങ്ങളിലെ രാജകുമാരൻ രാജകീയ വാഹനമായ ലെക്സസിൽ വന്നിറങ്ങുന്നത്. എന്റെ സങ്കല്പം തന്നെ മാറ്റിമറിക്കുന്നതായിരുന്നു ഇക്ക എന്ന ഇലാഹിന്റെ കൂട്ടുകാരൻ. ആദ്യമായി ആ മുഖത്തേക്ക് കണ്ണോടിച്ചപ്പോൾ തന്നെ ആകർഷണതയുടെ അന്തർവലയം അങ്ങിനെ പൊതിഞ്ഞു നിന്നു. ആരും നോക്കിനിന്നു പോവുന്ന രൂപം. പരമാധികാരത്തിന്റെ അനുയോജ്യതയാൽ പക്വമാർന്ന ഭാവം.
അഴകിൽ ആകർഷകത്വം, ശൈലിയിൽ ശതപദ്മം, ദ്രുപദദൃഢത പോലെ കരുത്തുറ്റ ശരീരം. പിറകിലേക്കിറക്കി  നീട്ടിവളർത്തിയിട്ടിരിക്കുന്ന നീണ്ട മുടിയിഴകൾ ആ നീളൻ മുഖത്തിന്നഴക് കൂട്ടുന്നുണ്ട്. ശരീരത്തിൽ ഒട്ടി എന്നാൽ  തഴുകി നടക്കുന്ന ലിനൻ തുണിയുടെ കറുത്ത ഷർട്ട് രണ്ട് മുട്ടുകൈകൾക്കുമുകളിൽ മടക്കിവെച്ച് അവിടെയുള്ള ബട്ടൻസ് കൂടിയിട്ടപ്പോൾ ആ കൈകളുടെ കരുത്ത് നല്ലോണം വ്യക്തമാവുന്നു. ചെറിയ കോളറിന്റെ ഉൾഭാഗത്തെ നീലവർണ്ണം ഡെനിം ജീൻസിന്റെ നിറവുമായി കട്ടക്ക് നിൽക്കുന്നു. വലതുകയ്യിലെ മോതിരവിരലിൽ ഡാർക്ക്‌ ഗ്രീൻ നിറത്തിലുള്ള വലിയ മോതിരക്കല്ലിന് വൃത്താകൃതിയിലുള്ള ആവരണം പഞ്ചലോഹത്താൽ അലംകൃതമായതാണ്.
മുഖത്തിൽ ഒതുങ്ങിയിരിക്കുന്ന ഡാർക്ക് ബ്രൗൺ റെയ്ബാൻ ഗ്ലാസ്സ്   സെറ്റപ്പിനൊത്ത ഗെറ്റപ്പ് തന്നെ. ബ്ലാക്ക് സ്ട്രിപ്പോടുകൂടിയ ഗോൾഡെൻ റോളെക്‌സ്‌ വാച്ച് പ്രൗഢിയുടെ പാരമ്പര്യം വിളിച്ചോതി.
ടോമ്മി ഹിൽഫിഗറിന്റെ ബ്ലാക്ക് ഷൂസിനു മുകളിലായി ഡെനിം തങ്ങിനിൽക്കുന്നുണ്ട്. വളരെ സുന്ദരമായി മാത്രമേ റസൂൽ കരീം (സ) മറ്റുള്ളവരെ സമീപിച്ചിരുന്നുള്ളൂ എന്ന കാര്യം കലാതിവർത്തിയായി കടന്നുവരുന്നതിൽ കാര്യകാരണങ്ങൾ കടഞ്ഞെടുക്കേണ്ടതില്ലല്ലോ? അതും നൂറ്റാണ്ടുകളുടെ പോരിശയേറിയ കുടുംബപാരമ്പര്യമുള്ള വെണ്ണിപ്പറമ്പ് തറവാട്ടിലെ സമകാലിക ഉദയസൂര്യൻ തന്നെ ആകുമ്പോൾ. ഒരുപാട് ആലിമീങ്ങളും ഔലിയാക്കളും ഖുതുബുസ്സമാനും ജന്മമെടുത്ത വിശ്രുതമായ ആ കുടുംബവേരുകൾ ചെന്നണയുന്നതും ഭൂമിയിലെ സ്വർഗ്ഗമായ അയൽ രാജ്യത്തെ  മൊഞ്ചുള്ള മദീനയിൽ ഉദിച്ച അൻസ്വാരീസ്വഹാബിയിൽ ആണ്.

കണ്ണഞ്ചിപ്പിക്കുന്ന രൂപലാവണ്യത്തോടെ 
കാറിൽ നിന്നിറങ്ങി നിൽക്കുന്ന  അത്യുന്നത വ്യക്തിത്വം, 'സുൽത്താൻ നിസാമുദ്ധീൻ ഷാഹ് ഖാദിരി ചിശ്തി' എന്ന ഇശ്‌ഖേറും ഇക്കയുടെ ചാരെ ചെന്ന് അവിടുത്തെ കയ്യിൽ ആദ്യമായി ഞാനെന്റെ പ്രണയപുഷ്പങ്ങൾ അർപ്പിച്ചു. പരിമളം പടർന്നു  ഉള്ളിലേക്കിരച്ചു കയറി. ആദ്യം കണ്ടപ്പോൾ തന്നെ അവിടുത്തെ മനംമയക്കുന്ന പുഞ്ചിരിയുടെ മനോഹാരിത എന്റെയുള്ളിലെ ആസ്വാദകനെഞ്ചകത്തെ ആലിംഗനം ചെയ്തു. അവിടുത്തെ കീഴ്‌വണക്കങ്ങളുമായി ഇണചേരാൻ  എന്നെയും എന്റെ ആഗ്രഹങ്ങളെയും അപ്പോൾ തന്നെ ഞാനാ സവിധത്തിൽ അർപ്പിച്ചിരുന്നു. വിശേഷവർത്തമാനങ്ങൾക്കിടയിൽ 
കയ്യിലെ പെപ്സികാനിൽ നിന്ന് ഇക്ക ഇടയ്ക്കിടെ സിപ് ചെയ്യുന്നുണ്ട്. വിശാലമായ കടലിലേക്ക് നോക്കി ചിന്തകൾ അയവിറക്കുമ്പോൾ ആ പെപ്സി എനിക്ക് തന്നു. പകുതിക്കും താഴെവരെയുണ്ട്. ഞാനത്‌ ചുണ്ട് മുട്ടിച്ചു തന്നെ കുടിച്ചു. എന്റെ ഹൃദയസിംഹാസനത്തിലെ രാജാവിന്റെ മകൻ കുടിച്ചത്തിന്റെ ബാക്കി. അതിൽ ആസ്വദിച്ചുനിൽക്കുമ്പോൾ കൂടെയുള്ള  ഷാഹുൽ വാഫിയുടെ കണ്ണുകൾ എന്നിൽ ചുഴിഞ്ഞിട്ട് പെപ്സിയിലേക്ക് പോയി. അപ്പോൾ മനസ്സിലായി ഇക്ക  കുടിച്ചതിന്റെ ബാക്കികളിൽ എന്തോ വിലപ്പെട്ടതൊന്നുണ്ടെന്ന്. കൂടെവന്ന ഖാസി, തസ്ലീം, യൂസുക്ക എന്നിവരും ആ വിലയേറിയ ഖനിയുടെ മധുരമറിഞ്ഞു. 
അപ്പോഴാണ് മലപ്പുറംകാരനായ  ഇവിടുത്തെ കുക്ക് ബക്കറിന്റെ വരവ്. മൂപ്പർക്ക് ഇക്കയെ അറിയില്ല. ആൾ കുറച്ചകലെ കടലിൽ ഞണ്ടിനെ പിടിക്കാൻ നടക്കുകയായിരുന്നു. വേലിയേറ്റ സമയമാണ്. കരയിൽ നിന്ന് നോക്കുമ്പോൾ അവിടമാകെ മൂടൽ മഞ്ഞുപോലെ തോന്നിക്കുന്നതിനാൽ വെള്ളം എവിടെവരെ ഉണ്ടെന്നറിയാൻ കഴിയില്ല. അതിനാൽ വെള്ളത്തിന്റെ മുകളിൽ നടക്കുന്നതായേ തോന്നൂ. 

ആഗതർ വന്നതുകണ്ടപ്പോൾ അദ്ദേഹം ഓടിവന്ന് ഇക്ക ആണെന്ന് കരുതി കൂടെവന്ന മറ്റൊരാളുടെ കൈ പിടിച്ചു മുത്തി. അദ്ദേഹമപ്പോൾ തന്നെ കൈ വലിച്ചു കളഞ്ഞു. എന്നിട്ട് ഇക്കയ്ക്കും മറ്റുള്ളവർക്ക് ഹസ്തദാനം കൊടുത്തു. ഞങ്ങൾക്ക് ചിരി പൊട്ടി. ഇക്ക ചിരിച്ചുകൊണ്ട് അദ്ദേഹത്തോട് തമാശക്ക് ചോദിച്ചു!?  നിങ്ങൾ വെള്ളത്തിനു മുകളിലൂടെ നടക്കുന്നത് കണ്ടു! കറാമത് ആണോ?!  അദ്ദേഹം ചിരിച്ചുകൊണ്ട് ഞണ്ടിനെ നോക്കാൻ പോയതാണെന്ന് മറുപടി പറഞ്ഞു.. വിശേഷവർത്തമാനങ്ങൾ ഒത്തിരി  പറഞ്ഞിട്ടും അയാൾക്ക് ഇക്കയെ മനസ്സിലായില്ല.. ഇക്കയോട് വീട് എവിടെയാണ് എന്ന് ചോദിച്ചു?  ഇക്ക ആലുവയിൽ ആണെന്ന് പറഞ്ഞു.. അപ്പോൾ അദ്ദേഹം പറയാ, എന്റെ വീട്  മലപ്പുറത്താണ്, നമ്മൾ തമ്മിൽ ഒരുപാട് ദൂരമുണ്ടല്ലേ! എന്ന്... ഇക്കയ്ക്ക് ചിരി വരുന്നുണ്ട്. മഹാനെയും ഇക്കയെയും പറ്റി അദ്ദേഹവും ആദ്യമായി അറിയുകയാണ്, ഞാൻ പറഞ്ഞിട്ട്.. പിന്നെയും കുറെ നേരം കഴിഞ്ഞ് ഇക്കയെ മനസ്സിലായപ്പോൾ  ആദരവോടെ നിന്നു. പിന്നീട് സുബൈർ ബാഖവി ഉസ്താദിനോട് അദ്ദേഹത്തിന് സ്വലാത്ത് കൊടുക്കാൻ ഇക്ക പറഞ്ഞു. 

ഞാൻ ഇക്കയ്ക്ക് ചെറിയ ഗ്ലാസിൽ മഞ്ഞ നിറത്തിലുള്ള ഖാവ കൊണ്ട് കൊടുത്തു. അത്‌ കുടിച്ച ശേഷം കടൽത്തീരത്തേക്ക് പോയി നിന്നു.. പ്രവിശാലമായ ഇവിടുത്തെ  കടൽ പുറമെ ശാന്തവും അകമേ ഭീകരവുമാണ്. മൂന്നു വ്യത്യസ്ഥ നിറങ്ങൾ അതിന് മനോഹാരിത നൽകുന്നു. അരികിൽ വെള്ളയും നടുക്ക് പച്ചയും അകലെ നീലയും. നാട്ടിലെ പോലെ ഉയരമുള്ള തിരമാലകളില്ല. എന്നാൽ ശക്തമായ അടിയൊഴുക്കുണ്ടാവും. അടിയിൽ ഉറച്ചപാറക്കല്ലുകൾ. അതിനു മീതെ ഐവറി നിറമുള്ള മണ്ണിന്റെ വിരിപ്പുള്ളതിനാൽ ഒരുപാട് ദൂരം ഉള്ളിലേക്ക് നടന്നുപോകാം. ഡ്രൈവ് ചെയ്യാം. 

4 വീൽ ഡ്രൈവ് അല്ലെങ്കിൽ സൂക്ഷിച്ച് ഓടിക്കണം. ടയർ താഴ്ന്നു പോകാൻ സാധ്യതയുണ്ട്.
ഉൾക്കടലിൽ വരെ ഉയർന്നു പൊങ്ങി നിൽക്കുന്ന വലിയ പാറക്കൂട്ടങ്ങളുണ്ട്. ചെറുമീനുകളെ റാഞ്ചിപ്പിടിക്കാൻ വരുന്ന കൊക്കുകളും കാക്കകളും  അതിനുമുകളിലാണ് വിശ്രമിക്കുന്നത്.
അങ്ങകലെ ആഴങ്ങളിലേക്ക് നോക്കി നിൽക്കുന്ന ഇക്കയുടെ സമീപത്തേക്ക് ഞാൻ നടന്നു. ഇക്കാ, ബോട്ട് ഉണ്ട്. കടലിൽ പോയാലോ? മുന്നിൽ തന്നെ നങ്കൂരമിട്ടിരിക്കുന്ന യമഹ എഞ്ചിൻ ഘടിപ്പിച്ച സ്പീഡ് ലൗഞ്ചെറിലേക്ക് കൈ ചൂണ്ടിക്കൊണ്ട് ഞാൻ ചോദിച്ചു! പിന്നെ പോവാം എന്ന് ഇക്ക മറുപടി പറഞ്ഞു. അധികം താമസിയാതെ സുബൈർ ബാഖവി ഉസ്താദ് വന്നു. കൂടാതെ ഖത്തറിന്റെ പല ഭാഗങ്ങളിൽ നിന്നും മുഅമിനീങ്ങളും മുഅമിനത്തുകളും അവരുടെ കുട്ടികളുമായി  വന്നുകൊണ്ടിരുന്നു. കടൽത്തീരം ജാനബാഹുല്യത്താൽ നിബിഢമായി. 

കുട്ടികൾ പരിസരത്തെ കുഴമണ്ണിൽ ഓടിക്കളിക്കുന്നു. ചിലർ കടൽത്തീരത്തെ ചെറിയ പാറകൾക്ക് മുകളിൽ നിൽക്കുന്നു. എനിക്കാണെങ്കിൽ നാട്ടിലെത്തിയ പ്രതീതിയായിരുന്നു. എല്ലാവരും ബന്ധുക്കളെയും സഹോദരങ്ങളെയും പോലെയാണ് പെരുമാറുന്നത്. ജാഫറെത്തിയപ്പോൾ കിച്ചണിൽ ഭക്ഷണം തയ്യാറാക്കുന്ന പരിപാടിക്ക് തുടക്കമായി. 

അപ്പോഴാണ് ഖാസി വന്നു പറഞ്ഞത് ഇക്ക പറഞ്ഞു കടലിലേക്ക് പോകാമെന്ന്.. കേൾക്കേണ്ട താമസം ഞാൻ വേഗം ബോട്ടിൽ പെട്രോളും ഓയിലും നിറച്ചു. നിസ്സാൻ പിക്കപ്പ് എടുത്ത് കടലിലേക്കിറക്കി. വെള്ളം ബോട്ട് കിടക്കുന്ന ഭാഗത്ത്‌ എത്തിയിരുന്നില്ല. അതിനാൽ കുറച്ചുദൂരം ഈ പിക്കപ്പിൽ കെട്ടിവലിച്ചു കൊണ്ടുപോയി വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നയിടത്ത് കൊണ്ടിടണം. ഇക്ക മറ്റൊരു വണ്ടിയിൽ അങ്ങോട്ടെത്തി. ബോട്ടിലിപ്പോൾ ഇക്കയെ കൂടാതെ ഫാഹിദ്, ഖാസി, നുസൈഫ്‌, ഹാഷിർ എന്നിവർ കൂടി കയറി. എഞ്ചിൻ സൈഡിൽ ഇക്കയോടൊപ്പം ഞാനുമിരുന്നു. മറ്റുള്ളവരെ ബാലൻസ് കിട്ടുന്ന സ്ഥലങ്ങളിൽ ഇരുത്തിച്ചു. എഞ്ചിൻ സ്റ്റാർട്ട്‌ ചെയ്തു. ചെറിയ ഓളങ്ങളെ വകഞ്ഞുമാറ്റി ബോട്ട് മുന്നോട്ട് നീങ്ങി.

കുറച്ചു നീങ്ങിയപ്പോൾ ബോട്ട് അടിയിൽ ഉരയുന്നുണ്ട് എന്ന് ഇക്ക പറഞ്ഞപ്പോൾ രണ്ട് പേരെ ഇറക്കി. കാരണം വേലിയേറ്റ സമയമായിരുന്നതിനാൽ വെള്ളം സാവധാനമേ എത്തൂ. ബോട്ട് വീണ്ടും മുന്നോട്ട് കുതിച്ചു. ഞാൻ ഇക്കയോട് ചേർന്നാണ് ഇരിക്കുന്നത്. മനസ്സിൽ  വികാരവിചാരങ്ങളുടെ അണപൊട്ടി. അപൂർവ്വരാഗങ്ങൾ ശ്രുതി പാടുന്നതും പ്രണയത്തിൻ അഗ്നിജ്വാലകൾ ആളിപ്പടരുന്നതും ഹൃദയാന്തർഭാഗത്ത്‌ കോളിളക്കമുണ്ടാക്കി. ആദ്യകൂടിച്ചേരൽ ആനന്ദതുന്ദിലമാവുന്നത്  അത്ഭുതമായിരിക്കുകയാണ്. കാണാൻ കൊതിയോടെ കാത്തിരുന്ന എന്റെ  പ്രിയഗുരുവിന്റെ പ്രാണൻ, 14 വയസ്സുവരെ ഗുരുവിന്റെ ചൂടേറ്റ് കിടന്നുറങ്ങിയ അവിടുത്തെ അരുമശിഷ്യൻ. 
ആ ചൂടിൽ വിരിഞ്ഞ അനുരാഗത്തിന്റെ കണികകളിൽ ഒരംശമെങ്കിലും ഇടയ്ക്കിടെയുള്ള ഈ  സ്പർശനങ്ങളിലൂടെ ലഭിച്ചിരുന്നെങ്കിൽ എന്റെ അഖിലലോക ജീവൽഘട്ടങ്ങളിൽ  നിഹിതമായതെല്ലാം അതിൽ ധന്യമായേനെ,  ഇക്കയുടെ ഹൃദയത്തിൽ വിരിയുന്ന ഇശ്‌ഖിൻ പൂമ്പൊടിയിലെ മധുനുകരാൻ ഭാഗ്യം ലഭിച്ച പൂമ്പാറ്റക്കൂട്ടങ്ങളിൽ ഈ ഞാനും കൂടിയുണ്ടെങ്കിൽ സ്വർഗ്ഗലോകങ്ങൾ  പോലും അതിലേക്ക് അസൂയയുടെ അമ്പെറിഞ്ഞേക്കാം. എന്നാലും അങ്ങകലെ ഉണ്മയിലെ അനാദിയിൽ മൊട്ടിട്ടൊരു പ്രണയത്തിന്റെ കൂടിച്ചേരലാണോ ഇത്? ചുറ്റിനും നയനമനോഹരമായ ഓളങ്ങൾ മതിമറന്ന് നൃത്തം ചെയ്യുകയാണോ? അതെ, ആകാശമവിടെ കടലിനറ്റത്ത് വന്ന് പ്രണയാർദ്രുതമായി  ജലസാഗരത്തിനു മീതെ  ചുടുചുംബനങ്ങൾ അർപ്പിക്കുന്നുണ്ട്. തണുപ്പിനെ തഴുകി നടക്കുന്ന കുളിർകാറ്റുകൾ ഞങ്ങളെയെല്ലാം പൊതിഞ്ഞുകൊണ്ടിരുന്നു. എന്നാലത് ഇക്കയുടെ മുടിയിഴകൾ പാറിപ്പറത്തുന്നതിൽ മത്സരിക്കുന്നുമുണ്ട്. ആ കാഴ്ച്ചയാവട്ടെ  മറ്റെല്ലാ പരിണമിക്കുന്നവയെയും തോൽപിച്ചുകളഞ്ഞു. ഞാൻ കണ്ണെടുക്കാതെ ആ രംഗമങ്ങനെ  കവർന്നെടുക്കുമ്പോഴാണ് ഇക്കയുടെ ചോദ്യം! "അവിടെ കടലിനുള്ളിലേക്ക്  കെട്ടിനിറുത്തിയത് അതിനുള്ളിലേക്ക് ബോട്ട് പോകാനാണോ?" എന്ന്.. ആ ദിശയിലേക്ക് കൈചൂണ്ടിയാണ് ഇക്ക ചോദിച്ചത്.. ഞാൻ പറഞ്ഞു ആ, അത്‌ ഖത്തർ നേവി സ്റ്റേഷനാണ്. ശേഷം ഇവിടുത്തെ കാര്യങ്ങളെ സംബന്ധിച്ച് ചെറിയൊരു വിവരണം നടത്തി.

ഇവിടുന്ന് ഏതാനും  കിലോമീറ്ററുകൾ കഴിഞ്ഞാൽ ബഹ്‌റൈൻ അതിർത്തിയാണ്. കടൽപ്പാലത്തിലൂടെ അവരുടെ എണ്ണക്കിണറുകളിലേക്ക് പോകുന്ന വാഹനങ്ങൾ രാത്രികാഴ്ചയിൽ കാണാം. അതിന്റെ എതിർദിശയിലേക്കാണ് ഞങ്ങൾ പോയിക്കൊണ്ടിരിക്കുന്നത്. കടലിനടിയിലെ ചിലസ്ഥലങ്ങളിൽ മണ്ണിനു പകരം നിറയെ പാറക്കൂട്ടങ്ങൾ 
ആയിരിക്കും. അവിടെയാണ്  മൽസ്യങ്ങളുടെ വാസസ്ഥലം. 
ഹാമൂർ,  ഷാഫി, സേരി തുടങ്ങിയ മീനുകളാണ് കൂടുതലുള്ളത്. അക്വേറിയത്തിലിടാൻ പറ്റുന്നതരത്തിലുള്ള വിവിധ വർണങ്ങളിലുള്ള മത്സ്യങ്ങളുമുണ്ട്. നടുക്കടലിലെ ചില പാറക്കൂട്ടങ്ങളിൽ നമുക്ക് ഇറങ്ങി നിൽക്കാൻ വരെ കഴിയും. എന്നാൽ തൊട്ടടുത്ത്  അഞ്ചാൾപൊക്കമെങ്കിലും ആഴമുണ്ടാകും. ജിപിഎസ് നോക്കിയാണ് അതൊക്കെ മനസ്സിലാക്കുന്നത്. നല്ല തെളിഞ്ഞ വെള്ളമായതിനാൽ അടിഭാഗം വളരെ നന്നായിത്തന്നെ കാണാം. ഇടയ്ക്കിടെ എന്റെ ഫ്രെണ്ട്സ് വരുമ്പോൾ ഞങ്ങൾ ബോട്ട് നടുക്കടലിൽ നങ്കൂരമിട്ടിട്ട് പാറക്കൂട്ടങ്ങളിലെ അത്ഭുതക്കാഴ്ചകൾ തേടിയിറങ്ങാറുണ്ട്. മീൻ പിടിക്കാനും പോകും. ഇപ്പോൾ അതിന് സമയമില്ല.  പടിഞ്ഞാറൻ ചക്രവാളത്തിൽ അസ്തമയസൂര്യൻ രംഗം വിടാൻ തയ്യാറെടുക്കുന്നു. കുറച്ചു കൂടി പോയപ്പോൾ ഇക്ക പറഞ്ഞു 'മതി, ഇനി തിരിച്ചു പോകാമെന്ന്'. പോരുമ്പോൾ ഇക്കയാണ് ബോട്ട് ഓടിച്ചത്. ആക്സിലറേറ്റർ ഓളത്തിനൊപ്പം ഒപ്പിച്ച് കൊടുത്ത് റിസോർട്ട് ലഷ്യമാക്കിയുള്ള ഇക്കയുടെ ഡ്രൈവിങ് ആസ്വദിച്ചുകൊണ്ടിരുന്നപ്പോൾ ബോട്ട് കരയ്ക്ക് എത്താറായിരുന്നു. അപ്പോൾ എനിക്ക് കൈമാറി. 
ഇവിടെ  ജലസാന്ദ്രത കുറവായതിനാൽ എഞ്ചിന്റെ ഇരുമ്പുപങ്ക നിലത്തുമുട്ടി ജലത്തിനൊപ്പം മണലിനെയും കറക്കിയാണ് നീങ്ങുന്നത്. അതിനാൽ എല്ലാവരും ഇറങ്ങി. ബോട്ടിനെ  കരയിലേക്ക് എത്തിച്ചപ്പോഴേക്കും അതിനെ വലിച്ചുകൊണ്ടുപോകാൻ വന്ന നിസ്സാൻ പിക്കപ്പ് അതാ ടയർ നിലത്തുതാഴ്ന്നു നിലവിളിക്കുന്നു. പിന്നെ എല്ലാവരും മാറിമാറി പരീക്ഷിച്ച്  തോൽവി സമ്മതിച്ചപ്പോൾ ടൊയോട്ട 4×4 പിക്കപ്പിൽ കെട്ടിവലിച്ച് നങ്കൂരമിടുന്ന സ്ഥലത്തെത്തിച്ചു. കരയിലായിരുന്നെങ്കിൽ ഒരു കൈ നോക്കിയേനെ. വാഹനം പാർക്ക്‌ ചെയ്തശേഷം ഞാൻ ശുദ്ധി വരുത്താൻ പോയി. 

മസ്ജിദിൽ ആളുകൾ മഗ്‌രിബ് നമസ്കരിക്കുന്നുണ്ട്. ഇപ്പോൾ ആഗതരുടെ എണ്ണം കൂടിയിരിക്കുന്നു. ഏകദേശം അമ്പതോളം ആളുകൾ ഉണ്ടാവും. രണ്ടു മജ്ലിസുകളിലും വിവിധ റൂമുകളും നിറഞ്ഞു. കിച്ചണിൽ  
ചിക്കൻ ഷവായ, അൽഫഹം പിന്നെ  ഖുബ്ബൂസ്, റൊട്ടി, സാലഡ് എന്നിവയുടെ പണികൾ പുരോഗമിക്കുന്നു.  സ്പെഷ്യൽ ആയി കുഴിമന്തിയുമുണ്ട്. മൊത്തത്തിൽ ഒരു പെരുന്നാളിന്റെ പ്രതീതിയാണ്. പൊന്നമ്പിളിയുടെ പ്രഭ കടലിൽ വെട്ടിത്തിളങ്ങുന്നു.. പൗർണ്ണമിരാവുകളിലെ വിടവാങ്ങൽ സമയത്താണ് അമ്പിളിയുടെ അത്ഭുതം ദർശിക്കാനാവുക. പ്രഭപരത്തിക്കൊണ്ട് കടലിനുള്ളിൽ ഒളിച്ചിരിക്കുന്നപോലെ തോന്നും. അടുത്തേക്ക് ചെന്നാൽ നമ്മെ പറ്റിച്ചു കടന്നുകളയും. ഖാദിരികളൊക്കെ ഇടയ്ക്ക് ഇവിടെ വരാറുണ്ട്. കോടികൾ കൊടുത്താൽ പോലും കിട്ടാത്തൊരു അമൂല്യനിധി കനിവിനാൽ സമ്മാനമായി തന്ന പ്രിയഗുരുവര്യരെ കുറിച്ചുള്ള ഓർമ്മകൾ അയവിറക്കാൻ, വായു മലിനീകരണമില്ലാത്തതിനാൽ തെളിഞ്ഞു കാണുന്ന നക്ഷത്രങ്ങളുടെ നയനവിസ്മയം ആസ്വദിക്കാൻ. നിശബ്ദത പീലിവിടർത്തുമ്പോൾ ഇരുട്ട് കടലിനൊപ്പം ചേർന്ന് നിറഞ്ഞാടുന്നത് കാണാൻ, അല്ലേലും സൂഫികളും കടലുമായി എന്തോ നിഗൂഢബന്ധമുണ്ടെന്ന് പറയാറുണ്ട്. 

കടൽത്തീരത്തിരുന്നുകൊണ്ട്  പ്രകൃതിയുടെ പാട്ടുകൾ കേട്ട് ഏകാന്തമായി ഏകനിലേക്കുയർത്തുന്ന തൗഹീദിൻ ധ്വനികൾ ഉദ്ധതയിലെത്തി  താണ്ഡവമാടുമ്പോൾ ഈ കടലിനക്കരെയുള്ള വിശുദ്ധ മദീനയിൽ തൗഹീദിൻ ചക്രവർത്തിയുടെ പച്ചക്കൊട്ടാരത്തിൽ നിന്നും തഴുകിയെത്തുന്ന കുളിർകാറ്റുകൾ കിന്നാരം പറയുന്നുണ്ടാവും. കാലഗണനകൾക്കതീതമായ അവിടുത്തെ പാരമ്പര്യ അവകാശികൾ ഇക്കയുടെ കീഴിൽ ഒത്തുകൂടിയ ഈ രാവിൽ ഞങ്ങളെയെല്ലാം അനുഗ്രഹിക്കാൻ ആ മഹോന്നതനായകൻ കൂടി ആഗതമായെങ്കിൽ! ഇക്കയോടൊപ്പമുള്ള ഈ അസുരഭനിമിഷങ്ങളിൽ ആഗ്രഹങ്ങൾക്കൊപ്പം  അവസാനിക്കാതെ നിൽക്കുന്ന അവിടുത്തെ സാന്നിധ്യം കൊതിക്കാത്തതായി ആരുണ്ട്?  അപ്പോഴാണ് ഖവ്വാലി തുടങ്ങാൻ സമയമായി എന്നറിയിപ്പ് കിട്ടിയത്. അതിനായി വിശാലമായ കൂടാരമജ്ലിസ് ആണ് തിരഞ്ഞെടുത്തത്. 

അറേബ്യൻ തനത് ശൈലിയിൽ രൂപകൽപന ചെയ്ത ഈ കൂടാരത്തിൽ ഓരോരുത്തർക്കും ഇരിക്കാനായി വേർതിരിച്ച കുഷ്യനുകളുണ്ട്. ചാരാൻ പില്ലോയും. ഇക്കയ്ക്ക്  മജ്‌ലിസിന്റെ ഇരു കവാടത്തിനുമിടയിലുള്ള സ്ഥലത്താണ് ഇരിപ്പിടം ഒരുക്കിയത്. ഞങ്ങളെല്ലാം ഇക്കയ്ക്ക് അഭിമുഖമായി ചുറ്റിനും  ഇരുന്നു. ഗുരുവിന്റെ മുന്നിൽ ശിഷ്യന്മാർ ഇരിക്കുന്നത് പോലെ. ഗായകർ ഇക്കയുടെ വലതു ഭാഗത്തും. 
ഞാൻ ഇക്കയുടെ നേർ മുന്നിലായി സ്ഥാനം പിടിച്ചു. ആ പൂമുഖത്തേക്ക് നോക്കിയിരുന്നുകൊണ്ട് ഖവ്വാലി എന്ന ലയനസംഗീതത്തിലും  അതിലടങ്ങിയിരിക്കുന്ന ഇശ്‌ഖിൻ അലയൊലികളുടെ സാക്ഷിത്വത്തിൽ ആസ്വദിക്കാനും സാധിച്ചു.  രാജാധിരാജനായ റബ്ബിനും എനിക്കുമിടയിൽ കോർത്ത  മുത്തുകളുടെ ആന്തോളനങ്ങൾ ഇക്കയുടെ സാന്നിധ്യത്തിൽ വെട്ടിത്തിളങ്ങുന്നു. ദേവലോകത്തിരിക്കുന്ന പ്രതീതി. ഒരു ഖവ്വാലിയിൽ പങ്കെടുക്കണമെന്ന ആ  ആഗ്രഹവും പൂവണഞ്ഞു. പിന്നീട്  എല്ലാവരും ഇക്കയോടൊപ്പം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. ശേഷം പോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങുകയായി. ഞാൻ ഇക്കയോട് 'ഇന്ന് ഇവിടെ താമസിച്ചു നാളെ പോയാൽ പോരെ' എന്ന് ചോദിച്ചു.. "ഇല്ല നമസ്കരിക്കാനൊക്കെയുണ്ട്. ഇവിടെവെച്ചായാൽ നമ്മുടെ പരിപാടി ഒന്നും നടക്കൂല്ല" എന്ന് മറുപടി പറഞ്ഞു. കാരണം ഇക്കയ്ക്ക് ഇഷാ നമസ്കാരശേഷം ഔറാദുകൾ  ചെയ്യാനുണ്ട്. മഗ്‌രിബ് ഇഷായിലേക്ക് ജംആക്കിയിട്ടാണ് വന്നത്, അല്ലെങ്കിൽ കുറച്ചു സമയം കൂടി നിൽക്കുമായിരുന്നു എന്ന് കൂടെവന്ന ഒരാൾ എന്നോട് പറഞ്ഞു. എല്ലാവരും  പോകാനുള്ള ഒരുക്കമായി. ഇക്കയുടെ ലെക്സസിനു പിറകിലായി മറ്റുള്ള കാറുകൾ അണിനിരന്നു. ഇക്കയോട് യാത്ര പറഞ്ഞപ്പോൾ ആ സാമീപ്യം കൊണ്ടനുഗ്രഹീതമായ ഈ ദിനം നൽകിയ ആഹ്ലാദം എന്റെയുള്ളിൽ അലയടിച്ചു. എന്നാലും  നമ്മൾ ഒരുപാട് സ്നേഹിക്കുന്നവർ താൽക്കാലികമായിട്ടാണെങ്കിലും അകന്ന് പോകുമ്പോൾ ഉണ്ടാകുന്ന ഒരു  തീവ്രവികാരം ഞാനപ്പോൾ അടക്കിപ്പിടിച്ചു. വിഷമത്തോടെയാണെങ്കിലും എല്ലാവരോടും അനുരാഗത്തിൽ  പൊതിഞ്ഞ യാത്ര പറഞ്ഞു. എന്നാൽ ആഗതർ പോയിക്കഴിഞ്ഞ് താമസംവിനാ ഇവിടെ സംഭവിച്ചത് എന്നെ അമ്പരപ്പിച്ചു. 

ശാന്തമായ പ്രകൃതിയിൽ പൊടുന്നനെ ഖിബ്‌ലയുടെ ദിശയിൽ നിന്നും അതിശക്തമായി വന്ന  ഒറ്റക്കൊടുങ്കാറ്റ് അതിർത്തിയെ  തകർത്തുകളഞ്ഞു. ആകാശം പിളർത്തിക്കൊണ്ട് ഒറ്റ ഇടിവെട്ടി. ഭ്രാന്ത് പിടിച്ച കരിമേഘങ്ങൾ തമ്മിൽ കൂട്ടിമുട്ടി, മഹാമാരിത്തുള്ളികൾ ഒറ്റപ്പെയ്ത്തിൽ കുടഞ്ഞിട്ടു. ഇളകിമറിയുന്ന കടൽ ഘോരശബ്ദത്തോടെ കരയെ വിഴുങ്ങാൻ തുടങ്ങി. പ്രകൃതിയുടെ അട്ടഹസിക്കുന്ന ശബ്ദം കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു. ആദ്യം വന്ന ഒറ്റക്കൊടുങ്കാറ്റിനൊപ്പം ഇവകളും പോവുകയാണ്, ഇക്കയും കൂട്ടരും പോയ അതേ ദിശയിലേക്ക്.. ഇതൊക്കെ കണ്ട് അന്തം വിട്ടുനിന്ന എന്നെ അന്തരീക്ഷം പേടിപ്പിക്കുമ്പോഴും ഇക്കയെന്ന വികാരം ഉള്ളിൽ കിടന്നൊന്ന് പിടഞ്ഞപ്പോൾ പേടി പ്രേമമായായി മാറി. 
പിന്നീട് ഇക്ക പറഞ്ഞപ്പോഴാണ് അറിഞ്ഞത് പ്രകൃതിയുടെ ഉജ്വലമായ അകമ്പടിയോടെ ആ വന്നത് അഖിലലോകർക്കും കാരുണ്യദൂതനായ സയ്യിദുനാ മുഹമ്മദുർറസൂലുല്ലാഹി (സ) ആയിരുന്നു എന്ന്. കാറ്റും കോളും കഴിഞ്ഞ് കാലം കൊഴിയുമെങ്കിലും കാലാകാലം അതിലൊന്നായി തിരുപ്രകാശത്തിന് അകമ്പടി സേവിക്കാൻ കിടിലം കൊള്ളിക്കുന്ന ഒരു ലക്ഷ്യം ആണ് വേണ്ടതെന്ന് ഓർമിപ്പിച്ചു.
ഓർമ്മച്ചെപ്പുകളുടെ കൂടാരത്തിൽ അണയാത്ത ദീപം തീർത്ത ഈ ദിനത്തിലെ ഓർമ്മകൾ എനിക്ക്  കോർത്തിടുവാൻ സാധിച്ചു. അൽഹംദുലില്ലാഹ്..